നായകനായി അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റാക്കി മിനിമം ഗ്യാരണ്ടിയുള്ള നടനായി മാറിയിരിക്കുകയാണ് ബേസില്‍ ജോസഫ്. കോമഡിയില്‍ മാത്രം തളച്ചിടപ്പെടാതെ വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്ത് തന്നിലെ നടനെ തേച്ചുമിനുക്കുന്ന ബേസിലിനെയാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി കാണാന്‍ സാധിക്കുന്നത്.
ബേസില്‍ ജോസഫ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മരണമാസ്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ രീതികളും ബേസിലിന്റെ ഗെറ്റപ്പും വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. കോമഡിയുടെ പശ്ചാത്തലത്തില്‍ ആനുകാലിക സംഭവങ്ങളെപ്പറ്റി സംസാരിക്കുന്ന ചിത്രമാണ് മരണമാസെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നു.
ബേസിലിന്റെ കഥാപാത്രം നാട്ടില്‍ കലഹമുണ്ടാക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന വ്യത്യസ്തനായ സൈക്കോയാണെന്നും ട്രെയ്‌ലറില്‍ പറയുന്നുണ്ട്. ‘അമ്പലക്കുളത്തില്‍ ഹലാല്‍ ചിക്കന്റെ കുടല്‍ കൊണ്ടുപോയി അത് വെച്ച് മീന്‍പിടിച്ച് നാട്ടില്‍ വര്‍ഗീയ കലാപമുണ്ടാക്കിയവന്‍’ എന്നാണ് ബേസിലിനെക്കുറിച്ച് മറ്റ് കഥാപാത്രങ്ങള്‍ പറയുന്നത്.
അതുമാത്രമല്ല പൊലീസ് സ്റ്റേഷന്‍ ഒ.എല്‍.എക്‌സിലിട്ട് വില്‍ക്കാന്‍ നോക്കുകയും ചെയ്തിട്ടുണ്ടെന്ന് പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വൈറലായ പല സംഭവങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കല്യാണം മുടക്കുന്നവരെ പൊതുവഴിയില്‍ നിന്ന് മൈക്കിലൂടെ തെറിവിളിക്കുന്നതെല്ലാം ചിത്രത്തിലുണ്ട്.
ബേസിലിന് പുറമെ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സുരേഷ് കൃഷ്ണ, രാജേഷ് മാധവന്‍, ബാബു ആന്റണി, സിജു സണ്ണി തുടങ്ങിയവരാണ് ചിത്രത്തിലുള്ളത്. ഐ ആം കാതലനിലൂടെ ശ്രദ്ധേയായ അനിഷ്മയാണ് ചിത്രത്തിലെ നായിക. 2K ജനറേഷനിലുള്ളവര്‍ക്ക് വളരെയധികം കണക്ടാകുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ആദ്യം മുതലേ അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്ക് സൂചന നല്‍കിയിരുന്നു.
ടൊവിനോ തോമസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ സിനിമയിലേക്കെത്തിയ സിജു സണ്ണിയാണ് മരണമാസിന്റെ രചന. സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നാരജ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വിഷു റിലീസായെത്തുന്ന ചിത്രം ഏപ്രില്‍ 10ന് തിയേറ്ററുകളിലെത്തും.
Content Highlight: Maranamass movie trailer out now