കോഴിക്കോട്: മര്‍ക്കസ് 35 ാം വാര്‍ഷികം മനുഷ്യാവകാശ സംരക്ഷണ പ്രഖ്യാപന സമ്മേളനമായി ആചരിച്ചു. മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബുബക്കര്‍ മുസ്‌ലിയാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.[]
“ഉദാത്തമായ രൂപഭംഗിയില്‍ മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ള അള്ളാഹുവിന്റെ നാമത്തിലും അറഫാ മൈതാനിയില്‍ മനുഷ്യാവകാശ പ്ര്ഖ്യാപനങ്ങളുടെ പ്രൗഢമായ ആവിഷ്‌കാരം നടത്തിയ മുഹമ്മദ് നബി(സ) ഓര്‍മയിലും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു, ജന്മം കൊണ്ട് ഭാരതീയനും വിശ്വാസം കൊണ്ട് മുസല്‍മാനും കര്‍മബന്ധങ്ങള്‍ കൊണ്ട് ലോകപൗരനുമായ ഞാന്‍ സര്‍വ മനുഷ്യനേയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എല്ലാ മനുഷ്യരുടേയും രക്തവും ധനവും അഭിമാനവും പാവനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ പാവനതയ്ക്ക് ഭംഗം വരുത്തുന്ന ഒന്നും എന്റെ ചിന്തയിലോ സംസാരത്തിലോ പ്രവര്‍ത്തിയിലോ ഉണ്ടാവുകയില്ലെന്ന് ഞാന്‍ ആണയിടുന്നു.” എന്ന പ്രതിജ്ഞ അണികള്‍ ഏറ്റു ചൊല്ലി.
ഭരണഘടന അനുശാസിക്കുന്ന നിയമങ്ങള്‍ക്കൊപ്പം മതനിയമങ്ങളുടെ അന്തസത്ത ഉള്‍ക്കൊള്ളുന്ന നിയമനിര്‍മാണത്തെ പറ്റി ഭരണനേതൃത്വവും നീതിപീഠവും ആലോചിക്കണമെന്ന് കാന്തപുരം മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.
ഭൗതികമായ നിയമങ്ങള്‍ കൊണ്ട് മാത്രം ഇന്നത്തെ കാലത്ത് സുതാര്യമായ നീതി നടപ്പാക്കാന്‍ സാധിക്കില്ല. സമകാലിക സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത് സുരക്ഷിതമായ നിയമങ്ങളുടെ അനിവാര്യതയിലേക്കും ശിക്ഷാനടപടികളിലേക്കുമാണെന്നും കാന്തപുരം പറഞ്ഞു.
ഇതിന്റെ ഭാഗമായി അടുത്തായി തുടങ്ങാനിരിക്കുന്ന നോളജ് സിറ്റിയില്‍ പീസ് സിറ്റിക്ക് രൂപം നല്‍കും. അടുത്ത സമ്മേളനം നോളജ് സിറ്റിയില്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സത്രീ സുരക്ഷിതത്വമാണ് ലോക നിലനില്‍പ്പിനാധാരം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമം വംശാവലിയെ നശിപ്പിക്കും. സ്ത്രീകളുടെ വ്യക്തിത്വവും അവകാശവും സംരക്ഷിക്കപ്പെടണം. ഇത് മുന്നില്‍ കണ്ടാണ് ഇസ്‌ലാം സ്ത്രീത്വത്തെ പരിരക്ഷിച്ചതും അവകാശങ്ങള്‍ നല്‍കി ആദരിച്ചു.
സമാപന സമ്മേളനത്തില്‍ എ.പി കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ദുറഹിമാന്‍ അല്‍ബുഹാരി അധ്യക്ഷത വഹിച്ചു. ഡോ.മുഹമ്മദ് അബ്ദുറഹീം സുല്‍ത്താനുല്‍ ഉലമ സമ്മേളനം ഉദ്ഘാടനം ചെയ്തു.