മരടിലെ ഫ്‌ളാറ്റ് നിര്‍മ്മാണം; ഫ്‌ളാറ്റ് നിര്‍മാണ കമ്പനി ഉടമ ഉള്‍പ്പടെയുള്ള മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി
Kerala News
മരടിലെ ഫ്‌ളാറ്റ് നിര്‍മ്മാണം; ഫ്‌ളാറ്റ് നിര്‍മാണ കമ്പനി ഉടമ ഉള്‍പ്പടെയുള്ള മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th October 2019, 6:52 pm

കൊച്ചി: മരടില്‍ തീരദേശ സംരക്ഷണ നിയമം ലംഘിച്ച് ഫ്‌ളാറ്റുകള്‍ നിര്‍മിച്ച കേസില്‍ ഫ്‌ളാറ്റ് നിര്‍മാണ കമ്പനി ഉടമ ഉള്‍പ്പടെയുള്ള മൂന്നുപേരുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.

ഹോളി ഫെയ്ത്ത് നിര്‍മാണ കമ്പനി ഉടമ സാനി ഫ്രാന്‍സിസ്, മരട് മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, മുന്‍ ജൂനിയര്‍ പി.ഇ സൂപ്രണ്ട് ജോസഫ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ നേരത്തെ ക്രൈബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തിരുന്നു.

അഴിമതി നിരോധന നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയാല്‍ രാഷ്ട്രീയക്കാരെയും അറസ്റ്റ് ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിലവില്‍ അറസ്റ്റിലായ രണ്ട് മുന്‍ ഉദ്യോഗസ്ഥരെ കൂടാതെ പഞ്ചായത്തിലെ മുന്‍ ക്ലര്‍ക്കും നിലവില്‍ ജോലിയില്‍ തുടരുകയും ചെയ്യുന്ന ജയറാമിനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കുന്നതിന് സര്‍ക്കാര്‍ അനുമതി വാങ്ങിയ ശേഷമാണ് അറസ്റ്റ്.

അതേസമയം ക്രിസ്തുമസ് അവധിക്കാലത്ത് മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചേക്കും. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിന്റേയും ഗതാഗത നിയന്ത്രണത്തിന്റെയും ബുദ്ധിമുട്ടുകള്‍ പരമാവധി കുറക്കാന്‍ ഈ കാലത്ത് നടക്കുമെന്ന വിലയിരുത്തലിലാണ് ഇത്.

സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സമയക്രമം അനുസരിച്ച് ജനുവരി 9ന് മുന്‍പാണ് ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കേണ്ടത്. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള കരാറുകള്‍ 2 കമ്പനികള്‍ക്ക് നല്‍കാനാണ് വിദഗ്ദ സമിതി ശുപാര്‍ശ.

ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് മുമ്പുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 2 മാസമെടുക്കും.