കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച എറണാകുളം മരടിലെ അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനുള്ള നടപടികള്‍ക്ക് നഗരസഭ തുടക്കമിട്ടു.
ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് നോട്ടീസ് കൈമാറും. ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവരെ ഏലൂരിലെ ഫാക്ടിന്റെ അതിഥിമന്ദിരങ്ങളിലേക്കടക്കം മാറ്റിത്താമസിപ്പിക്കാണ് നഗരസഭയുടെയും ജില്ലാഭരണകൂടത്തിന്റെയും തീരുമാനം.
ഇന്ന് രാവിലെ കൊച്ചിയിലെത്തിയ ചീഫ് സെക്രട്ടറി മരട് നഗരസഭ ചെയര്‍പെഴ്‌സണുമായും ജില്ല കലക്ടറുമായും ചര്‍ച്ചനടത്തി നടപടികളുമായി മുന്നോട്ടുപോകാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിടുന്നു.
ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ സെപ്റ്റംബര്‍ 20ന് മുമ്പ് പൊളിച്ചുനീക്കണമെന്നാണ് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയത്. ഈ മാസം 23ന് കേസ് പരിഗണിക്കുമ്പോള്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
കോടതി നിര്‍ദേശം പാലിച്ചില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ച് ജയിലിലടക്കുമെന്ന സൂചനയാണ് സുപ്രീം കോടതി നല്‍കുന്നത്. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ ജൂലായില്‍ തള്ളിയിരുന്നു.
മെയ് എട്ടിനാണ് ഫ്‌ളാറ്റുകള്‍ ഒരു മാസത്തിനകം പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി വിധി പാലിച്ചില്ല. ഇത് ചൂണ്ടിക്കാണിച്ചുള്ള റിപ്പോര്‍ട്ടും കോടതിയില്‍ എത്തിയിരുന്നു.
ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിന്‍ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ട്‌മെന്റ്, ആല്‍ഫാ വെഞ്ച്വേഴ്‌സ് എന്നിവ പൊളിച്ചുനീക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.