| Thursday, 2nd December 2021, 6:56 pm

Marakkar Review| ദിക്കും ദിശയുമില്ലാത്ത തിരക്കഥയില്‍ മുങ്ങിപ്പോയ മരക്കാര്‍

അന്ന കീർത്തി ജോർജ്

അങ്ങനെ ഒടുവില്‍ മരക്കാര്‍ തിയേറ്ററിലെത്തിയിരിക്കുകയാണ്. പുലര്‍ച്ചെ 12 മണിക്ക് തുടങ്ങിയ ഫാന്‍സ് ഷോ മുതല്‍ തിയേറ്ററുകളില്‍ ആളും ആരവുമായാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എത്തിയിരിക്കുന്നത്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഒരു സിനിമ, അടുത്ത കാലത്ത് ഒരു മലയാളച്ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രൊമോഷന്‍ ലഭിച്ച ഒരു സിനിമ, സിനിമയില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരും ഏറ്റവും മികച്ച കലാസൃഷ്ടി എന്ന് പറഞ്ഞൊരു സിനിമ, പ്രീ ബുക്കിങ്ങില്‍ പോലും റെക്കോര്‍ഡ് സൃഷ്ടിച്ച സിനിമ – ഇങ്ങനെ മരക്കാറിന് വിശേഷണങ്ങള്‍ ഒട്ടനവധിയുണ്ടായിരുന്നു. പക്ഷെ ആ വിശേഷണങ്ങളുടെ വലുപ്പത്തിനൊപ്പം നില്‍ക്കാന്‍ മരക്കാര്‍ എന്ന സിനിമക്കാകുന്നില്ല.

ചിത്രം തുടങ്ങുമ്പോഴുള്ള ഡിസ്‌ക്ലെയ്മറില്‍ പറയുന്നതു പോലെ തന്നെ, ഒരു ചരിത്ര സിനിമയല്ല മരക്കാര്‍. ഒരു ഘട്ടത്തിലും മറിച്ചൊരു തോന്നല്‍ സിനിമ ഉണ്ടാക്കിയിട്ടുമില്ല. കേരള ചരിത്രത്തില്‍ എവിടെയൊക്കയോ ജീവിച്ചിരുന്ന കുറെ കഥാപാത്രങ്ങളെ അധികരിച്ച് പ്രിയദര്‍ശന്‍, അദ്ദേഹം പറഞ്ഞതുപോലെ, തനിക്ക് മനസില്‍ തോന്നിയ ഒരു കുഞ്ഞാലിയുടെ കഥ പറഞ്ഞു. അല്ല, പറയാന്‍ ശ്രമിച്ചു.

മരക്കാറിന്റെ കഥയിലേക്കും തിരക്കഥയിലേക്കും അഭിനയത്തിലേക്കും സംവിധാനത്തിലേക്കുമൊക്കെ കടക്കും മുന്‍പ്, ചിത്രത്തിലെ വി.എഫ്.എക്‌സ്, ആര്‍ട്ട് ഡയറക്ഷന്‍ എന്നിവയെ കുറിച്ച് സംസാരിക്കണം. കാരണം അതേ കുറിച്ചായിരുന്നല്ലോ ഏറ്റവും കൂടുതല്‍ വാര്‍ത്തകളുണ്ടായിരുന്നത്.

കടലില്‍ നടക്കുന്ന ഒരേയൊരു സംഘട്ടരംഗത്തില്‍ മാത്രമാണ് കൊട്ടിഘോഷിച്ച സാങ്കേതിവിദ്യ പാടവം കുറച്ചെങ്കിലും കാണാനായത്. സിനിമയില്‍ മൊത്തത്തില്‍ അല്‍പമെങ്കില്‍ ആസ്വദിക്കാന്‍ കഴിഞ്ഞതും ഈ സീനുകള്‍ തന്നെ.

മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്തവിധമുള്ള സാങ്കേതിക മികവുണ്ടെന്ന് അവകാശപ്പെടാമെങ്കിലും, കണ്ടിന്യുവിറ്റിയിലും എഡിറ്റിങ്ങിലും വന്ന പാകപ്പിഴകളും സംവിധാനത്തിലെ അപാകതകളും മൂലം ഈ രംഗങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നില്ല. കുഞ്ഞാലിയും എളാപ്പയുമുള്ള ആദ്യത്തെ കടല്‍ സീനാണെങ്കിലോ, കുറെ ഇടിമിന്നലും തിരയിളക്കലും ഒച്ചപ്പാടുമുണ്ടാക്കി എന്നല്ലാതെ ഒരു ടെക്‌നിക്കല്‍ ബ്രില്യന്‍സും ആസ്വാദനത്തില്‍ തരാനുമായില്ല.

