|

മരയ്ക്കാര്‍ തിയേറ്ററിലേക്കില്ല, ഒ.ടി.ടിയില്‍ തന്നെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസ് തന്നെ ആയിരിക്കുമെന്ന് ഫിലിം ചേംബര്‍. തിയേറ്റര്‍ ഉടമകളുമായുള്ള ചര്‍ച്ചകള്‍ എല്ലാം അവസാനിപ്പിച്ചന്ന് ചേംബര്‍ പ്രസിഡന്റ് ജി. സുരേഷ് കുമാര്‍ പറഞ്ഞു. തിയേറ്റര്‍ ഉടമകള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെന്നാണ് വിമര്‍ശനം.

നഷ്ടം ഉണ്ടായാല്‍ നികത്തണമെന്ന നിര്‍മ്മാതാവിന്റെ ആവശ്യം ഫിയോക് തള്ളിയെന്നും ജി. സുരേഷ് കുമാര്‍ പറഞ്ഞു.

‘ ആരും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത സ്ഥിതിക്ക് എല്ലാം ഇവിടെ വെച്ച് അവസാനിപ്പിക്കുകയാണ്. ചിത്രം ഒ.ടി.ടിയിലേക്ക് പോകും. ഈ ചര്‍ച്ച ചേമ്പര്‍ അവസാനിപ്പിച്ചു. സര്‍ക്കാരിനോടും കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടുണ്ട്. മന്ത്രി സജി ചെറിയാനും കാര്യത്തില്‍ ഇടപെട്ടിരുന്നു. എന്നാല്‍ ഇനിയും ഇത് മുന്നോട്ട് പോകില്ലെന്ന് വ്യക്തമായതോടെ ഇത് ഇവിടെ നിര്‍ത്തുകയാണ്. സര്‍ക്കാരിനോട് ചര്‍ച്ച വേണ്ടെന്ന് ആവശ്യപ്പെട്ടത് ചേംബര്‍ ആണ്’, സുരേഷ്‌കുമാര്‍ പറഞ്ഞു.

മരയ്ക്കാര്‍ റിലീസുമായി ബന്ധപ്പെട്ട തര്‍ക്ക പരിഹാരത്തിന് മന്ത്രി സജി ചെറിയാന്‍ വിളിച്ച യോഗം മാറ്റിവെച്ചിരുന്നു. നിര്‍മ്മാതാക്കളും തിയേറ്റര്‍ ഉടമകളും വന്നു കണ്ടതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലത്ത് വെച്ച് ചര്‍ച്ച നടത്തുവാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ രണ്ടു കൂട്ടരും ഇങ്ങനെ ഒരു ചര്‍ച്ച ആവശ്യമില്ല എന്ന് തീരുമാനിക്കുയായിരുന്നു എന്നും അതുകൊണ്ടാണ് ചര്‍ച്ച വേണ്ടെന്ന് വെച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു.

ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നായിരുന്നു എന്റെ വിശ്വാസം. രണ്ടു കൂട്ടര്‍ക്കും വാശി ഉണ്ടെന്നാണ് കേട്ടത്. അതിനിടയിലേക്ക് നമ്മള്‍ കയറേണ്ട. അവര്‍ തമ്മില്‍ ചര്‍ച്ച നടത്തട്ടെ. ഇനി അവര്‍ ഇടപെടാന്‍ ആവശ്യപ്പെട്ടാല്‍ നമ്മള്‍ ഇടപെടും, മന്ത്രി പറഞ്ഞു.

രണ്ടു ഭാഗത്ത് നിന്നും അവരുടേതായ പിടിവാശിയുണ്ടെന്നും അത് ആവശ്യമില്ലാത്ത പിടിവാശിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രണ്ടു കൂട്ടര്‍ക്കും അവരുടേതായ ബുദ്ധിമുട്ടുകളുണ്ട്. നിര്‍മ്മാതാവ് എന്ന നിലയ്ക്ക് ആന്റണി പെരുമ്പാവൂരിന് കാശ് ലഭിക്കണം. തിയേറ്റര്‍ ഉടമകളെ സംബന്ധിച്ച് ഒരു മെഗാ സ്റ്റാര്‍ ചിത്രം വരുക എന്നത് ആവശ്യമാണ്. അവര്‍ യോജിച്ച് ഒരു തീരുമാനം എടുക്കണം എന്നതാണ് സര്‍ക്കാരിന്റെ ആഗ്രഹം, എന്നായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്.

അതേസമയം ഒ.ടി.ടിയില്‍ ആമസോണ്‍ അടക്കമുള്ള പ്‌ളാറ്റ് ഫോമുകള്‍ മരയ്ക്കാറിന് വെച്ചരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന തുകയാണെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിനൊപ്പം ബോളിവുഡ് തമിഴ് താരങ്ങള്‍ കൂടി ഉള്ളതിനാല്‍ എല്ലാ ഭാഷകളിലും ക്രിസ്തുമസ് കാലത്ത് വമ്പന്‍ റിലീസാണ് ഒ.ടി.ടി പ്ലാറ്റ് ഫോമുകളുടെ ലക്ഷ്യം.

ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ട ഉപാധികളില്‍ മുന്‍കൂര്‍തുകയിലാണ് തര്‍ക്കം നടന്നിരുന്നത്. 40 കോടി എന്ന ആവശ്യം തള്ളിയതിന് പിന്നാലെ പരാമവധി 10 കോടിയെന്നായിരുന്നു ഫിയോക്കിന്റെ മറുപടി. ഒടുവില്‍ ചേംബര്‍ ഇടപെടലില്‍ നിര്‍മ്മാതാവ് മുന്‍കൂര്‍ തുക 25 കോടിയാക്കി. പരമാവധി സ്‌ക്രീനുകള്‍ എന്ന നിര്‍മ്മാതാവിന്റെ ആവശ്യം ഫിയോക് അംഗീകരിച്ചിരുന്നു. റിലീസ് സമയം 500 കേന്ദ്രങ്ങളില്‍ മൂന്നാഴ്ച മരക്കാര്‍ മാത്രം പ്രദര്‍ശിപ്പിക്കാമെന്നായിരുന്നു ഉറപ്പ്. എന്നാല്‍ 10 കോടിക്ക് മുകളില്‍ അഡ്വാന്‍സ് നല്‍കാന്‍ കഴിയില്ലെന്ന് ഫിയോക്ക് വ്യക്തമാക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Marakkar OTT Release