കൊച്ചി: മലയാള സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ചരിത്രപശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയ്ക്ക് ഇതിനോടകം ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ ഷൂട്ടിംഗിനെക്കുറിച്ചും സംവിധായകന്‍ പ്രിയദര്‍ശനെക്കുറിച്ചും സംസാരിക്കുകയാണ് എഡിറ്റര്‍ അയ്യപ്പന്‍ നായര്‍. ബിഹൈന്‍ഡ് വുഡ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അയ്യപ്പന്‍ നായരുടെ പ്രതികരണം.
മരക്കാര്‍ സിനിമയുടെ ആശയം ഉരുത്തിരിഞ്ഞ സമയം മുതല്‍ താന്‍ പ്രിയദര്‍ശനോടൊപ്പമുണ്ടെന്ന് പറയുകയാണ് അയ്യപ്പന്‍ നായര്‍. ഷൂട്ടിംഗിന് മുന്‍പുണ്ടാക്കിയ സ്‌കെച്ചിനേക്കാള്‍ മികച്ച രീതിയിലാണ് മരക്കാര്‍ പൂര്‍ത്തിയായതെന്നും അദ്ദേഹം പറയുന്നു.
‘കടലിലുള്ള ഒരു സീക്വന്‍സ് ഉണ്ട്. ഇത് ഷൂട്ട് ചെയ്യുന്നതിനായി സ്‌റ്റോറി ബോര്‍ഡൊക്കെ ചെയ്ത്, ഷോട്ട് ഒക്കെ പ്ലാന്‍ ചെയ്ത് പോയി. ഒരു 30 ഷോട്ടാണ് ഏകദേശം തീരുമാനിച്ചതെന്ന് വെക്കൂ. പ്രിയന്‍ സര്‍ അവിടെ ചെന്നിട്ട് പറഞ്ഞു ഞാന്‍ എക്‌സ്ട്രാ കുറച്ച് ഷോട്ടുകളെടുക്കുമെന്ന്. എത്ര ഷോട്ട്? ഒരു 35 ഷോട്ട്. അതാണ് പ്രിയന്‍ സാര്‍,’ അയ്യപ്പന്‍ നായര്‍ പറയുന്നു.
പ്രിയദര്‍ശന്‍ ഷൂട്ട് ചെയ്യുന്നത് തന്നെ എഡിറ്റ് ചെയ്തിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്റ്‌റര്‍ടൈന്‍മെന്‍ഡ്, കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് എന്നീ ബാനറുകളില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
100 കോടി രൂപയാണ് ബജറ്റ്. വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, മുകേഷ്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.