| Friday, 26th November 2021, 2:41 pm

ഇറ്റലിയിലും പോളണ്ടിലും അര്‍മേനിയയിലും ഫാന്‍സ് ഷോ; അതിര്‍ത്തികള്‍ കടന്ന് മരക്കാര്‍ കുതിക്കുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മരക്കാറുടെ പടയോട്ടത്തിന് ഇനി ആറ് നാള്‍ മാത്രം ബാക്കി നില്‍ക്കേ ആരാധകര്‍ക്ക് ആവേശമായി അതിര്‍ത്തികള്‍ കടന്നും ഫാന്‍സ് ഷോകള്‍. കേരളത്തില്‍ മാത്രം 850ലധികം ഫാന്‍സ് ഷോ ചാര്‍ട്ട് ചെയ്ത് റെക്കോഡിട്ട മരക്കാര്‍ പുതിയൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

പോളണ്ടിലും അര്‍മേനിയയിലുമടക്കം ഫാന്‍സ് ഷോ നടത്തിയാണ് ആരാധകര്‍ മരക്കാറിനെ വരവേല്‍ക്കുന്നത്. ഇതുകൂടാതെ ഇറ്റലിയിലെ പ്രധാന നഗരങ്ങളായ റോം, മാള്‍ട്ട എന്നിവിടങ്ങളിലും മരക്കാര്‍ എത്തുന്നുണ്ട്.

സൗദി അറേബ്യയില്‍ ഇതിനോടകം എട്ടു ഫാന്‍സ് ഷോകള്‍ വെച്ച് റെക്കോര്‍ഡ് ഇട്ട ഈ ചിത്രം ഗള്‍ഫില്‍ അഞ്ഞൂറോളം പ്രീമിയര്‍ ഷോകള്‍ കളിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായി അറുപത് രാജ്യങ്ങളിലാണ് പുറത്തിറങ്ങുന്നത്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസായാണ് മരക്കാര്‍ എത്തുന്നത്.

പ്രിയദര്‍ശന്റെ സംവിധാനമികവിലൊരുങ്ങിയ മരക്കാര്‍ ഡിസംബര്‍ 2നാണ് തിയേറ്ററുകളിലേക്കെത്തുന്നത്.

മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് നൂറുകോടിക്കടുത്ത്് മുതല്‍മുടക്കുള്ള ചിത്രം നിര്‍മിക്കുന്നത്.

മോഹന്‍ലാലിനൊപ്പം പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, പ്രഭു, അശോക് സെല്‍വന്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, നെടുമുടി വേണു, മുകേഷ്, ബാബുരാജ്, സുഹാസിനി, ഹരീഷ് പേരാടി, ഗണേഷ് കുമാര്‍, സന്തോഷ് കീഴാറ്റൂര്‍, മാമുക്കോയ, ഇന്നസെന്റ്, മണിക്കുട്ടന്‍, നന്ദു, സുരേഷ് കൃഷ്ണ തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരന്നിട്ടുള്ള ഈ ചിത്രം ഇംഗ്ലീഷിലും റിലീസ് ചെയ്യുന്നുണ്ട്.

തിരുവിന്റെ ഛായാഗ്രഹണത്തിലൊരുങ്ങിയ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് അയ്യപ്പന്‍ നായരാണ്. രാഹുല്‍ രാജിന്റെ പശ്ചാത്തല സംഗീതവും റോണി റാഫേലിന്റെ സംഗീതവുമായി വേറെ ലെവലിലാണ് എത്തുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Marakkar fans show in Poland Italy and Armenia

We use cookies to give you the best possible experience. Learn more