കൊച്ചി: മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം ആമസോണ്‍ പ്രൈം വാങ്ങിയെന്ന് റിപ്പോര്‍ട്ട്. സിനിമയ്ക്ക് 90 കോടി രൂപയ്ക്ക് മുകളിലാണ് ആമസോണ്‍ പ്രൈം നല്‍കിയതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
90- 100 കോടി രൂപയ്ക്ക് ഇടയില്‍ ചിത്രത്തിനു ലഭിച്ചെന്നാണ് വിവരം. ഇത് ശരിയാണെങ്കില്‍ രാജ്യത്ത് ഒരു സിനിമയ്ക്ക് ഒ.ടി.ടി പ്ലാറ്റ്‌ഫോം നല്‍കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്.
90 കോടിയോളം മുതല്‍മുടക്കിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ആമസോണ്‍ നല്‍കുന്നത് മുതലും കഴിഞ്ഞ് ലാഭമാണ്.
സാറ്റലൈറ്റ് അവകാശത്തിന് ലഭിക്കുന്ന തുകയും കൂടിയാവുമ്പോള്‍ ചിത്രത്തിന്റെ ലാഭം വര്‍ധിക്കും. ഈ തുക നിര്‍മാതാവിനാണ് ലഭിക്കുക.
ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുന്നതിനായി നിരവധി ചര്‍ച്ചകളാണ് സിനിമ സംഘടനകള്‍ നടത്തിയത്. എന്നാല്‍ ഒന്നിലും സമവായമാകാതായതോടെ ഒ.ടി.ടിയ്ക്ക് നല്‍കാന്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തീരുമാനിക്കുകയായിരുന്നു.
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്.
ആശിര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്റ്റര്‍ടൈന്‍മെന്‍ഡ്, കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് എന്നീ ബാനറുകളില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ്. ടി കുരുവിള, റോയ് .സി.ജെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
100 കോടി രൂപയാണ് ബജറ്റ്. വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, മുകേഷ്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ആശിര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന മറ്റ് നാല് മോഹന്‍ലാല്‍ ചിത്രങ്ങള്‍ കൂടി ഒ.ടി.ടിയില്‍ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നു. പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബ്രോ ഡാഡി, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വല്‍ത് മാന്‍ എന്നീ ചിത്രങ്ങള്‍ ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെ റിലീസാവും.
ഈ ചിത്രങ്ങള്‍ക്കൊപ്പം ഷാജി കൈലാസിന്റെ എലോണ്‍, പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയും ഒ.ടി.ടി റിലീസ് ആയിരിക്കുമെന്നാണ് ആന്റണി അറിയിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Marakkar Arabikkadalinte Simham Amazon Prime 90 Crore