| Friday, 5th July 2019, 11:52 am

ഇനി ഒരു കോടതിയും മരട് വിഷയത്തിലെ ഹര്‍ജികള്‍ പരിഗണിക്കരുത്; കോടതി മുറിയില്‍ അഭിഭാഷകനോട് പൊട്ടിത്തെറിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ റിട്ട് ഹര്‍ജി തള്ളി സുപ്രീം കോടതി. ഉടമകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കല്യാണ്‍ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിക്കൊണ്ടായിരുന്നു
ജസ്റ്റിസ് അരുണ്‍ മിശ്ര ഹരജി തള്ളയിത്.

ഒരു കോടതിയും മരട് ഫ്ളാറ്റ് വിഷയത്തിലെ ഹര്‍ജികള്‍ പരിഗണിക്കരുതെന്നും അരുണ്‍ മിശ്ര ഉത്തരവിട്ടു.

കൊല്‍ക്കത്ത ബന്ധം ഉപയോഗിച്ച് തന്നെ സ്വാധീനിക്കാന്‍ ആണോ കല്യാണ്‍ ബാനര്‍ജിയെ ഹാജരാക്കിയതെന്നും കോടതിയില്‍ തട്ടിപ്പ് നടത്താനാണ് മുതിര്‍ന്ന അഭിഭാഷകരുടെയും കക്ഷികളുടെയും ശ്രമമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് വ്യക്തമായി അറിയാം. കോടതിയെ കബളിപ്പിക്കാന്‍ ആസൂത്രിതമായ ശ്രമമാണ് നടന്നത്. പരിഗണിക്കാന്‍ ഒന്നിലധികം തവണ വിസമ്മതിച്ച വിഷയം മറ്റൊരു ബെഞ്ചിന് മുന്‍പാകെ ഉന്നയിച്ചു. ഇത് ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണ്.

പണം ലഭിച്ചാല്‍ അഭിഭാഷകര്‍ക്ക് എല്ലാം ആയോ എന്നും ഇവര്‍ക്ക് പണം മാത്രം മതിയോ എന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. ഇനിയും ആവര്‍ത്തിച്ചാല്‍ അഭിഭാഷകര്‍ക്ക് എതിരെ നടപടിയെടുക്കുമെന്നും സുപ്രീം കോടതി താക്കീത് ചെയ്തു.

ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ഒരു ഫ്‌ളാറ്റ് ഉടമ സമര്‍പ്പിച്ച ഹര്‍ജ്ജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തളളിയിരുന്നു.

മരട് നഗരസഭയില്‍ നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിന് സാവകാശം തേടി സര്‍ക്കാര്‍ റിവ്യൂ ഹര്‍ജ്ജി നല്‍കില്ലെന്ന് തദ്ദേശഭരണ മന്ത്രി എ സി മൊയ്തീന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എന്നാല്‍ കോടതി സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞാല്‍ ഫ്‌ളാറ്റ് പൊളിക്കുന്നതു സംബന്ധിച്ച പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.

ഫ്‌ളാറ്റ് ഉടമകളും നഗരസഭാ അധികൃതരുമായുളള ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച അഞ്ച് ഫ്‌ളാറ്റുകള്‍ ഈ മാസം ഏഴിനകം പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെപശ്ചാത്തലത്തിലാണ് മരട് നഗരസഭ അധികൃതരും ഫ്‌ളാറ്റ് ഉടമകളുമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ചര്‍ച്ച നടത്തിയത്. പാരിസ്ഥിതിക നിയമം ലംഘിച്ചാണ് നിര്‍മാണമെന്ന കാര്യം നിര്‍മാതാക്കള്‍ മറച്ചു വച്ചെന്നും തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സുപ്രീം കോടതി വിധി പറഞതെന്നും ഫ്‌ളാറ്റ് ഉടമകള്‍ പറഞ്ഞു.

എന്നാല്‍ നിയമലംഘനം അനുവദിക്കാനാകില്ലെന്നും കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമെന്നും മന്ത്രി വ്യക്തമാക്കി.

ഫ്‌ളാറ്റുകള്‍ പൊളിക്കാനുളള ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന മരട് നഗരസഭയുടെ ആവശ്യവും സര്‍ക്കാര്‍ തളളിയിരുന്നു. നിയമം അനുസരിച്ച് നഗരസഭ തന്നെയാണ് ഈ ചെലവ് വഹിക്കേണ്ടതെന്ന് മന്ത്രി വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more