മെസിയോ റൊണാള്‍ഡോയോ? ഇവരില്‍ മികച്ചതാര്? ഈ തര്‍ക്കം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഫുട്ബോള്‍ ഉള്ളിടത്തോളം കാലം അന്ത്യമില്ലാതെ തുടരും എന്നുറപ്പുള്ള ചര്‍ച്ചയാണിത്.
ഏറ്റവും മികച്ച താരമാര് എന്ന ചോദ്യം മിക്ക പ്രൊഫഷണല്‍ താരങ്ങളും പരിശീലകരും കരിയറിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഈ ചോദ്യം നേരിട്ടിട്ടുണ്ടാകും.
ഇതിഹാസ താരങ്ങളും ഇതിഹാസ പരിശീലകരും ഈ വിഷയത്തില്‍ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിട്ടുമുണ്ട്. അര്‍ജന്റൈന്‍ ഇതിഹാസ താരം ഡിഗോ മറഡോണ ഈ വിഷയത്തില്‍ എന്നും ലയണല്‍ മെസിക്കൊപ്പമാണ് നിലകൊണ്ടിട്ടുള്ളത്. മെസിയാണ് എന്തുകൊണ്ടും പോര്‍ച്ചുഗല്‍ ഇതിഹാസത്തേക്കാള്‍ മികച്ചത് എന്നാണ് മറഡോണയുടെ വാദം.
ഈ വിഷയത്തില്‍ മറഡോണ 2012ല്‍ നടത്തിയ പ്രസ്താവന ഒരിക്കല്‍ക്കൂടി ചര്‍ച്ചയാവുകയാണ്. റൊണാള്‍ഡോക്ക് ഒരിക്കലും മെസിയുടെ ലെവലിലേക്ക് ഉയരാന്‍ സാധിക്കില്ലെന്നും രണ്ടാം സ്ഥാനമാണ് അദ്ദേഹത്തിന് നേടാന്‍ സാധിക്കുകയെന്നുമാണ് മറഡോണ പറഞ്ഞത്.
ടി.വി.ആറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരിക്കലും മെസിയുടെ ലെവലിലേക്ക് എത്തില്ല. മെസിക്ക് ഒരിക്കലും ക്രിസ്റ്റിയാനോയുടെ പവര്‍ഫുള്‍ ഷോട്ടുകള്‍ ആവശ്യമില്ല, അവന്‍ പന്ത് കാലില്‍ കൊരുത്ത് ഡ്രിബിള്‍ ചെയ്ത് ഗോളിലേക്ക് മുന്നേറുകയാണ് ചെയ്യുന്നത്.
ക്രിസ്റ്റ്യാനോ ബാലണ്‍ ഡി ഓര്‍ നേടിയപ്പോള്‍ ഇനി രണ്ടാം സ്ഥാനമില്ല എന്നാണ് മെസിയോട് പറഞ്ഞത്. ഇപ്പോള്‍ രണ്ടാം സ്ഥാനം മാത്രമാണ് റൊണാള്‍ഡോക്ക് നേടാന്‍ സാധിക്കുന്ന ഏറ്റവും ഉയര്‍ന്ന നേട്ടം,’ മറഡോണ പറഞ്ഞു.
തന്റെ പിന്‍ഗാമിയെന്ന് മെസിയെ വിശേഷിപ്പിക്കുന്നതിനെ കുറിച്ചും മറഡോണ അന്ന് സംസാരിച്ചിരുന്നു.
‘എനിക്ക് ഇത്തരത്തിലുള്ള താരതമ്യങ്ങള്‍ ഒന്നും തന്നെ ഇഷ്ടമല്ല. എന്നിരുന്നാലും മെസിയുമായി താരതമ്യം ചെയ്യുക എന്നത് തന്നെ മനോഹരമായ കാര്യമാണ്. ഞങ്ങള്‍ രണ്ട് പേരും ലെഫ്റ്റ് ഫൂട്ടര്‍മാരാണ്, അര്‍ജന്റീനക്കാരാണ് ഒപ്പം മികച്ചവരുമാണ്,’ മറഡോണ കൂട്ടിച്ചേര്‍ത്തു.
അതേസമയം, യൂറോപ്പ് വിട്ട് അമേരിക്കന്‍ മണ്ണിലെത്തിയ മെസി അവിടെയും തന്റെ ഐതിഹാസിക നേട്ടങ്ങള്‍ തുടരുകയാണ്.
മെസിയുടെ വരവിന് മുമ്പ് ഒരു കിരീടം പോലുമില്ലാതിരുന്ന മയാമി, ഇതിനോടകം തന്നെ രണ്ട് കിരീടങ്ങളാണ് സ്വന്തമാക്കിയത്.
ഹെറോണ്‍സിനായി സപ്പോര്‍ട്ടേഴ്സ് ഷീല്‍ഡ് സ്വന്തമാക്കിയാണ് മെസി വീണ്ടും ചരിത്രത്തിലേക്ക് നടന്നുകയറിയത്. താരത്തിന്റെ കരിയറിലെ 46ാം കിരീട നേട്ടമാണിത്.
നേരത്തെ ലീഗ്‌സ് കപ്പ് ഫൈനലില്‍ കരുത്തരായ നാഷ്വില്ലിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് മെസിപ്പട കിരീടം നേടിയത്. ഗോള്‍ കീപ്പര്‍മാര്‍ അടക്കം 11 പേരും കിക്കെടുത്ത മത്സരത്തില്‍ ഗോള്‍ കീപ്പര്‍ ഡ്രേക് കലണ്ടറിന്റെ കരുത്തിലാണ് മയാമി കിരീടമണിഞ്ഞത്.
Content Highlight: Maradona praises Lionel Messi