കുറുപ്പും ഒ.ടി.ടിയില്‍ പോകുമായിരുന്നു, തിയേറ്ററിലെത്തിയത് മമ്മൂട്ടിയും ദുല്‍ഖറും സഹകരിച്ചതുകൊണ്ട്; മരക്കാര്‍ എന്ന് പറഞ്ഞ് ഒരു ജീവിതം മുഴുവന്‍ ഇരിക്കാനാവില്ലെന്നും ഫിയോക്ക്
Malayalam Cinema
കുറുപ്പും ഒ.ടി.ടിയില്‍ പോകുമായിരുന്നു, തിയേറ്ററിലെത്തിയത് മമ്മൂട്ടിയും ദുല്‍ഖറും സഹകരിച്ചതുകൊണ്ട്; മരക്കാര്‍ എന്ന് പറഞ്ഞ് ഒരു ജീവിതം മുഴുവന്‍ ഇരിക്കാനാവില്ലെന്നും ഫിയോക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd November 2021, 1:09 pm

മോഹന്‍ലാല്‍ ചിത്രം മരക്കാര്‍, അറബിക്കടലിന്റെ സിംഹം തിയേറ്റര്‍ റിലീസ് ഉണ്ടാവാന്‍ ഇനി ഒരു സാധ്യതയും കാണുന്നില്ലെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍.

മരയ്ക്കാര്‍ ഒ.ടി.ടി റിലീസ് തന്നെയായിരിക്കുമെന്ന ഫിലിം ചേബര്‍ പ്രസിഡന്റ് സുരേഷ് കുമാറിന്റെ പ്രഖ്യാപനത്തോടെ തിയറ്റേര്‍ റിലീസ് എന്ന ഉടമകളുടെ പ്രതീക്ഷകള്‍ അസ്തമിച്ചെന്നും വിജയകുമാര്‍ റിപ്പോര്‍ട്ടര്‍ ടി.വിയോട് പ്രതികരിച്ചു.

മരക്കാര്‍ എന്ന് പറഞ്ഞ് ഒരു ജീവിതം മുഴുവന്‍ ഇരിക്കാനാവില്ലെന്നും മറ്റ് സിനിമകളും പ്രെഡ്യൂസേഴ്സുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമാ നിര്‍മാതാവ് ആന്റണി പെരൂമ്പാവൂര്‍ ഒരാഴ്ച മുന്‍പ് എല്ലാ തിയറ്ററുടമകളുടെ അക്കൗണ്ടിലേക്കും പൈസ തിരിച്ചടച്ചിരുന്നു.

അതിനു ശേഷം ഫിലിം ചേംബര്‍ പ്രസിഡന്റുകൂടി ആ വിഷയം ഇനി ചര്‍ച്ച ചെയ്യേണ്ടെന്ന് അറിയിച്ചപ്പോള്‍ ആ പണം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരിക്കാം. 15 കോടി നല്‍കാമെന്ന് നേരത്തെ പറഞ്ഞെങ്കിലും ഇനി പണം ഉണ്ടാവുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും വിജയകുമാര്‍ പറഞ്ഞു.

ക്രിസ്മസിന് വേറെ സിനിമകള്‍ തിയറ്ററില്‍ എത്തിക്കുന്നതും മറ്റു സിനിമകള്‍ ചാര്‍ട്ട് ചെയ്യുന്നതിനെ പറ്റിയുമുള്ള തിരക്കിലാണ് നിലവില്‍ ഫിയോക്.

കുറുപ്പ് എന്ന ചിത്രത്തിലൂടെ തിയേറ്ററുകള്‍ വീണ്ടും സജീവമാകുമെന്ന പൂര്‍ണ പ്രതീക്ഷയുണ്ട്. കുറുപ്പും ഒ.ടി.ടിയിലേക്ക് പോകാന്‍ തീരുമാനിച്ച പടമായിരുന്നു. എന്നാല്‍ മമ്മൂട്ടിയും ദുല്‍ഖറും അതിന്റെ നിര്‍മാതാക്കളുമെല്ലാം സഹകരിച്ചതോടെ ആ പടം തിയേറ്ററില്‍ എത്തി.

കേരളത്തില്‍ നാളെയോടു കൂടി തന്നെ ഏകദേശം 99 ശതമാനം തിയറ്ററുകളും വര്‍ക്കിങ് കണ്ടീഷന്‍ ആവുന്നുണ്ട്. നാളെ രജനികാന്തിന്റെയും വിശാലിന്റെ പടവുമുണ്ട്. അതോടൊപ്പം തന്നെ തുടര്‍ച്ചയായി ദുല്‍ഖറിന്റെ പടവും വന്നാല്‍ തിയറ്ററുകളില്‍ പൂര്‍ണമായും ഒരു ചലനമുണ്ടാവുമെന്നാണ് തങ്ങളുടെ വിശ്വാസമെന്നും വിജയകുമാര്‍ പറഞ്ഞു.

മരക്കാര്‍ എന്ന സിനിമ തീര്‍ത്തും തങ്ങളുടെ മനസില്‍ നിന്നും പോയെന്നും ചര്‍ച്ചയില്‍ ഇനി പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Marakkar Release and kurup Movie Feuok President Comment