സ്‌പെഷ്യല്‍ ഇഫക്ട്‌സ് പോലെ തന്നെയായിരുന്നു ചിത്രത്തിലെ പ്രൊഡക്ഷന്‍ ഡിസൈനും ആര്‍ട്ട് ഡയറക്ഷനും. സെറ്റിട്ടു വെച്ചിരിക്കുന്നു എന്ന പ്രതീതി നല്‍കാതിരുന്ന അപൂര്‍വ്വം ചില സ്ഥലങ്ങളില്‍ മാത്രമാണുണ്ടായിരുന്നത്. കൊട്ടാരങ്ങളായാലും കോട്ടകളായാലും ചന്തകളായാലുമെല്ലാം കൃത്രിമത്വം പടച്ചട്ടകളിലും ആയുധങ്ങളിലുമൊക്കെ ഇതേ കൃത്രിമത്വം കാണാമായിരുന്നു.

വസ്ത്രങ്ങളിലും ഓരോ കഥാപാത്രത്തിന്റെയും വിഗ്ഗിലും താടിയിലും വരെ വലിയ അപാകതകളുള്ളതായി തോന്നിയിരുന്നു. ചുരുണ്ട മുടിയുള്ള വിഗായിരുന്നുവെന്ന തോന്നുന്നു ഇപ്രാവശ്യം പ്രിയദര്‍ശന്റെയും മേക്കപ്പ് ടീമിന്റെയും പ്രധാന ആകര്‍ഷണം. കുഞ്ഞാലിക്കും സാമൂതിരി ടീമിലെ മറ്റുള്ളവര്‍ക്കും മുതല്‍ ചൈനീസ് കഥാപാത്രത്തിന് വരെ ചുരുണ്ട മുടി വെച്ചൊരു കളിയായിരുന്നു. രാജാക്കന്മാരുടെയും റാണിമാരുടെയും കഥ പറയുന്ന സീരിയലുകളെയോ നാടകങ്ങളെയോ ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു ഇവയെല്ലാം.

കാലങ്ങളായി ബ്രിട്ടീഷുകാര്‍ എന്നു പറഞ്ഞു മലയാള സിനിമയില്‍ കാണിക്കുന്ന ചുവപ്പും വെള്ളയും കോട്ടും സ്യൂട്ടില്‍ ചെറിയൊരു വ്യത്യാസം വരുത്തി നീലയാക്കി എന്നതൊഴിച്ചാല്‍ പോര്‍ച്ചുഗീസുകാരുടെ കാര്യത്തിലും വലിയ വ്യത്യാസമൊന്നുമില്ല. പിന്നെ, പോര്‍ച്ചുഗീസുകാര്‍ എന്തിനാണ് അവര്‍ തമ്മിലും മലയാളികളോടും കഷ്ടപ്പെട്ട് ഇംഗ്ലീഷ് സംസാരിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലായിരുന്നില്ല.

ഇതേ സംശയം തോന്നിയവരില്‍ നിന്നോ ഉത്തരം കിട്ടിയവരില്‍ നിന്നോ ഈ സംശയത്തിനൊരു മറുപടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍. മരക്കാറെ കുറിച്ച് ഇത്തരത്തിലുള്ള സംശയങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയാല്‍ കുറെയുണ്ടാകുമെന്നതുകൊണ്ട് അതങ്ങ് വിടാം.

ഇതൊക്കെയാണോ ഒരു സിനിമയെ കുറിച്ച് പറയേണ്ടതെന്ന് ചോദിക്കാന്‍ തോന്നുമായിരിക്കാം. പക്ഷെ മറ്റൊന്നിനെ കുറിച്ചും കാര്യമായി സംസാരിക്കാനില്ല എന്നതാണ് സത്യം.

