കൊച്ചി: മരട് ഫ്‌ളാറ്റ് കേസില്‍ രാഷ്ട്രീയനേതാക്കള്‍ക്കും കുരുക്ക് വീഴുന്നു. മുന്‍ പഞ്ചായത്ത് ഭരണസമിതിയിലുണ്ടായിരുന്ന 21 അംഗങ്ങളോടും ചോദ്യം ചെയ്യലിനു ഹാജരാവാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശിച്ചുകഴിഞ്ഞു. നാളെ മുതല്‍ രണ്ടുപേര്‍ വീതം ഹാജരാവാനാണ് നോട്ടീസ് കൊടുത്തിരിക്കുന്നത്.
ഇവരെ കേസില്‍ സാക്ഷികളാക്കും. നിയമലംഘനങ്ങള്‍ വ്യക്തമായിട്ടും അനധികൃതമായി കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എ ദേവസി അടക്കമുള്ളവര്‍ ഇടപെട്ടിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ക്ക് ഒത്താശ ചെയ്തുവെന്നും ആരോപണമുണ്ട്. ഇതിന്റെ സത്യാവസ്ഥ അറിയിനാണ് പഞ്ചായത്തംഗങ്ങളെ വിളിപ്പിച്ചിരിക്കുന്നത്.
തെളിവുകള്‍ കിട്ടുന്ന മുറയ്ക്ക് രാഷ്ട്രീയക്കാരടക്കമുള്ളവര്‍ പിടിയിലാകുമെന്നും ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരി നേരത്തേ പറഞ്ഞിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മരട് ഫ്ളാറ്റുകളിലൊന്നിന്റെ നിര്‍മാതാക്കളായ ജെയിന്‍ഹൗസിന്റെ ഉടമ സന്ദീപ് മേത്തയെ കണ്ടെത്തുന്നതിനായി ചെന്നൈയില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ വിവരം അറിഞ്ഞ മേത്ത ചെന്നൈയില്‍ നിന്ന് കടന്നതായാണ് റിപ്പോര്‍ട്ട്.
ഇയാള്‍ക്കായി കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. നേരത്തെ ഫ്‌ളാറ്റ് നിര്‍മാണ കമ്പനി ഉടമ ഉള്‍പ്പടെയുള്ള മൂന്നുപേരുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.
ഹോളി ഫെയ്ത്ത് നിര്‍മാണ കമ്പനി ഉടമ സാനി ഫ്രാന്‍സിസ്, മരട് മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, മുന്‍ ജൂനിയര്‍ പി.ഇ സൂപ്രണ്ട് ജോസഫ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ നേരത്തെ ക്രൈബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സമയക്രമം അനുസരിച്ച് ജനുവരി 9-ന് മുന്‍പാണ് ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കേണ്ടത്. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള കരാറുകള്‍ 2 കമ്പനികള്‍ക്ക് നല്‍കാനാണ് വിദഗ്ദ സമിതി ശുപാര്‍ശ. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് മുമ്പുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 2 മാസമെടുക്കും.