| Friday, 3rd December 2021, 8:46 am

മമ്മൂട്ടിയെ വെച്ച് മരക്കാര്‍ സിനിമയെടുക്കണം: എം.എ. നിഷാദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ സിനിമയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ എം.എ. നിഷാദ്. കുഞ്ഞാലി മരക്കാറായി മോഹന്‍ലാല്‍ നല്ല പ്രകടനം കാഴ്ചവെച്ചെന്നും പ്രിയദര്‍ശന്റെ ചിന്തകളില്‍ നിന്ന് രൂപപ്പെട്ട സിനിമയാണിതെന്നും നിഷാദ് പറഞ്ഞു.

കുഞ്ഞാലി മരക്കാറുടെ ചരിത്രം ഇനിയും സിനിമായാക്കാമെന്നും നല്ല ഒരു തിരക്കഥയുണ്ടെങ്കില്‍ സന്തോഷ് ശിവന്‍-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരു സിനിമ ആലോചിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ചില അപാകതകള്‍ നമ്മള്‍ കണ്ടില്ല എന്ന് നടിക്കുകയും അതിന്റെ തെറ്റുകള്‍ ഉച്ചത്തില്‍ വിളിച്ചുപറയാതിരിക്കലും ഈ കാലത്ത് സിനിമാ മേഖലയുടെ ആവശ്യമാണ്,’ നിഷാദ് പറഞ്ഞു.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഡിസംബര്‍ രണ്ടിനാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം പുറത്തിറങ്ങിയത്. വന്‍ പ്രതീക്ഷയോടെ ഇറങ്ങിയ ചിത്രത്തിന് മോശം പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മരക്കാറിനെതിരെ വ്യാപകമായ ഡീഗ്രേഡിങ് നടക്കുന്നുവെന്നും ആരോപണമുണ്ട്. സിനിമയെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ പ്രചരണം നടക്കുന്നുണ്ടെന്നാണ് ആക്ഷേപം.

മോഹന്‍ലാല്‍ നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.

എം.എ. നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘മരക്കാര്‍ കണ്ടു. മകനോടൊപ്പം. ഇതൊരു ചരിത്ര സിനിമയല്ല. ഇത് സംവിധായകന്റെ ചിന്തകളില്‍ നിന്നും രൂപപ്പെട്ടതാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ വിമര്‍ശിക്കുന്നവര്‍ അതും കൂടി കണക്കിലെടുക്കണം. കുഞ്ഞാലി മരക്കാറായി മോഹന്‍ലാല്‍, നല്ല പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. അഭിനേതാക്കള്‍ എല്ലാവരും തന്നെ അവരവരുടെ ഭാഗം നന്നായി ചെയ്തിട്ടുണ്ട്. ഒരു വിഷ്വല്‍ ട്രീറ്റ് തന്നെയാണ് കുഞ്ഞാലി മരക്കാര്‍.

സിദ്ധാര്‍ഥ് പ്രിയദര്‍ശനും, ഛായാഗ്രഹകന്‍, തിരുവും, സൗണ്ട് ഡിസൈനര്‍ രാജാകൃഷ്ണനും, പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ആന്റ്‌റണി പെരുമ്പാവൂര്‍ എന്ന നിര്‍മ്മാതാവിന്റ്റേത് കൂടിയാണ് ഈ ചിത്രം എന്ന് പറയാതെ വയ്യ. ചില അപാകതകള്‍ നമ്മള്‍ കണ്ടില്ല എന്ന് നടിക്കുകയും അതിന്റെ തെറ്റുകള്‍ ഉച്ചത്തില്‍ വിളിച്ചുപറയാതിരിക്കലും ഒരുപാടുപേരുടെ പ്രയത്നഫലമായ, അന്നമായ.. കലാസൃഷ്ടികളെ ഇകഴ്ത്താതിരിക്കലും, ഒരു വലിയ സമൂഹം ജീവിച്ചുപോകുന്ന ഈ മേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും കലയെയും കലാകാരന്മാരെയും സ്നേഹിക്കുന്ന ഓരോ വ്യക്തികളുടെയും പക്വമായി പെരുമാറലുകളും അത്യാവശ്യമാണ്.ഈ കാലഘട്ടത്ത്.

കുഞ്ഞാലി മരക്കാര്‍ എന്ന ആദ്യത്തെ സ്വാതന്ത്ര്യ സമര പോരാളിയുടെ ചരിത്രം സിനിമയാക്കാന്‍ ഇനിയും കഴിയും. സന്തോഷ് ശിവന്റ്റെ സംവിധാനത്തില്‍ മമ്മൂട്ടി സാറിനെ വെച്ച് ഒരു ചരിത്ര സിനിമ ആലോചിക്കാവുന്നതാണ്. അതിന് നല്ലൊരു തിരക്കഥയാണ് ആവശ്യം. ഞാന്‍ വീണ്ടും പറയുന്നു. നല്ലൊരു തിരക്കഥയാണാവശ്യം. സന്തോഷ് ശിവന്‍ ആ കാര്യത്തില്‍ രണ്ടാമത് ഒന്നാലോചിക്കുന്നതായിരിക്കും…നല്ലത്’.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Marakkar Arabikkadalinte Simham Mammootty Mohanlal MA Nishad

Latest Stories

We use cookies to give you the best possible experience. Learn more