2018ല്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ മെസിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ തരംഗമാകുന്നു. ബാഴ്‌സലോണ താരമായ മെസി ഒരു നല്ല ലീഡര്‍ അല്ലെന്നായിരുന്നു മറഡോണ അന്ന് പറഞ്ഞത്.
2010ലെ ലോകകപ്പില്‍ മെസിയെ കോച്ച് ചെയ്തത് മറഡോണയായിരുന്നു. ഫോക്‌സ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ മറഡോണ മെസിയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഇ.എസ്.പി.എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
‘ഇനി മെസിയെ ദൈവമാക്കരുത്. അവന്‍ ബാഴ്‌സലോണക്ക് വേണ്ടി കളിക്കുമ്പോള്‍ മാത്രമാണ് മെസി. ആ ജേഴ്‌സി ധരിക്കുമ്പോള്‍ മാത്രമാണ് മെസി ദൈവമാകുന്നത്. അര്‍ജന്റീനക്ക് വേണ്ടി കളിക്കുമ്പോള്‍ അവന്‍ മറ്റാരോ ആണ്.
അവന്‍ മികച്ച താരമാണ്, എന്നാല്‍ മികച്ച ലീഡറല്ല. മത്സരം തുടങ്ങുന്നതിന് മുമ്പ് 20 പ്രാവശ്യം ടോയ്‌ലെറ്റില്‍ പോകുന്നവനെ പിടിച്ച് ലീഡറാക്കുന്നത് ഉപയോഗ ശൂന്യമാണ്,’ എന്ന് മറഡോണ പറഞ്ഞതായി ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
2018ല്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീന പരാജയപ്പെട്ടതോടെ മെസി ദേശീയ ടീമില്‍ നിന്ന് ബ്രേക്ക് എടുത്തിരുന്നു.
തൊട്ടുപിന്നാലെയാണ് മറഡോണ മെസിയെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടവേളയെടുക്കാന്‍ മെസി തീരുമാനിച്ചത് ബുദ്ധിപരമായ നീക്കമാണെന്നും മറഡോണ പറഞ്ഞിരുന്നു.
മറഡോണക്ക് കീഴില്‍ മൂന്ന് കോപ്പ അമേരിക്ക ടൂര്‍ണമെന്റിലും 2014ലെ ലോകകപ്പിലും മെസി തോല്‍വി വഴങ്ങിയിരുന്നു.
എന്നാല്‍ 2018ല്‍ ലയണല്‍ സ്‌കലോണി പരിശീലന സ്ഥാനത്തേക്ക് എത്തിയതോടെ മികച്ച പ്രകടനമാണ് മെസി ദേശീയ ടീമിനായി പുറത്തെടുക്കുന്നത്.
സ്‌കലോണിയുടെ നേതൃത്വത്തില്‍ കോപ്പാ, ഫൈനലിസിമ, ലോകകപ്പ് എന്നീ കിരീടങ്ങള്‍ അര്‍ജന്റീന കരസ്ഥമാക്കുകയും കൂടാതെ സ്‌കലോണിക്ക് കീഴില്‍ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം നേടാനും മെസിക്കായി.
സ്‌കലോണിക്ക് കീഴില്‍ അച്ചടക്കവും തീവ്രവുമായ ഫുട്‌ബോള്‍ കളിക്കുന്ന ഒരു ടീം എന്ന നിലയിലേക്കും, താരങ്ങളെ ആശ്രയിക്കുന്നതിന് പകരം ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കുന്ന ഒരു സംഘമായും അര്‍ജന്റീന മാറിയിരുന്നു.
Content Highlights: Maradona’s words about Messi goes viral