കൊച്ചി: മരട് ഫ്‌ളാറ്റ് പൊളിക്കല്‍ വിഷയത്തില്‍ കൊച്ചിയില്‍ ഇന്ന് യോഗം ചേരും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്.
രാവിലെ റവന്യു ടവറില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍, കമ്മീഷണര്‍, പൊളിക്കല്‍ ചുമതലയേറ്റെടുത്ത കമ്പനി പ്രതിനിധികള്‍, സാങ്കേതിക സമിതി അംഗങ്ങള്‍ അടക്കമുള്ളവരും പങ്കെടുക്കും. ഇന്‍ഡോറില്‍ നിന്നുള്ള നിയന്ത്രിത സ്‌ഫോടന വിദഗ്ധന്‍ എസ്.ബി സര്‍വാതെയും യോഗത്തില്‍ പങ്കെടുക്കും.
എന്നായിരിക്കും ഫ്‌ളാറ്റുകള്‍ പൊളിക്കേണ്ടത് എന്ന കാര്യത്തില്‍ അന്തിമ തീരുമാനം യോഗത്തില്‍ ഉണ്ടാകും. തീയതിയുടെ കാര്യത്തിലും യോഗത്തില്‍ തീരുമാനമുണ്ടാകും. ഡിസംബര്‍ 27 നോ ജനുവരി ഏഴിനോ ആയിരിക്കും എന്നാണ് സൂചന.
കഴിഞ്ഞ ദിവസം കരാര്‍ കമ്പനികള്‍ വിശദമായ രൂപ രേഖ സമര്‍പ്പിച്ചിരുന്നു. മരട് നഗരസഭയിലെ സാങ്കേതിക വിദഗ്ധര്‍ക്ക് മുന്നിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത് അനുസരിച്ചുള്ള തുടര്‍നടപടികള്‍ ആലോചിക്കുന്നതിനാണ് ചീഫ് സെക്രട്ടറി ഉന്നതതല യോഗം വിളിച്ചത്.
നേരത്തെ മരട് ഫ്ളാറ്റ് പൊളിക്കലിനെതിരായ ഹരജി കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിസമ്മതിച്ചിരുന്നു. ഫ്ളാറ്റ് പൊളിക്കാന്‍ ഒരു മാസം കൂടി നീട്ടി നല്‍കണമെന്ന ഹരജിയില്‍ മറുപടി പറയുകയായിരുന്നു കോടതി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഫ്ളാറ്റ് പൊളിക്കാന്‍ ഒരു മണിക്കൂര്‍ പോലും നീട്ടി നല്‍കില്ലെന്നും ഹരജി നല്‍കിയ അഭിഭാഷക ലില്ലി തോമസ് കോടതിയ്ക്ക് പുറത്തുപോകണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്രയും പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട ഒരു റിട്ട് ഹരജി പോലും ഇനി പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
‘ഒരു ഹരജി പോലും കേള്‍ക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. കേസില്‍ പരമാവധി ക്ഷമിച്ചു. കേസില്‍ നടന്നതെന്താണെന്ന് നിങ്ങള്‍ക്ക് അറിയില്ല. ‘കോടതി ഉത്തരവ് അന്തിമമാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അന്ന് വ്യക്തമാക്കിയിരുന്നു.