നവാഗതനായ വിഷ്ണു നാരായണ്‍ സംവിധാനം ചെയ്ത ചിത്രമാണ് മറഡോണ. ടോവിനോ തോമസ് ആണ് മറഡോണയായി മുഖ്യ വേഷത്തിലെത്തുന്നത്.മറഡോണയുടെ ജീവിതവും,അയാള്‍ എത്തിപ്പെടുന്ന ജീവിത സാഹചര്യങ്ങളെയും ചുറ്റി പറ്റിയാണ് ചിത്രത്തിന്റെ കഥ വകസിക്കുന്നതും.
“ഞാന്‍ തിരിച്ചു വരും,മുന്‍പത്തെ പോലെ തന്നെ” എന്ന മറഡോണയുടെ വിവരണത്തില്‍നിന്നു തന്നെയാണ് ചിത്രം തുടങ്ങുന്നത്. പക്ഷെ തിരിച്ചു വരവ് പക തീര്‍ക്കുവാന്‍ വേണ്ടിയല്ല, മറഡോണയിലെ മനുഷ്യന്റെ തിരിച്ചു വരവാകുന്നിടത്താണ് ചിത്രം ഒരു ഫീല്‍ ഗുഡ് ഗണത്തിലേക്ക് പോകുന്നതും.യാത്രകള്‍ മനുഷ്യന്റെ തിരിച്ചറിവുകളിലേക്ക് നയിക്കുന്ന സിനിമകള്‍ക്കിടയിലേക്ക്, സംവിധയകാന്‍ വിഷ്ണു നാരായണും,തിരക്കഥാകൃത്ത് കൃഷ്ണ നമ്പൂതിരിയും തിരിച്ചറിവുകള്‍ നമ്മുടെ ചുറ്റുപാടുമുള്ള ജീവിതങ്ങളില്‍ തന്നെയാണെന്ന് കാണിച്ചു തരുന്നു.
കാശിനു വേണ്ടി അല്പം തട്ടിപ്പും വെട്ടിപ്പും ആയി നടക്കുന്ന മറഡോണയും അവന്റെ ഉറ്റ സുഹൃത്ത് സുധിയും,അവരുടെ പ്രവര്‍ത്തികള്‍ക്ക് കിട്ടുന്ന തിരിച്ചടികള്‍,ഇരുവരെയും ജീവിതത്തിന്റെ 2 കോണിലേക്കെത്തിക്കുന്നു, പിന്നീട് മറഡോണയെ കേന്ദ്രികരിച്ചാണ് കഥ സഞ്ചരിക്കുന്നത്. ഒരു ഭാഗത്തു മറഡോണയെയും സുധിയേയും തേടി നടക്കുന്ന ആളുകളും, മറുഭാഗത്തു മറഡോണയും അയാള്‍ക്കുണ്ടാവുന്ന തിരിച്ചറിവുകളും. തന്റെ അതുവരെയുള്ള ജീവിതചര്യകളില്‍നിന്നു ഒറ്റപെട്ടു ജീവിക്കുന്ന സാഹചര്യങ്ങളിലേക്ക് മറഡോണ മാറുന്നിടത്ത്, അയാളുടെ ജീവിതവും കാഴ്ചപാടുകളും മാറുന്നു.ഒറ്റപ്പെട്ട ജീവിതം അയാളിലെ ക്ഷമയും, ഓരോ ജീവിയേയും അയാള്‍ സമീപിക്കുന്ന രീതിയെയും മാറ്റിമറിക്കുന്നു.
ആണത്തം കൈയൂക്കിലല്ല മറിച്, നമുക്ക് വരുന്ന കോപത്തെ നിയന്ത്രിക്കുന്നതിലെ ശക്തിയിലുംകൂടിയാണെന്നു അയാളെ തനിക്കു ചുറ്റുമുള്ള ജീവിതങ്ങള്‍ പഠിപ്പിക്കുന്നു.ഇതെല്ലാമാണ് ചിത്രത്തിനുള്ളിലെ ആവിഷ്‌കാരങ്ങള്‍. എന്നിരുന്നാലും ചിത്രത്തിന്റെ ചിലയിടങ്ങളിലെ വലിച്ചു നീട്ടല്‍ പ്രേക്ഷകനെ ചിലപ്പോഴെങ്കിലും മുഷിപ്പിച്ചേക്കാവുന്നതാണ്.
പ്രകടങ്ങളിലേക്ക് കടക്കുമ്പോള്‍, മറഡോണയായി ടോവിനോ തോമസ് മായാ നദിക്കു ശേഷം മറ്റൊരു മികച്ച രീതിയിലുള്ള ഭാവ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അങ്കമാലി ഡയറീസിന് ശേഷം ടിറ്റോ വില്‍സണ്‍ മറ്റൊരു മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. സുധി എന്ന കഥാപാത്രം ടിറ്റോ വില്‍സണ്‍ അതിന്റെ പൂര്‍ണതയിലേക്ക് എത്തിച്ചിട്ടുമുണ്ട്.ആശാ എന്ന കഥാപാത്രം ചെയ്ത ശരണ്യ ആര്‍ നായര്‍ എന്ന പുതുമുഖ നായികയും നല്ലൊരു അഭിനയം തന്നെയാണ് കാഴ്ച വെച്ചിരിക്കുന്നത്.തുടര്‍ന്ന് ചെമ്പന്‍ വിനോദ് ജോസ്,ലിയോണ ലിഷോയ്,ഷാലു റഹീമും,ജിന്‍സ് ഭാസ്‌കറും എല്ലാവരും തന്നെ അവരുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കി.
ചിത്രത്തിന്റെ കഥയോട് ചേര്‍ന്ന് നില്‍ക്കുന്ന ഛായാഗ്രഹണമായിന്നു ദീപക് ഡി മേനോന്റേത്. ചിത്രത്തിന്റെ ചലനം വേണ്ടുന്ന രീതിയില്‍ തന്റെ എഡിറ്റിംഗിലൂടെ സൈജു ശ്രീധരന്‍ പ്രകടമാക്കിയിട്ടുമുണ്ട്. സുഷിന് ശ്യാമിന്റെ സംഗീതം എടുത്തു പറയേണ്ട മറ്റൊരു ഘടകമാണ്,സിനിമയിലെ പല അവസ്ഥകളെയും സുശിന്റെ സംഗീതം പ്രേക്ഷകനിലേക്ക് എത്തിക്കുന്നുണ്ട്.
മറഡോണ ഒറ്റ വാക്കില്‍ ഒരു ഫീല്‍ ഗുഡ് ചിത്രമാണ്.ജീവിതങ്ങള്‍കിക്കിടയിലെ ബന്ധങ്ങളുടെ സ്വാധീനം കാണിച്ചു തരുന്ന ഫീല്‍ ഗുഡ് ചിത്രം. മറഡോണ തിരിച്ചറിവാണ്, മറയുള്ള മനുഷ്യന്റെ,മറയില്ലാത്ത തിരിച്ചറിവ്…