തന്റെ പിതാവിനെ കൊലപ്പെടുത്തിയതാണെന്നും അതിന് പിന്നില്‍ ആരാണമെന്ന് തനിക്ക് അറിയാമെന്നും ഫുട്‌ബോള്‍ ഇതിഹാസം ഡിഗോ മറഡോണയുടെ മകന്‍ ഡീഗോ അര്‍മാന്‍ഡോ മറഡോണ ജൂനിയര്‍.
2020ലാണ് ഫുട്‌ബോള്‍ ലോകത്തെ കണ്ണീരിലാഴ്ത്തി മറഡോണ വിടപറഞ്ഞത്. ഹൃദയാഘാതം മൂലമായിരുന്നു മറഡോണയുടെ അന്ത്യം. ബ്യൂണസ് ഐറിസിലെ മസ്തിഷ്‌ക ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ചുവരികെയാണ് അദ്ദേഹം മരണപ്പെടുന്നത്.
അതേസമയം, മറഡോണയെ ചികിത്സിച്ച ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് മെഡിക്കല്‍ സ്റ്റാഫുകളും അര്‍ജന്റൈന്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്. അശ്രദ്ധമൂലമുള്ള നരഹത്യയാണ് ഇവര്‍ക്ക് മേല്‍ ചുമത്തപ്പെട്ടിട്ടുള്ളത്.
എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വഭാവികമായ ഒന്നും തന്നെയില്ല എന്നാണ് അല്‍ ജസീറയുടെ റിപ്പോര്‍ട്ട്.
തന്റെ പിതാവിന്റെ മരണത്തില്‍ നീതി ലഭിക്കും വരെ പോരാടുമെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്നും ഡീഗോ അര്‍മാന്‍ഡോ മറഡോണ ജൂനിയര്‍ പറഞ്ഞു. മീഡിയ സെറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു തുറന്ന അന്വേഷണം നടക്കുന്നുണ്ട്. അര്‍ജന്റൈന്‍ നീതിന്യായ വ്യവസ്ഥയില്‍ ഞങ്ങള്‍, അദ്ദേഹത്തിന്റെ മക്കള്‍ക്ക് ഏറെ വിശ്വാസമുണ്ട്. ഇതൊരിക്കലും ഇങ്ങനെ അവസാനിക്കാന്‍ പാടില്ല എന്ന് എനിക്ക് ബോധ്യമുണ്ട്.
അവര്‍ എന്റെ അച്ഛനെ കൊന്നുകളഞ്ഞു. അതിന് കാരണമായത് ആരാണെന്ന് പറയുന്നത് എന്റെ ജോലിയല്ല. എന്നാല്‍ ആരാണ് അത് ചെയ്തത് എന്നതിനെ കുറിച്ച് എനിക്ക് ധാരണയുണ്ട്.
എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്ന സമയത്ത് അവര്‍ അദ്ദേഹത്തെ വിധിക്ക് വിട്ടുകൊടുക്കുകയായിരുന്നു. എന്റെ ജീവിതത്തിലെ അവസാന നാള്‍ വരെ നീതിക്ക് വേണ്ടി പോരാടുമെന്ന് ഞാന്‍ സത്യം ചെയ്തിട്ടുണ്ട്,’ ഡീഗോ അര്‍മാന്‍ഡോ മറഡോണ ജൂനിയര്‍ പറഞ്ഞു.