സിനിമയുടെ കഥയിലേക്കും തിരക്കഥയിലേക്കും വന്നാല്‍, സിനിമ കുഞ്ഞാലി മരക്കാര്‍ എന്ന വ്യക്തിയോടും ചരിത്രത്തോടും നീതി പുലര്‍ത്തിയോ എന്ന കാര്യത്തില്‍ ചരിത്രകാരന്മാരുടെ അഭിപ്രായം വരാന്‍ കാത്തിരിക്കേണ്ടി വരും. സിനിമാറ്റിക് സെന്‍സില്‍ മാത്രം നോക്കിയാല്‍ മികച്ചതെന്ന് വിളിക്കാന്‍ സാധിക്കുന്ന കഥയോ തിരക്കഥയോ സംഭാഷണങ്ങളോ മരക്കാറിലില്ല.

നല്ലൊരു യുദ്ധച്ചിത്രമെന്നോ ഇമോഷണല്‍ ഡ്രാമയെന്നോ മരക്കാറിനെ വിളിക്കാന്‍ പറ്റില്ല. വളരെ പ്രെഡിക്ടബിളായ, ഒരു ത്രില്ലും ചടുലതയും തരാത്ത തിരക്കഥയാണ് മരക്കാറിനെ ശരാശരി നിലവാരത്തിനും താഴെയെത്തിക്കുന്ന ഘടകമെന്ന് പറയാം.

കുറെ ചതികളും പരസ്പരമുള്ള കമ്യൂണിക്കേഷന്‍ ഗ്യാപ്പും തെറ്റിദ്ധാരണകളുമാണ് മൊത്തത്തില്‍ മരക്കാറിന്റെ പ്ലോട്ട്. കുഞ്ഞാലിയുടെ ജീവിതത്തില്‍ തുടക്കം മുതല്‍ അവസാനം വരെ നടക്കുന്നത് ഇതൊക്കെയാണ്. ചിത്രത്തിലെ ഒരു സ്റ്റോറി ലൈനിലും പുതുമയില്ലെന്ന് മാത്രമല്ല, ചിത്രത്തിലെ കുഞ്ഞാലിയുടെയും ആയിഷയുടെയും പ്രണയവും ആര്‍ച്ചയുടെയും ചിന്നാലിയുടെയും പ്രണയവുമെല്ലാം ചിത്രീകരിച്ചിരിക്കുന്നത് കട്ട ക്രിഞ്ച് ഫീലായിരുന്നു തന്നത്. പാട്ടുകളും അത്തരത്തിലുള്ളതായിരുന്നു. പ്രിയദര്‍ശന്റെ പഴയച്ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒരുപാട് രംഗങ്ങള്‍ ഈ ഭാഗങ്ങളിലുണ്ടായിരുന്നു.

മണ്ണിനെയും പെണ്ണിനെയും കാക്കുക, നീ ചെരയ്ക്കും എന്ന് വില്ലനോട് പറയുക തുടങ്ങിയ ഡയലോഗുകളൊക്കെ പ്രിയദര്‍ശന് ഇനിയും ഇന്നത്തെ നൂറ്റാണ്ടിലേക്കുള്ള വണ്ടി കിട്ടിയിട്ടില്ലെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു. പക്ഷെ അത്തരത്തില്‍ ആഴത്തിലുള്ള വായനകള്‍ക്കായി ഈ സിനിമ കണ്ട പ്രേക്ഷകര്‍ സമയം ചെലവാക്കുന്നത് അടുത്തൊരു പാഴ്‌ച്ചെലവായിരിക്കും.

കുഞ്ഞാലിയുടെ ‘ബെട്ടിയിട്ട ബായത്തണ്ട്’ ഡയലോഗെല്ലാം കിളിച്ചുണ്ടന്‍ മാമ്പഴം ലെവല്‍ പെരുപ്പിച്ച് കാണിക്കലാണെന്ന് ഇപ്പോള്‍ തന്നെ വിമര്‍ശനങ്ങള്‍ വന്നുകഴിഞ്ഞു. മാത്രമല്ല, കുഞ്ഞാലിയുടെയും മറ്റുള്ളവരുടെയും സംസാരശൈലിയില്‍ കണ്ടിന്യൂവിറ്റിയില്ലാത്തതും ഒരേ നാട്ടില്‍ ഒരേ കാലഘട്ടത്തില്‍ താമസിക്കുന്ന വ്യത്യസ്ത കഥാപാത്രങ്ങളുടെ സംഭാഷണശൈലികള്‍ ഓരോന്നും ഓരോ ധ്രുവങ്ങളില്‍ നില്‍ക്കുന്ന തരത്തിലുള്ളതും കല്ലുകടിയാണ്.

