2008 ഫെബ്രുവരി ആറിനാണ് ഒറ്റ രാത്രികൊണ്ട് മൂലമ്പിള്ളിക്കാര്‍ക്ക് എല്ലാം നഷ്ടമായത്. ബലം പ്രയോഗിച്ചു കുടിയൊഴിപ്പിക്കില്ലെന്ന് ഭരണകൂടം പറഞ്ഞു മണിക്കൂറുകള്‍ക്കകം അവരുടെ വീടുകള്‍ ഇടിച്ചു നിരത്തപ്പെട്ടു. ചെറുത്തുനിന്നവരെ പോലീസ് നേരിട്ടു.
സാധന സാമഗ്രികള്‍ വലിച്ചെറിയപ്പെട്ടു. ചോറു കലങ്ങള്‍ ലാത്തിയടിയേറ്റു പൊട്ടി. ജനിച്ചു വളര്‍ന്ന വീടുകള്‍ ഇടിഞ്ഞു വീഴുമ്പോള്‍ പലരും ബോധംകെട്ടു. മണ്‍കൂനകളായി മാറിയ വീടുകളുടെ മേല്‍ കുഞ്ഞുങ്ങള്‍ വെറും മണ്ണില്‍ കിടന്നുറങ്ങി.
വലിയ മാധ്യമ പിന്തുണയൊന്നും മൂലമ്പള്ളിക്കാര്‍ക്ക് കിട്ടിയില്ല. മുഖ്യധാരാ രാഷ്ട്രീയക്കാര്‍ അവിടെ തമ്പടിച്ചില്ല. സൗജന്യ നിയമ സഹായവുമായി ആരും വന്നില്ല. മൂലമ്പള്ളിക്കാര്‍ക്കായി സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാന്‍ ആരും ഉണ്ടായില്ല. കൊച്ചിയിലെ അംബരചുംബികളായ ഫ്‌ളാറ്റുകളില്‍ നിന്ന് മൂലമ്പള്ളിക്കാര്‍ക്കായി ആരും ശബ്ദമുയര്‍ത്തിയില്ല. ‘വികസനവിരുദ്ധരായ’ മൂലമ്പള്ളിക്കാരെ പലരും പരിഹസിച്ചു. മൂലമ്പള്ളി സമരത്തിന് പിന്നില്‍ നക്‌സലുകളാണെന്ന് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു.
മൂലമ്പള്ളിയില്‍ പേരിനൊരു പുനരധിവാസ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അത് വലുതായൊന്നും ഫലവത്തായില്ല. അന്ന് കിടപ്പാടം നഷ്ടമായ പലരും ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷവും വാടക വീടുകളിലാണ്. കുറേക്കാലം അവര്‍ സമരമൊക്കെ നടത്തിയിരുന്നു. ഇപ്പോള്‍ എവിടെയൊക്കെയോ ചിതറി….
പതിനൊന്നു വര്‍ഷങ്ങള്‍ക്കിപ്പുറം മരട്…
തീരദേശ പരിപാലന നിയമം നഗ്‌നമായി ലംഘിച്ചു കെട്ടിപ്പൊക്കിയ അഞ്ചു ഫ്‌ളാറ്റ് സമുച്ഛയങ്ങള്‍ പൊളിച്ചു നീക്കാന്‍ സുപ്രീംകോടതി ഉത്തരവ്.
കണ്ണില്‍ ചോരയില്ലാത്ത വിധിയെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഫ്‌ളാറ്റുടമകള്‍ വഴിയാധാരമാകരുതെന്ന് രമേശ് ചെന്നിത്തല. സൗജന്യ നിയമ സഹായവുമായി ജസ്റ്റിസ് കമാല്‍ പാഷ. ഇടതു വലതു എംപിമാര്‍ ഒന്നിച്ചു പ്രധാനമന്ത്രിക്ക് നിവേദനം. ഫ്‌ളാറ്റുടമകള്‍ക്കായി സിപിഎം ധര്‍ണ. ഹൈബി ഈഡന്‍ ഒരാഴ്ചയായി അവിടെത്തന്നെയാണ്, സമരമുഖത്ത്.
