| Thursday, 26th November 2020, 8:41 am

കണ്ണൂരിലെ പിറന്നാളാഘോഷത്തില്‍ ഫുട്‌ബോള്‍ രൂപത്തിലുള്ള കേക്കില്‍ മറഡോണ കത്തിവെച്ചില്ല; ഹൃദയമായിരുന്നു മറഡോണയ്ക്ക് ഫുട്‌ബോള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വേര്‍പാടിന്റെ വേദനയില്‍ ലോകം മഴുവന്‍ നീറുകയാണ്. ഫുട്‌ബോളിനെയും മറഡോണയെയും എക്കാലവും ഹൃദയത്തില്‍ കൊണ്ടുനടന്ന മലയാളികള്‍ക്ക് ഒരിക്കല്‍ മറഡോണയുടെ പിറന്നാളാഘോഷത്തിന് സാക്ഷികളായ ഓര്‍മ്മകള്‍ കൂടിയുണ്ട്. 2012 ല്‍ കണ്ണൂരിലെ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു അത്. ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ഉദ്ഘാടത്തിനായി കേരളത്തിലെത്തിയ മറഡോണയുടെ പിറന്നാളാഘോഷിക്കാന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു. പിറന്നാള്‍ ദിനത്തിന് ആറ് ദിവസം മുമ്പാണ് ചടങ്ങ് നടന്നത്.

ഇതിഹാസ താരം വരുമെന്നറിഞ്ഞ് പുലര്‍ച്ചെ നാല് മണി മുതല്‍ തന്നെ സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞ് നില്‍ക്കുകയായിരുന്നു. മറഡോണയുടെ സ്‌റ്റേഡിയത്തിലേക്കുള്ള വരവ് ആഘോഷങ്ങള്‍കൊണ്ട് നിറഞ്ഞു. മണിക്കൂറുകളോളം പൊരിവെയിലില്‍ താരത്തിനായി കാത്തുനിന്ന ജനക്കൂട്ടം ഇളകി മറിഞ്ഞു. ഉച്ചത്തില്‍ ‘ഡീഗോ… ഡീഗോ…’ എന്ന ഹര്‍ഷാരവങ്ങള്‍ മുഴങ്ങി.

കണ്ണൂരിന്റെ അതിരറ്റ സ്‌നേഹത്തില്‍ മറഡോണയും ആവേശഭരിതനായി. കേരളത്തിന്റെ ഫുട്‌ബോള്‍ മാന്ത്രികനും മറഡോണയുടെ കടുത്ത ആരാധകനുമായ ഐ.എം വിജയനോടൊപ്പം പന്തുകളിച്ചു. പരിപാടിയുടെ അവതാരികയായിരുന്ന രഞ്ജിനി ഹരിദാസിനോടൊപ്പം ചേര്‍ന്ന് നൃത്തം ചെയ്തു.

വേദി വിടുന്നതിന് മുമ്പ് ഫുട്‌ബോളിന്റെയും മൈതാനത്തിന്റെയും രൂപത്തില്‍ തയ്യാറാക്കിയ കേക്ക് മറഡോണയുടെ മുന്നിലെത്തി. വേദിയിലുണ്ടായിരുന്ന ജനപ്രതിനിധികളെയും സംഘാടകരെയും ചുറ്റിലും നില്‍ക്കുന്ന അസംഖ്യം ജനക്കൂട്ടത്തെയും ചേര്‍ത്തുനിര്‍ത്തി മറഡോണ കേക്ക് മുറിച്ച് പിറന്നാളാഘോഷിച്ചു. ഫുട്‌ബോളിന്റെ രൂപത്തിലുള്ള കേക്കില്‍ പക്ഷേ മറഡോണ കത്തിവെച്ചില്ല. മറഡോണയ്ക്ക് ഫുട്‌ബോള്‍ ഹൃദയമായിരുന്നു.

മൈതാനത്തില്‍ നിന്ന് ‘ഹാപ്പി ബര്‍ത്ത് ഡേ ഡീഗോ’ എന്ന് ഉച്ചത്തില്‍ മുഴങ്ങിയപ്പോള്‍ ഡീഗോ മറുപടിയായി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ‘വിവാ ഇന്ത്യ, വിവാ ഇന്ത്യ, ഐ ലവ് കേരള’…

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Maradona’s Birth Day Celebration in Kerala

We use cookies to give you the best possible experience. Learn more