കൊച്ചി: മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ ബിഗ് ബജറ്റ് ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒ.ടി.ടിയില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. തിയേറ്ററില്‍ കൊണ്ടുവരാനുള്ള എല്ലാ സാധ്യതകളും തേടിയെന്നും എന്നാല്‍ ഫലവത്തായില്ലെന്നും ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
21 ദിവസം എല്ലാ തിയേറ്ററുകളിലും പ്രദര്‍ശിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ എല്ലാ തിയേറ്ററുകാരും കരാര്‍ ഒപ്പിട്ടില്ല.
തിയേറ്റര്‍ ഉടമകള്‍ക്ക് അധിക പരിഗണന നല്‍കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
40 കോടി അഡ്വാന്‍സ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ചെയ്ത തെറ്റെന്താണെന്ന് മനസിലാകുന്നില്ലെന്നും ആന്റണി പറഞ്ഞു.
നേരത്തെ മരക്കാര്‍ ഒ.ടി.ടി റിലീസ് തന്നെ ആയിരിക്കുമെന്ന് ഫിലിം ചേംബറും അറിയിച്ചിരുന്നു. തിയേറ്റര്‍ ഉടമകളുമായുള്ള ചര്‍ച്ചകള്‍ എല്ലാം അവസാനിപ്പിച്ചന്ന് ചേംബര്‍ പ്രസിഡന്റ് ജി. സുരേഷ് കുമാര്‍ പറഞ്ഞു. തിയേറ്റര്‍ ഉടമകള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെന്നാണ് വിമര്‍ശനം.
നഷ്ടം ഉണ്ടായാല്‍ നികത്തണമെന്ന നിര്‍മ്മാതാവിന്റെ ആവശ്യം ഫിയോക് തള്ളിയെന്നും ജി. സുരേഷ് കുമാര്‍ പറഞ്ഞു.
മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട തര്‍ക്ക പരിഹാരത്തിന് മന്ത്രി സജി ചെറിയാന്‍ വിളിച്ച യോഗം മാറ്റിവെച്ചിരുന്നു. നിര്‍മ്മാതാക്കളും തിയേറ്റര്‍ ഉടമകളും വന്നു കണ്ടതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലത്ത് വെച്ച് ചര്‍ച്ച നടത്തുവാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ രണ്ടു കൂട്ടരും ഇങ്ങനെ ഒരു ചര്‍ച്ച ആവശ്യമില്ല എന്ന് തീരുമാനിക്കുയായിരുന്നു എന്നും അതുകൊണ്ടാണ് ചര്‍ച്ച വേണ്ടെന്ന് വെച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു.
അതേസമയം ഒ.ടി.ടിയില്‍ ആമസോണ്‍ അടക്കമുള്ള പ്ളാറ്റ് ഫോമുകള്‍ മരക്കാറിന് വെച്ചരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന തുകയാണെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിനൊപ്പം ബോളിവുഡ്, തമിഴ് താരങ്ങള്‍ കൂടി ഉള്ളതിനാല്‍ എല്ലാ ഭാഷകളിലും ക്രിസ്തുമസ് കാലത്ത് വമ്പന്‍ റിലീസാണ് ഒ.ടി.ടി പ്ലാറ്റ് ഫോമുകളുടെ ലക്ഷ്യം.
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്.
ആശിര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്റ്‌റര്‍ടൈന്‍മെന്‍ഡ്, കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് എന്നീ ബാനറുകളില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ്. ടി കുരുവിള, റോയ് .സി.ജെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
100 കോടി രൂപയാണ് ബജറ്റ്. വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, മുകേഷ്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.