ഒന്നരക്കോടിവരെ മുടക്കി ഫ്ളാറ്റ് വാങ്ങിയവര്‍ ഇതാദ്യമായി പ്ലെക്കാര്‍ഡുകള്‍ പിടിച്ചു മുദ്രാവാക്യം മുഴക്കുന്നു. തിരുവോണത്തിന് പട്ടിണി സമരം നടത്തുന്നു. കിടപ്പാടം, സമരം, പോരാട്ടം എന്നൊക്കെ അവര്‍ പറഞ്ഞു പഠിക്കുന്നു. ഇതു കേട്ട്, ഭരണകൂടം മനസലിഞ്ഞു നില്‍ക്കുന്നു. ഫ്‌ളാറ്റുടമകള്‍ക്ക് അനുകൂലമായ വാദങ്ങള്‍ കോടതിയില്‍ ഉന്നയിക്കാന്‍ കേരളത്തിനായി സോളിസിറ്റര്‍ ജനറല്‍ തന്നെ സുപ്രീം കോടതിയില്‍ ഹാജരാകും. കരുണ കാട്ടണമെന്ന് അപേക്ഷിച്ചു ഫ്ളാറ്റ് ഉടമകള്‍ക്കായി സര്‍ക്കാര്‍ കോടതിയുടെ കാല്‍ക്കല്‍ വീഴും.
മരടിലെ ഫ്‌ളാറ്റുടമകളില്‍ ഒരു ചെറു വിഭാഗം തീര്‍ച്ചയായും പോകാന്‍ മറ്റൊരിടം ഇല്ലാത്തവരാണ്. ജീവിതത്തിലെ എല്ലാ സമ്പാദ്യവും നിക്ഷേപിച്ചു ഫ്ളാറ്റ് വാങ്ങിയവര്‍. എന്നാല്‍, ഒരു ലാഭനിക്ഷേപമെന്ന നിലയില്‍ വാങ്ങി താമസക്കാരില്ലാതെ അടഞ്ഞു കിടക്കുന്ന ഫ്‌ളാറ്റുകളുണ്ട്. തീരദേശ നിയമം ലംഘിച്ചതിന് കേസ് ഉണ്ടെന്നു അറിഞ്ഞുകൊണ്ട് തന്നെ ഫ്ളാറ്റുകള്‍ വാങ്ങിയ അനേകം പേര്‍ ഉണ്ട്. കോടതിയിലെത്തുന്ന എല്ലാ പരിസ്ഥിതി കേസുകളുംപോലെ ഇതും പണം നല്‍കി വക്കീലിനെ വെച്ചാല്‍ അലിഞ്ഞു ഇല്ലാതാകുമെന്ന് കരുതി ഫ്ളാറ്റ് വാങ്ങിയവര്‍. ആ ധാരണകളാണ് കോടതി പൊളിച്ചത്. ഇടയ്ക്ക് ഒരടി നല്ലതാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഈ അനധികൃത ആകാശ മന്ദിരങ്ങള്‍ക്ക് അനുമതി നല്‍കിയ ഉദ്യോഗസ്ഥരും ഭരണാധികാരികളും ഇപ്പോള്‍ ചിത്രത്തില്‍ ഇല്ല. കാരണം, നിരപരാധികളായ ഫ്ളാറ്റുടമകള്‍ ഃ കണ്ണില്‍ ചോരയില്ലാത്ത കോടതി എന്ന ദ്വന്ദ്വത്തില്‍ ഇത് നില്‍ക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്.
അല്ലെങ്കില്‍ ആരാണ് ഈ നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കിയതെന്ന ചോദ്യം വരും. ഏതു തദ്ദേശ സ്ഥാപനങ്ങള്‍? ഏതു ഉദ്യോഗസ്ഥര്‍? ഏതു ഭരണാധികാരികള്‍? ഒപ്പം, അപ്പം ചുടുമ്പോലെ അതിവേഗം അനുമതികള്‍ ഓരോന്നായി വാങ്ങിയെടുത്ത് ഇതൊക്കെ കെട്ടിപ്പൊക്കിയ നിര്‍മാതാക്കള്‍ ആരെന്ന ചോദ്യം വരും. അതൊക്കെ എല്ലാവര്‍ക്കും തലവേദനയാകും. ഇടതിനും വലതിനും.
