| Friday, 11th October 2019, 11:17 pm

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതു നിയന്ത്രിത സ്‌ഫോടനത്തിലൂടെ; കമ്പനികള്‍ക്ക് കൈമാറും; ചരിച്ചുപൊളിക്കാമെന്ന് ശരത് ബി സാര്‍വത്തെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതു നിയന്ത്രിത സ്‌ഫോടനത്തിലൂടെയെന്ന് മരട് മുനിസിപ്പല്‍ സെക്രട്ടറിയുടെ ചുമതലയുള്ള ഫോര്‍ട്ട്‌കൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്. സാങ്കേതിക വിദഗ്ധരുടെ യോഗത്തിനു ശേഷമാണ് സ്‌നേഹില്‍ കുമാര്‍ സിങ് ഇക്കാര്യം അറിയിച്ചത്.

ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ അപകടഭീതി ഒഴിവാക്കുമെന്നും സുരക്ഷിതമായ രീതി സ്വീകരിക്കുമെന്നും സ്‌നേഹില്‍ കുമാര്‍ പറഞ്ഞു.

മുംബൈ കേന്ദ്രീകരിച്ചുള്ള എഡിഫൈസ്, ചെന്നൈയില്‍ നിന്നുള്ള വിജയ് സ്റ്റീല്‍സ് എന്നീ കമ്പനികളെയാണ് പൊളിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. മൂന്ന് കമ്പനികളായിരുന്നു അന്തിമ പട്ടികയിലെത്തിയത്. ഇവ ഓരോന്നും പ്രത്യേകം വിലയിരുത്തിയ ശേഷമാണ് അന്തിമ പട്ടിക തയാറാക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫ്‌ളാറ്റുകള്‍ പൊളിക്കാനെത്തിയ വിദഗ്ധ എന്‍ജിനീയര്‍ ശരത് ബി സര്‍വത്തെ സ്ഥലത്ത് പരിശോധന നടത്തി. കെട്ടിടത്തിന്റെ പ്രായം പ്രധാനമാണെന്നും ചരിച്ചു പൊളിക്കുന്നതാണ് ഉചിതമെന്നുമാണ് സാര്‍വത്തെയുടെ അഭിപ്രായം.

ഗ്രാവിറ്റ് ബേസ്ഡ് സ്‌ഫോടനമായിരിക്കും സുരക്ഷിതമെന്നാണ് നിലവിലുള്ള വിലയിരുത്തല്‍. ചെറു സ്‌ഫോടനങ്ങളിലൂടെ താഴെയുള്ള നിലകള്‍ തകര്‍ത്തു താഴേയ്ക്ക് ഇരിക്കുന്ന രീതിയിലുള്ള പൊളിക്കലാവും ഉപയോഗപ്പെടുത്തുക.

സ്‌ഫോടന സമയത്തെ അപകടസാധ്യത മുന്നില്‍കണ്ട് പരിസര പ്രദേശത്തു താമസിക്കുന്നവരെ മാറ്റുന്നതിനു വേണ്ട നടപടി സ്വീകരിക്കാനും തീരുമാനമായി. സ്‌ഫോടനസമയത്ത് പത്ത് മീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ സമീപവാസികള്‍ ഭയപ്പെടേണ്ടതില്ലെന്നും യാതൊരു അപകടവും ഉണ്ടാകില്ലെന്നും സര്‍വത്തെ മാധ്യമങ്ങളോടു പറഞ്ഞു.

200ലേറെ കെട്ടിടങ്ങള്‍ പൊളിച്ച് പരിചയമുള്ളയാളാണ് സര്‍വത്തെ. ഏറ്റവും കൂടുതല്‍ കെട്ടിടങ്ങള്‍ പൊളിച്ചതിന്റെ ഗിന്നസ് ലോക റെക്കോര്‍ഡിന് ഉടമ കൂടിയാണ് ഇദ്ദേഹം.

90 ദിവസത്തിനുള്ളില്‍ പൊളിക്കല്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. അവശിഷ്ടങ്ങള്‍ മാറ്റാന്‍ ഒരുമാസം സമയമാണ് അനുവദിച്ചിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more