മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കരുതെന്നാവശ്യപ്പെട്ട് നഗരസഭാ ഓഫീസിന് മുന്നില്‍ ധര്‍ണയുമായി സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും
Kerala News
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കരുതെന്നാവശ്യപ്പെട്ട് നഗരസഭാ ഓഫീസിന് മുന്നില്‍ ധര്‍ണയുമായി സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th July 2019, 3:34 pm

കൊച്ചി: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്‌ളാറ്റ് പൊളിച്ച് നീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കരുതെന്നാവശ്യപ്പെട്ട്  മരട് നഗരസഭാ ഓഫീസിന് മുന്നില്‍ ഫ്‌ളാറ്റിലെ താമസക്കാരായ സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും സമരമിരുന്നു. സെബാസ്റ്റ്യന്‍ പോള്‍, കെ.ബാബു, നടന്‍ സൗബിന്‍ ഷാഹിര്‍ , സംവിധായകന്‍ മേജര്‍ രവി തുടങ്ങിയവരാണ് ധര്‍ണയില്‍ പങ്കെടുത്തത്. മരട് ഭവന സംരക്ഷണസമിതി എന്ന പേരിലാണ് സമരം.

തീരദേശ പരിപാലന നിയമം ലംഘിച്ചെന്നാരോപിച്ച് നിര്‍മിച്ച മരടിലെ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിച്ച് നീക്കണം എന്ന് മെയ് എട്ടിനാണ് സുപീംകോടതി ഉത്തരവിട്ടിരുന്നത്. ഹോളി ഫെയ്ത്ത്, കായലോരം, ഹോളിഡേ ഹെറിറ്റേജ്, ജെയിന്‍ ഹൗസിങ്, ആല്‍ഫ വെന്‍ച്വെര്‍സ് എന്നീ ഫ്‌ളാറ്റുകളാണ് പൊളിക്കാന്‍ ഉത്തരവിട്ടിരുന്നത്.

നഗരസഭയുടെ തെറ്റായ നിലപാടുമൂലമാണ് സുപ്രീം കോടതി ഫ്‌ളാറ്റ് പൊളിക്കാന്‍ ഉത്തരവിട്ടതെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി.

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള കേസില്‍ തങ്ങളെ കൂടി കക്ഷി ചേര്‍ക്കണമെന്നും പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഫ്‌ളാറ്റ്  ഉടമകള്‍ ആവശ്യപ്പെടുന്നു. സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതി തങ്ങളെ കേള്‍ക്കാതെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് ഉണ്ടായത്. അതുകൊണ്ടുതന്നെ റിട്ട് ഹര്‍ജികളും റിവ്യൂ ഹര്‍ജികളും തുറന്ന കോടതിയില്‍ വാദം കേള്‍ക്കാതെ തള്ളിപ്പോയി.

നഗരസഭ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയ സാഹചര്യത്തിലാണ് തങ്ങള്‍ ഫ്‌ളാറ്റുകള്‍ വാങ്ങിയത്. ഫ്‌ളാറ്റ് ഉടമകളുടെ പ്രശ്‌നങ്ങള്‍ നഗരസഭ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയില്ലെന്നും ഫ്‌ളാറ്റുടമകള്‍ കുറ്റപ്പെടുത്തി.