ശ്രദ്ധിച്ചാല്‍ മനസിലാകും, ‘ സര്‍ക്കാര്‍ രക്ഷിക്കണം’ എന്നാണു ഫ്ളാറ്റുടമകള്‍ പറയുന്നത്. നഷ്ടം സര്‍ക്കാര്‍ വഹിക്കണമെന്ന്. ഒഴിപ്പിക്കാന്‍ നോക്കിയാല്‍ ആത്മഹത്യ ചെയ്യുമെന്നും. ഈ അനധികൃത നിര്‍മാണങ്ങള്‍ നടത്തി അത് വിറ്റഴിച്ച ഫ്ളാറ്റ് നിര്‍മാതാക്കളെക്കുറിച്ചു അവര്‍ക്ക് പരാതിയൊന്നും ഇല്ല. ആ ഫ്ളാറ്റ് നിര്‍മാതാക്കളുടെ പേര് പോലും പറയാന്‍ സമരക്കാര്‍ മടിക്കുന്നു. അനധികൃത ഫ്ളാറ്റുകള്‍ നിര്‍മിച്ചു വിറ്റ് തങ്ങളെ വഞ്ചിച്ച ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് എതിരെ കേസിനു പോകുമെന്ന് ഏതെങ്കിലും ഫ്ളാറ്റുടമ പറഞ്ഞോ? ഇല്ല. പറയില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മരട് ഒരു പാഠമാണ്. ചട്ടങ്ങള്‍ കാറ്റില്‍ പറത്തി അനുമതികള്‍ ചുട്ടെടുത്ത് ആകാശ മന്ദിരങ്ങള്‍ പണിയുന്നവര്‍ ഇനിയും അത് തുടരും. എന്നാല്‍, അധ്വാനിച്ചുണ്ടാക്കിയ പണം മുടക്കി അത് വാങ്ങാന്‍ ഇറങ്ങുന്നവര്‍ ഇനി രണ്ടുവട്ടം ആലോചിക്കും. ചുരുങ്ങിയപക്ഷം കേസുണ്ടോ എന്നെങ്കിലും അന്വേഷിക്കും. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ടുമെന്റ്, ആല്‍ഫ വെഞ്ചേഴ്‌സ് എന്നൊക്കെയുള്ള പേരുകള്‍ കണ്ട് ലക്ഷങ്ങള്‍ മുടക്കുമ്പോള്‍ ഒരു മിനിമം പരിശോധനയെങ്കിലും നടത്തും. അതാണ് ഈ സുപ്രീംകോടതി ഇടപെടലിന്റെ ഗുണവും പാഠവും.
ഇതൊക്കെയാണെങ്കിലും മരടിലെ ആ ഫ്ളാറ്റുകള്‍ ഇടിച്ചു നിരത്താതിരിക്കാന്‍ സര്‍ക്കാരിന് മുന്നില്‍ വഴിയുണ്ടെങ്കില്‍ അത് പരിഗണിക്കപ്പെടണം. അഞ്ചു കൂറ്റന്‍ മന്ദിരങ്ങള്‍ ഇടിച്ചു നിരത്തുന്നതിന്റെ പാരിസ്ഥിതിക ആഘാതം ഭീകരമായിരിക്കും. ഒപ്പം ഫ്ളാറ്റുടമകളില്‍ ഒരു ചെറിയ വിഭാഗം, ജീവിതത്തിലെ എല്ലാ സമ്പാദ്യവും ആ ഫ്ളാറ്റുകളില്‍ മുടക്കിയവരാണ്. ആ മാനുഷിക വശം പരിഗണിക്കപ്പെടണം.
ആ അനധികൃത നിര്‍മാണങ്ങള്‍ക്ക് അനുമതി കൊടുത്തവര്‍ ചിത്രത്തില്‍ വരണം. അവര്‍ വിചാരണ ചെയ്യപ്പെടണം. ആ മന്ദിരങ്ങള്‍ കെട്ടിപ്പൊക്കിയ നിര്‍മാതാക്കളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണം. മേലില്‍ ഇത്തരം നിര്‍മാണങ്ങള്‍ ഉണ്ടാകാത്ത വിധം നിയമം കര്‍ശനമാക്കാന്‍ ഈ അവസരം സര്‍ക്കാര്‍ ഉപയോഗിക്കണം. ഒരു തിരുത്തലിനുള്ള അവസരമാണിത്.