മരക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ഡിസംബര്‍ 2ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
യാതൊരു വിധത്തിലുള്ള ഉപാധികളുമില്ലാതെയാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിനമാ സംഘടനയുടെ പ്രതിനിധികളായ ഷാജി എന്‍. കരുണ്‍, സുരേഷ് കുമാര്‍ വിജയകുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമയുടെ നിര്‍മാതാവായ ആന്റണി പെരുമ്പാവൂര്‍ സാമ്പത്തിക പ്രശ്‌നങ്ങളുടെ ഭാഗമായാണ് ചിത്രം ഒ.ടി.ടിക്ക് കൈമാറുന്നതിനെ കുറിച്ച് ചിന്തിച്ചതെന്നും എന്നാല്‍ മലയാള സിനിമയുടെ നിലനില്‍പിന് വേണ്ടിയും കേരളത്തില്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ജീവിതം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും പരിഗണിച്ച് അദ്ദേഹം ഇപ്പോള്‍ ചെയ്തിട്ടുള്ളത് വലിയൊരു വിട്ടുവീഴ്ചയാണെന്നും മന്ത്രി പറഞ്ഞു.
സിനിമയുടെ ഭാഗമായി സംവിധായകന്‍ പ്രിയദര്‍ശനും നടന്‍ മോഹന്‍ലാലും സര്‍ക്കാരുമായി ആത്മാര്‍ത്ഥമായാണ് സഹകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തിയേറ്റര്‍ റിലീസിനു ശേഷമാകും ചിത്രം ഒടിടിയില്‍ പുറത്തിറങ്ങുക. സാധാരണ തിയറ്റര്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 42 ദിവസത്തിനു ശേഷമാണ് ഒ.ടി.ടിക്കു നല്‍കുന്നത്.