മരട് നഗരസഭയില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കേരളത്തില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സജീവ ചര്‍ച്ചയായ മരട് ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് അനിശ്ചിതത്വവും നിലനില്‍ക്കുന്നുണ്ട്. ഫ്‌ളാറ്റ് പൊളിക്കാമെന്ന സര്‍ക്കാര്‍ നിലപാടും എന്നാല്‍ അതില്‍ സ്വീകരിക്കുന്ന മെല്ലെപ്പോക്കും ഏറെ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.
ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയിലെ ഘടകകക്ഷിയായ സി.പി.ഐ ജില്ലാ കമ്മിറ്റി അംഗവും എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറിയുമായ എന്‍.അരുണ്‍ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു
മരട് വിഷയത്തില്‍ സി.പി.ഐ സ്വീകരിക്കുന്ന നിലപാട് വിശദീകരിക്കാമോ?
മരട് ഫ്ളാറ്റ് വിഷയത്തില്‍ എ.ഐ.വൈ.ഫിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും വളരെ വ്യക്തമായ നിലപാടാണുള്ളത്. മരട് ഫ്ളാറ്റ് നിര്‍മാണം നടന്നിട്ടുള്ളത് ചട്ടം ലംഘിച്ചാണ്. നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടാണ് അവിടെ നിര്‍മാണ പ്രവര്‍ത്തനം നടന്നിട്ടുള്ളത്. നിര്‍മാണം നടത്തിയ നിര്‍മാതാക്കളും ചട്ടം ലംഘിച്ച് നിര്‍മിക്കാന്‍ അനുമതി നല്‍കിയ അന്നത്തെ ഭരണ സമിതിയും, അതിനെല്ലാം ഒത്താശയും ചെയ്തുകൊടുത്ത പഞ്ചായത്തു സെക്രട്ടറി തുടങ്ങിയ ഉദ്യോഗസ്ഥരെല്ലാം ഈ വിഷയത്തില്‍ പ്രതികളും കുറ്റക്കാരുമാണ്.
ഇവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാന്‍ കേരളത്തിലെ സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണം എന്നാണ് എ.ഐ.വൈ.ഫ് ആവശ്യപ്പെടുന്നത്. സാധാരണക്കാരന്‍ വിവിധ നിയമങ്ങളുടെ ഭാഗമാവുകയും, ഒരു ലോണ്‍ എടുക്കാന്‍ പറ്റാത്ത സ്ഥിതിയും, സ്ഥലം ക്രയവിക്രയം ചെയ്യാന്‍ കഴിയാത്ത സ്ഥിതിയും, അഞ്ചു സെന്റു സ്ഥലത്ത് ഒരു ചെറിയ കൂര വയ്ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയും നിലവിലുണ്ട്. ഇതെല്ലാം തീരദേശ സംരക്ഷണ നിയമത്തിന്റെ ഭാഗമായിട്ടാണ്. ആ നിയമം നടപ്പിലാക്കേണ്ടതാണ് എന്നതില്‍ യാതൊരു തര്‍ക്കവുമില്ല.
അത് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ നിയമമാണിത്. ആ നിയമം സംരക്ഷിക്കപ്പെടുക തന്നെ ചെയ്യണം. പക്ഷെ ഇവിടെ ഒരു പറ്റം മാഫിയയ്ക്ക് പണത്തിന്റെ പിന്‍ബലവും സ്വാധീനവുമുള്ളതു കൊണ്ട് അവര്‍ക്ക് ഈ നിയമം ബാധകമല്ല എന്നുള്ള രീതിയില്‍ നിയമം ലംഘിച്ചു കൊണ്ട് നിര്‍മിച്ചിട്ടുള്ള ഫ്ളാറ്റാണ് മരടിലെ ഫ്ളാറ്റ്. ഇത് പൊളിച്ചു മാറ്റണം എന്നു തന്നെയാണ് എ.ഐ.വൈ.ഫിന്റെയും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെയും അഭിപ്രായം.
അതിനപ്പുറം ഇവിടെ വഞ്ചിക്കപ്പെട്ടിരിക്കുന്ന ഫ്ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയുള്ളത് നിയമം ലംഘിച്ചവര്‍ക്കാണ്. കുറ്റം ചെയ്തവരില്‍ നിന്നും പിഴ ഈടാക്കികൊണ്ട് ഈ പിഴത്തുക നഷ്ട പരിഹാരമായി ഫ്ളാറ്റുടമകള്‍ക്ക് നല്‍കണം എന്നതാണ് ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളത്.
ഇതിലെ പ്രധാനപ്പെട്ട മറ്റൊരു കാര്യം, ഫ്ളാറ്റുടമകള്‍ വഞ്ചിതരായി എന്നു പറയുന്നുണ്ട്. അങ്ങനെ വഞ്ചിതരായവര്‍ വഞ്ചിച്ചവര്‍ക്കെതിരെ കേസ് കൊടുക്കണം. ഇവര്‍ നിര്‍ബന്ധമായും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ തയ്യാറാകേണ്ടതുണ്ട്. കേരളത്തിലെ ഗവണ്‍മെന്റ് അതിന് അവരെ സഹായിക്കേണ്ടതുണ്ട്. കേരളത്തില്‍ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ വലിയ പോരാട്ടം തന്നെ അനിവാര്യമായ കാലമാണിത്.
പല തരത്തിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍, വലിയ ദുരന്തങ്ങള്‍ ഒക്കെ നമ്മള്‍ അഭിമുഖീകരിക്കുമ്പോള്‍ നമ്മുടെ കേരളത്തെയും പരിസ്ഥിതിയേയും സംരക്ഷിക്കാന്‍ പര്യാപ്തമായ ഈ നിയമങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. ഒറ്റക്കെട്ടായി അതിനനുകൂലമായി നില്‍ക്കണം. അതല്ലാതെ വലിയ സാമ്പത്തിക സംരക്ഷണമുള്ള കെട്ടിട നിര്‍മാതാക്കള്‍ നടത്തുന്ന കളികള്‍ക്കു പിന്നാലെ പോവാതെ, ഇത്തരത്തില്‍ ഒരു സംഭവം ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍, പണവും പദവിയും ശേഷിയുമുള്ള ആളുകള്‍ക്ക് നിയമത്തെ കാറ്റില്‍ പറത്താന്‍ സാധിക്കും എന്ന അവസ്ഥ തുടരാതിരിക്കാന്‍, മാതൃകാപരമായ തീരുമാനങ്ങളും ഇടപെടലുകളുമാണ് ഇവിടെ ഉണ്ടാകേണ്ടത് എന്നുള്ളതാണ് എ.ഐ.വൈ.എഫിന്റെ അഭിപ്രായം.
സര്‍ക്കാര്‍, ഫ്ളാറ്റുടമകളോടു സ്വീകരിക്കുന്ന മൃദുസമീപനത്തിനു കാരണം?
സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഫ്ളാറ്റുടമകളായിട്ടുള്ള മുന്നൂറില്‍ പരം വരുന്ന ആളുകളുടെ ജീവിത പ്രശ്നങ്ങളാണ് പറയുന്നത്. ഫ്ളാറ്റ് പൊളിച്ചുമാറ്റില്ല എന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. ഫ്ളാറ്റ് പൊളിച്ചുമാറ്റാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ശബരിമലയില്‍ സ്ത്രീ പ്രവേശനം സുപ്രീംകോടതി വിധിയായി വന്നപ്പോള്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന് ആവശ്യപ്പെട്ട, ആ തീരുമാനം നടപ്പിലാക്കാന്‍ മുമ്പില്‍ നിന്ന ആര്‍ജവമുള്ള ഗവണ്‍മെന്റാണിത്.
അതേ നിലപാട് ഈ വിഷയത്തില്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണം. ഉണ്ടാവുമെന്ന പ്രതീക്ഷയാണ് എ.ഐ.വൈ.ഫിനുള്ളത്. മറിച്ച് അത്തരത്തിലുള്ള ഒരു നിലപാട് എടുത്തിട്ടില്ലെങ്കില്‍ ഈ ഫ്ളാറ്റ് പൊളിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ശക്തമായി പ്രത്യക്ഷ സമരത്തിലേക്ക് ഞങ്ങള്‍ കടന്നു വരും.
സമരമെന്ന സി.പി.ഐ നിലപാടിനോട് സി.പി.ഐ.എം ഏതെങ്കിലും ഘട്ടത്തില്‍ കുറഞ്ഞത് പ്രാദേശികമായെങ്കിലും അനുകൂല സമീപനം സ്വീകരിച്ചിട്ടുണ്ടോ?
സമരരംഗത്തേക്ക് ആരും തന്നെ കടന്നു വന്നിട്ടില്ല. സി.പി.ഐ.എം എന്നല്ല ഒരു രാഷ്ട്രീയ പാര്‍ട്ടിയും കടന്നുവന്നിട്ടില്ല. സി.പി.ഐ.എം പാരിസ്ഥിതിക സംരക്ഷണ നിയമങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന പ്രസ്ഥാനമാണ്. സ്വാഭാവികമായിട്ടും ഇത്തരത്തില്‍ പരിസ്ഥിതിയെ തകര്‍ക്കുന്ന നിയമത്തെ കാറ്റില്‍ പറത്തികൊണ്ട് നിര്‍മിച്ചിട്ടുള്ള ഈ ഫ്ളാറ്റ് പൊളിച്ചു നീക്കണമെന്ന നിലപാടില്‍ തന്നെ സി.പി.ഐ.എം ഉറച്ചു നില്‍ക്കുമെന്ന പ്രതീക്ഷയാണ് ഉള്ളത്.
ഫ്ളാറ്റ് പൊളിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയും നടക്കുന്നുണ്ട്. അത് ഫ്ളാറ്റുടമകളെ സഹായിക്കുന്നതിനു വേണ്ടിയാണെന്ന അഭിപ്രായം പാര്‍ട്ടിക്കുണ്ടോ?
ഫ്ളാറ്റ് പൊളിച്ചാലുണ്ടാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിന് തക്കതായ പരിഹാരം സര്‍ക്കാര്‍ കണ്ടെത്തണം. ഫ്ളാറ്റുകള്‍ പൊളിക്കുക തന്നെ ചെയ്യണം. നിയമ വിരുദ്ധമായിട്ട് ഒരു വലിയ സമുച്ഛയം കുറെ മാഫിയകള്‍ പണിതുയര്‍ത്തിയെന്ന് കരുതി പൊളിക്കുന്നതിന് പാരിസ്ഥിതിക പ്രശ്നമുണ്ടാവുമെന്ന മുട്ടാപ്പോക്ക് ന്യായങ്ങള്‍ കണ്ടെത്തുന്നത് കെട്ടിട നിര്‍മാതാക്കള്‍ക്ക് വേണ്ടി വാദഗതികള്‍ ഉയര്‍ത്തുന്നവരാണ്.
എളുപ്പത്തില്‍ അവരുടെ കാര്യം നടത്താന്‍ വേണ്ടി അവരുയര്‍ത്തുന്ന പല രീതിയിലുള്ള വാദഗതികളില്‍ ഒന്നു മാത്രമായി മാത്രമേ അതിനെ കാണാന്‍ സാധിക്കുകയുള്ളു. അതിന് പരിഹാരം കണ്ടെത്താന്‍ പര്യാപ്തമായ സാഹചര്യമൊക്കെ ഇന്ന കേരളത്തിലുണ്ട്. അത് കണ്ടെത്തുക തന്നെ ചെയ്യണം. ഫ്ളാറ്റു പൊളിച്ചുമാറ്റുക തന്നെ വേണം എന്നുള്ളതാണ് എ.ഐ.വൈ.ഫിന്റെ തീരുമാനം.
വിഷയത്തില്‍ എങ്ങനെയായിരിക്കും സി.പി.ഐ സ്വീകരിക്കുന്ന തുടര്‍നടപടികള്‍?
ഈ വിഷയത്തിലെ തുടര്‍ നടപടികള്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കണം എന്നുള്ളതു തന്നെയാണ് ഞങ്ങളുടെ നിലപാട്. അത് നടപ്പിലാകാത്ത സാഹചര്യമാണെങ്കില്‍ നേരത്തെ സൂചിപ്പിച്ച പോലെതന്നെ പ്രത്യക്ഷമായി തന്നെ ഫ്ളാറ്റ് പൊളിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് സമരരംഗത്തേക്ക് കടന്നു വരും. കാരണം ഇത് സുപ്രീം കോടതിയുടെ വിധിയാണ്. തീരദേശ സംരക്ഷണ ആക്ടിന്റെ ഭാഗമായി വന്നിട്ടുള്ള വിധിയാണ്.
ഈ വിധി നടപ്പിലാക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടെങ്കില്‍ സമാനമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മറ്റിടത്തും നടന്നിട്ടുണ്ടാകാം. അതല്ലെങ്കില്‍ ഇതില്‍ നിന്നും ഊര്‍ജം ഉള്‍കൊണ്ടുകൊണ്ട് പല നിര്‍മാതാക്കളും ഇത്തരത്തില്‍ നിയമം ലംഘിച്ച് ഇതുപോലെയുള്ള ഫ്ളാറ്റുകളടക്കം പണിഞ്ഞു കൂട്ടുന്ന സ്ഥിതിയുണ്ടാകും. അതുകൊണ്ടു തന്നെ ഈ വിധി നടപ്പിലാക്കിയില്ലെങ്കില്‍ പ്രത്യക്ഷമായ സമരരംഗത്തേക്ക് വരും എന്നാണ് പറയാനുള്ളത്.