| Friday, 18th December 2020, 7:55 am

ഡി.എന്‍.എ ടെസ്റ്റിനായി മറഡോണയുടെ മൃതദേഹം സൂക്ഷിക്കണം; വിവാദ കേസില്‍ അര്‍ജന്റീനിയന്‍ കോടതിയുടെ ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്യൂണസ്: പിതൃത്വവുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നതിനാല്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മൃതദേഹം സൂക്ഷിക്കണമെന്ന് അര്‍ജന്റീനിയന്‍ കോടതി.

മറഡോണ തന്റെ പിതാവാണെന്ന് അവകാശപ്പെട്ട് 25 കാരിയായ മഗാല ഗില്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. മറഡോണയുടെ ഡി.എന്‍.എ സാമ്പിളുകള്‍ പരിശോധിക്കാനാണ് മൃതദേഹം സൂക്ഷിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

നവംബര്‍ 25നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മറഡോണ അന്തരിച്ചത്. ബ്യൂണസ് ഏരിസിലെ സെമിത്തേരിയില്‍ അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചെങ്കിലും മരണം വിവാദമായതോടെ ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമെ മൃതദേഹം സംസ്‌കരിക്കാന്‍ പാടുള്ളൂ എന്ന് കോടതി ഉത്തരവിടുകയായിരുന്നു.

ഇപ്പോള്‍ പിതൃത്വ അവകാശവുമായി ബന്ധപ്പെട്ട കേസ് കൂടി നിലനില്‍ക്കുന്നതിനാല്‍ മറഡോണയുടെ സംസ്‌കാരം നീളുമെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

മറഡോണയ്ക്ക് ഒരു വിവാഹത്തില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളുണ്ട്. ഡിവോഴ്‌സിന് ശേഷം ആറ് കുട്ടുകളുടെ കൂടി പിതൃത്വം  മറഡോണ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇതില്‍ മഗാലി ഗില്‍ ഉള്‍പ്പെട്ടില്ല. ഇതേ തുടര്‍ന്നാണ് അവര്‍ കോടതിയില്‍ പരാതിപ്പെട്ടത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റ അമ്മ വിളിച്ച് മറഡോണയാണ് അച്ഛനെന്ന് പറഞ്ഞുവെന്നാണ് മഗാലി ഗില്‍ അവകാശപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലും തന്റെ അച്ഛന്‍ മറഡോണയാണോ എന്നറിയാനുള്ള എല്ലാ അവകാശവും തനിക്കുണ്ടെന്നും ഗില്‍ പറയുന്നുണ്ട്.

മറഡോണയുടെ ഡി.എന്‍.എ സാമ്പിളുകള്‍ ലഭ്യമാണെന്നും അതിനാല്‍ മൃതദേഹം പുറത്തെടുത്തുള്ള പരിശോധന ആവശ്യമില്ലെന്നും മറഡോണയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മറഡോണയുടെ സ്വത്ത് അവകാശവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മക്കള്‍ ഉള്‍പ്പെടെ നിയമ വ്യവഹാരത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ലോകത്തെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളില്‍ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Maradona’s body ‘must be conserved’ for DNA test, judge rules

We use cookies to give you the best possible experience. Learn more