ഇനി പെര്‍ഫോമന്‍സിലേക്ക് വന്നാല്‍, ഒരു അഭിനേതാവിന്റെയും പ്രകടനം മനസില്‍ നില്‍ക്കുന്നതല്ലായിരുന്നു. അമ്മ സംഘടനയുടെ വാര്‍ഷികാഘോഷത്തെ ഓര്‍മ്മിപ്പിക്കും പോലെ, നടീനടന്മാരുടെ തിക്കിതിരക്കാണ് സിനിമയില്‍. ഭാഗ്യമുള്ളോര്‍ക്ക് ഡയലോഗ് പറയാന്‍ കിട്ടിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ മിന്നായം പോലെ വന്നുപോയി. അല്ലേല്‍ കുറച്ച് സമയം തല കാണിച്ചു പോയി അത്രേയുള്ളു.

ട്രെയ്‌ലര്‍ വന്നപ്പോള്‍ ഏറ്റവും ചര്‍ച്ചയായ കുഞ്ഞാലിയുടെ ആ നോട്ടം വരുന്ന ഭാഗത്തില്‍ മാത്രമാണ് മോഹന്‍ലാല്‍ എന്ന നടനെ കാണാന്‍ സാധിച്ചത്. ഇമോഷണല്‍ രംഗങ്ങളില്‍ എത്രയോ തവണ മലയാളിയെ കണ്ണീരണിയിപ്പിച്ച മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാറെ കണ്ടപ്പോള്‍ സങ്കടം തോന്നിയിരുന്നു, അത് പക്ഷെ അഭിനയമികവ് കൊണ്ടല്ലെന്ന് മാത്രം.

പ്രഭുവിന്റെ കഥാപാത്രത്തിന്റെ കോമഡി കുറെ പഴകിയതായിരുന്നെങ്കിലും ചിലയിടത്ത് ഒരു രസം തോന്നിയിരുന്നു. സിദ്ദിഖും മഞ്ജു വാര്യരുമെല്ലാം എന്തിനോ വേണ്ടി തിളക്കുകയായിരുന്നു. ഹരീഷ് പേരടിയുടെ മങ്ങാട്ടച്ചനെ കണ്ടപ്പോള്‍ കൈതേരി സഹദേവനെ ഓര്‍മ്മ വന്നുകൊണ്ടേയിരുന്നു. ഇങ്ങനെയെടുത്താല്‍ ഈ നിര നീണ്ടുപോകും

കൂട്ടത്തില്‍ കുറച്ചെങ്കിലും ഭംഗിയായി എന്ന് തോന്നിയത് പ്രണവ് മോഹന്‍ലാലിന്റെ പ്രകടനമായിരുന്നു. നിഷ്‌കളങ്കതയും വിഷമവുമൊക്കെ വലിയ തെറ്റില്ലാത്ത പ്രണവ് അഭിനയിച്ചിട്ടുണ്ട്. നെടുമുടി വേണുവും അര്‍ജുനും അശോക് സെല്‍വനും പ്രതീക്ഷ നഷ്ടപ്പെടുത്തിയിട്ടില്ല.

പിന്നെ ഏതെങ്കിലും അഭിനേതാവ് മോശമാക്കി എന്ന് മരക്കാര്‍ എന്ന സിനിമയെ കുറിച്ച് പറയുന്നത് ശരിയായ ഒരു വിലയിരുത്തലായിരിക്കില്ല. കാരണം തിരക്കഥയും സംവിധാനവും അത്രമേല്‍ മോശമായിരിക്കുന്ന ചിത്രത്തില്‍ അഭിനേതാക്കളുടെ പ്രകടനം ഇത്തരതിലായില്ലെങ്കിലേ അത്ഭുതമുള്ളു.

ചുരുക്കിപ്പറഞ്ഞാല്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഒരു സ്പൂഫായിരുന്നെങ്കില്‍ എത്ര നന്നാകുമായിരുന്നെന്ന് തിയേറ്ററിലിരുന്നപ്പോള്‍ പല തവണ തോന്നിപ്പോയി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Marakkar Movie Review| Mohanlal, Priyadarshan

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more