| Thursday, 27th May 2021, 3:18 pm

ലാലേട്ടന്‍ അന്ന് പേര് പറഞ്ഞ് വിളിച്ചപ്പോള്‍ ഞെട്ടിപ്പോയി; മരയ്ക്കാറിന്റെ സംഗീത സംവിധായകന്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മരക്കാര്‍ എന്ന ചിത്രത്തില്‍ സംഗീതം ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് സംഗീത സംവിധായകന്‍ റോണി റാഫേല്‍. മരക്കാര്‍ പോലൊരു വലിയ ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നും റോണി വെളളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഞാനും വളരെ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ആരായിരിക്കും മരക്കാറിലെ സംഗീത സംവിധായകന്‍ എന്ന്. എ.ആര്‍ റഹ്‌മാനെ പോലെ പ്രഗത്ഭന്മാരാകും എന്ന് കരുതി ഇരിക്കുമ്പോഴാണ് ഈ അവസരം എന്റെ കൈകളിലേക്ക് എത്തുന്നത്. ദൈവം തന്ന ഭാഗ്യമായാണ് ഈ അവസരത്തെ കാണുന്നത്. പ്രിയന്‍ സാറിനോടാണ് അതിന്റെ എല്ലാ കടപ്പാടും നന്ദിയും.

അദ്ദേഹത്തിന്റെ തന്നെ ഒരു ഹിന്ദി സിനിമയില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മരക്കാറിലേക്ക് രണ്ട് ഗാനങ്ങള്‍ കംപോസ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നത്. അങ്ങനെ രണ്ട് പാട്ടില്‍ തുടങ്ങി മരക്കാറിലെ അഞ്ചോളം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി, റോണി പറഞ്ഞു.

മരക്കാര്‍ ചിത്രീകരണത്തിനിടയിലൊന്നും ലാലേട്ടനെ നേരില്‍ കാണാന്‍ സാധിച്ചിരുന്നില്ലെന്നും റോണി പറയുന്നു. ലാലേട്ടന്‍ തന്നെ അഭിനയിച്ച നീരാളി എന്ന ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴാണ് അവസാനമായി ലാലേട്ടനെ കാണുന്നതും സംസാരിക്കുന്നതും.

ലാലേട്ടനെ പോലെ ഇന്ത്യ കണ്ട മികച്ച നടന്‍ അന്ന് എന്നെ പേര് പറഞ്ഞ് വിളിച്ചപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ചിത്രത്തില്‍ സംഗീതം ചെയ്യാന്‍ അവസരം ലഭിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ അത് നടക്കാതെ പോകുകയായിരുന്നു. ഇതിന് മുന്‍പ് ഒരു ഷോയുമായി ബന്ധപ്പെട്ട് ലാലേട്ടനൊപ്പം ദുബായിയിലും പോയിട്ടുണ്ട്, റോണി പറഞ്ഞു.

പ്രിയന്‍ സാറിന്റെ ഹിന്ദി ചിത്രം സി 5ല്‍ റിലീസ് ചെയ്ത അനാമികയ്ക്ക് വേണ്ടി സംഗീതം ചെയ്യുമ്പോഴാണ് മരക്കാറിന് വേണ്ടി സംഗീതം ചെയ്യണമെന്ന് ആവശ്യപ്പെടുന്നതെന്നും അനാമികയ്ക്ക് വേണ്ടി ചെയ്ത സംഗീതം പ്രിയന്‍ സാര്‍ കേട്ടിരുന്നെന്നും തുടര്‍ന്നാണ് മറക്കാറില്‍ രണ്ട് ഗാനങ്ങള്‍ താന്‍ ചെയ്യണമെന്ന് ആവശ്യപ്പെടുന്നതെന്നും റോണി പറഞ്ഞു.

പ്രിയന്‍ സാര്‍ പറഞ്ഞപ്പോള്‍ ആദ്യം എനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. ശരിക്കും എന്നെ തന്നെ ഉദ്ദേശിച്ച് പറഞ്ഞതാണോ എന്നൊരു തോന്നല്‍ ഉണ്ടായി. ഇത്രയും വലിയൊരു ക്യാന്‍വാസില്‍ ഒരുങ്ങിയ ചിത്രം. വിവിധ ഭാഷകളില്‍ റിലീസ് ചെയ്യുന്നു. സ്വാഭാവികമായും ഒരു പരിഭ്രമമുണ്ടായിരുന്നു. വിവിധ ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രമായതിനാല്‍ സംഗീതം എല്ലാവര്‍ക്കും ഇഷ്ടപ്പെടുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു. പക്ഷെ പ്രിയന്‍ സാര്‍ വളരെ കൂള്‍ ആയിരുന്നു, റോണി പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Marakkar Movie Composer Ronnie Raphael about Mohanlal and Priyadarshan

We use cookies to give you the best possible experience. Learn more