എന്തുചെയ്താലും ഒഴിഞ്ഞുപോവില്ല; വൈദ്യുതിയും ഗ്യാസ് കണക്ഷനും വിച്ഛേദിക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് മരട് ഫ്ളാറ്റ് ഉടമകള്‍
maradu Flat
എന്തുചെയ്താലും ഒഴിഞ്ഞുപോവില്ല; വൈദ്യുതിയും ഗ്യാസ് കണക്ഷനും വിച്ഛേദിക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് മരട് ഫ്ളാറ്റ് ഉടമകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th September 2019, 11:15 pm

കൊച്ചി: നഗരസഭ എന്തുതന്നെ ചെയ്താലും ഒഴിഞ്ഞു പോവില്ലെന്ന് മരട് ഫ്ളാറ്റ് ഉടമകള്‍. വൈദ്യുതിയും ഗ്യാസ് കണക്ഷനും വിച്ഛേദിക്കാനുള്ള നീക്കം കടുത്ത മനുഷ്യാവകാശ ലംഘനമാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫ്ളാറ്റുകള്‍ ഒഴിയണമെന്ന നഗരസഭാ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ളാറ്റുടമകള്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഫ്‌ളാറ്റുകളിലെ വൈദ്യുതിയും ഗ്യാസ് കണക്ഷനും വിച്ഛേദിക്കാനുള്ള നടപടികളിലേക്കാണ് നഗരസഭ നീങ്ങുന്നത്. ഇത് സംബന്ധിച്ച് കെ.എസ്.ഇ.ബിയ്ക്കും എണ്ണ കമ്പനികള്‍ക്കും നഗരസഭ കത്തുനല്‍കി.

ഈ മാസം 27നകം വൈദ്യുതി, ഗ്യാസ് കണക്ഷന്‍ വിച്ഛേദിക്കാനാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഹരജിയും രാജ്യത്തെ മറ്റൊരു കോടതിയും പരിഗണിക്കരുതെന്ന സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹരജി തള്ളിയത്. നിയമലംഘനം നടത്തുന്നവര്‍ക്കുള്ള പാഠമാണ് മരട് വിധിയെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഹോളി ഫെയ്ത്ത് അപ്പാര്‍ട്ട്മെന്റ്, ഗോള്‍ഡന്‍ കായലോരം എന്നിവിടങ്ങളിലെ താമസക്കാരായ രണ്ട് പേരാണ് നഗരസഭയുടെ ഒഴിപ്പിക്കല്‍ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടികാട്ടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ സുപ്രീം കോടതി ഉത്തരവിനെക്കുറിച്ച് ഉടമകള്‍ക്ക് അറിവില്ലെ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.

ജനങ്ങള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യും, തുടര്‍ന്ന് അത് ക്രമപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കും. ഇങ്ങനെ നിയമലംഘനം നടത്തുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് സുപ്രീംകോടതി വിധിയെന്നായിരുന്നു ഹൈക്കോടതി അറിയിച്ചത്.

ഫ്ളാറ്റ് ഉടമകള്‍ക്ക് ഒഴിപ്പിക്കല്‍ നടപടിയില്‍ പരാതിയുണ്ടെങ്കില്‍ സുപ്രീം കോടതിയില്‍ പൊയ്ക്കൊള്ളാനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ മറ്റ് കോടതികള്‍ ഒരു ഹര്‍ജിയും പരിഗണിക്കരുതെന്ന സുപ്രീം കോടതി വിധിയും ജസ്റ്റിസ് എടുത്തു പറഞ്ഞു.

ഉദ്യോഗസ്ഥരുടെ പിഴവാണ് നിരപരാധികള്‍ കുടുങ്ങാന്‍ കാരണമെന്നായിരുന്നു ഫ്ളാറ്റുടമകളുടെ പ്രതികരണം.

WATCH THIS VIDEO: