| Tuesday, 17th September 2019, 11:48 am

മരടില്‍ പുതിയ വഴിത്തിരിവ്: ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുമ്പോള്‍ത്തന്നെ ഒഴിയേണ്ടിവരുമെന്ന് നഗരസഭ അറിയിച്ചിരുന്നു; നിര്‍മ്മാണവും വില്‍പനയും മുന്നറിയിപ്പ് കാറ്റില്‍പറത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പുതിയ വഴിത്തിരിവ്. ഫ്‌ളാറ്റുകള്‍ക്ക് നഗരസഭ അനുമതി നല്‍കിയത് എപ്പോള്‍ വേണമെങ്കിലും ഒഴിഞ്ഞു പോകേണ്ടി വരുമെന്ന മുന്നറിയിപ്പോടെയായിരുന്നെന്ന് റിപ്പോര്‍ട്ട്. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം പുറത്തുവിട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോടതി ഉത്തരവുണ്ടായാല്‍ ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞു പോകേണ്ടി വരികയോ പൊളിച്ചു കളയുകയോ ചെയ്യും എന്ന് വ്യക്തമാക്കിയാണ് കെട്ടിട്ട നിര്‍മ്മാതാക്കള്‍ക്ക് നഗരസഭ നിര്‍മ്മാണ അനുമതി നല്‍കിയത് എന്ന് രേഖകളില്‍ നിന്നും വ്യക്തമായതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഫ്‌ളാറ്റ് നിര്‍മ്മാണം നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് നഗരസഭ ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് കൈവശാവകാശരേഖ നല്‍കിയത്. കെട്ടിട്ടം എപ്പോള്‍ വേണമെങ്കിലും പൊളിച്ചു മാറ്റേണ്ടി വരും എന്ന നഗരസഭയുടെ നിബന്ധന അംഗീകരിച്ചാണ് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ കെട്ടിട്ടം നിര്‍മ്മിച്ചതും അത് വിറ്റതുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജെയിന്‍, ആല്‍ഫ വെഞ്ചേഴ്‌സ് എന്നീ ഫ്‌ലാറ്റ് നിര്‍മ്മാതാക്കളുടെ പാര്‍പ്പിട സമുച്ചയങ്ങള്‍ക്കാണ് മരട് നഗരസഭ മേല്‍പ്പറഞ്ഞ രീതിയില്‍ യു.എ നമ്പര്‍ കൈമാറിയത്. നിയമം ലംഘിച്ച് നിര്‍മ്മിക്കുന്ന കെട്ടിട്ടങ്ങളാണ് യു.എ നമ്പര്‍ നല്‍കുന്നത്. യു.എ നമ്പര്‍ നല്‍കിയിരിക്കുന്ന കെട്ടിട്ടങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പൊളിച്ചു കളയാന്‍ സാധിക്കും. ഹോളിഫെയ്ത്ത്, ഗോള്‍ഡന്‍ കായലോരം എന്നീ പാര്‍പ്പിട സമുച്ചയങ്ങള്‍ക്കും ഉപാധികളോടെയാണ് കെട്ടിട്ട നമ്പര്‍ നല്‍കിയിരിക്കുന്നതെന്ന് രേഖകളെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തീരദേശസംരക്ഷണ നിയമം പാലിക്കാത്തതില്‍ നേരത്തെതന്നെ ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് മരട് നഗരസഭ സ്റ്റോപ്പ് മെമോ നല്‍കിയിരുന്നു. ഇതു ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച ബില്‍ഡര്‍മാര്‍ കോടതിയില്‍ നിന്നും കിട്ടിയ ഇടക്കാല വിധിയുടെ ബലത്തിലാണ് ഫ്‌ളാറ്റുകളുടെ നിര്‍മ്മാണവും കച്ചവടവും നടത്തിയത്. കെട്ടിട്ട നമ്പര്‍ നല്‍കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. ഇതേത്തുടര്‍ന്നാണ് മരട് നഗരസഭ കെട്ടിട്ടത്തിന് ഉപാധികളോട് അനുമതി നല്‍കിയത്. കൈവശാവാകാശ രേഖകളിലടക്കം ഇക്കാര്യം നഗരസഭ വ്യക്തമാക്കിയിട്ടുമുണ്ട്.

ഫ്‌ളാറ്റുകള്‍ക്ക് നിയമപ്രശ്‌നം ഉള്ളതായി കെട്ടിട്ടനിര്‍മ്മാതാക്കള്‍ ഒരിക്കല്‍ പോലും അറിയിച്ചിട്ടില്ലെന്ന് താമസക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇക്കാര്യങ്ങളൊക്കെ മറച്ചു വച്ചാണ് ബില്‍ഡര്‍മാര്‍ ഫ്‌ളാറ്റുകള്‍ താമസക്കാര്‍ക്ക് വിറ്റത് എന്നതാണ് ഈ റിപ്പോര്‍ട്ടിലൂടെ വ്യക്തമാവുന്നത്.

അതേസമയം, മരടിലെ ഫ്‌ളാറ്റ് സമുച്ചയം പൊളിക്കണമെന്ന സുപ്രീംകോടതിയുടെ വിധിയെ അനുകൂലിച്ച് വി.എസ് അച്യുതാനന്ദനും രംഗത്തെത്തി. സുപ്രീംകോടതി വിധി നിമയവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്നും ഉപഭോക്താക്കളെ വഞ്ചിച്ച ഫ്ലാറ്റ് ഉടമകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും വി.എസ് പറഞ്ഞു.

നിയമങ്ങള്‍ ലംഘിച്ച് നടത്തുന്ന ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ വീഴ്ച്ചകള്‍ ചൂണ്ടികാട്ടുമ്പോള്‍ സ്റ്റേ സമ്പാദിച്ച് ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പിന്നീടത് വിറ്റഴിക്കുകയുമാണ് നിര്‍മ്മാതാക്കള്‍ ചെയ്യുന്നതെന്നും വി.എസ് ആരോപിച്ചു.

We use cookies to give you the best possible experience. Learn more