| Wednesday, 1st August 2018, 8:32 am

മാറാട് കലാപത്തിനുശേഷം ചര്‍ച്ച നടത്തിയത് ആര്‍.എസ്.എസ് നിര്‍ദ്ദേശപ്രകാരം: ശ്രീധരന്‍പിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാറാട് കൂട്ടക്കൊലയ്ക്കുശേഷം സമാധാനമുണ്ടാക്കാന്‍ ചര്‍ച്ച നടത്തിയത് ആര്‍.എസ്.എസ് നിലപാട് അനുസരിച്ചാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. മാറാട് കലാപത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടപ്പോള്‍ തിരിച്ച് എട്ടുപേര്‍ കൊല്ലപ്പെടണമെന്നല്ല, മറിച്ച് നിയമവിധേയമായി അവര്‍ ശിക്ഷിക്കപ്പെടണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“ആര്‍.എസ്.എസാണ് കൊലയുടെ മാര്‍ഗം പാടില്ലെന്ന് പറഞ്ഞത്. ഞാനല്ല തീരുമാനമെടുത്തത്. മാറാടില്‍ എനിയ്ക്ക് ഒരു പോറലുമേറ്റിട്ടില്ല. ”

2011 ല്‍ മുസ്‌ലിം ലീഗുമായി ചര്‍ച്ച നടത്തി എന്ന് പറയുന്ന സംഭവത്തില്‍ താന്‍ മാനനഷ്ടക്കേസ് നല്‍കി വിജയിച്ചതാണെന്നും കുഞ്ഞാലിക്കുട്ടിയുമായി ദുബായില്‍ വെച്ച് ചര്‍ച്ച നടത്തിയെന്നത് വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. അന്ന് തനിക്ക് പാസ്‌പോര്‍ട്ട് പോലുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: കുമ്മനം കേരളരാഷ്ട്രീയത്തിലേക്ക് ഉടന്‍ തിരിച്ചുവരില്ല: ശ്രീധരന്‍പിള്ള

“ആര്‍.എസ്.എസ് ഉള്‍പ്പെടെ സംഘപരിവാര്‍ മധ്യം പറഞ്ഞത് 12 ഹൈന്ദവ നേതാക്കളും 12 മുസ്‌ലിം നേതാക്കളും മുഖാമുഖം ഇരുന്നിട്ടാണ്. പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയ്ക്ക് കലാപം ഉണ്ടാകരുതെന്നായിരുന്നു ആഗ്രഹം. അതുകൊണ്ടാണ് മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചത്. ”

മാറാട് കലാപക്കാലത്ത് സ്വീകരിച്ച് നിലപാടുകളെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍സ്വരങ്ങളില്ലേ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് മാസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് സംസ്ഥാന ബി.ജെ.പി അധ്യക്ഷനായി ശ്രീധരന്‍ പിള്ളയെ തെരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ് ശ്രീധരന്‍ പിള്ളയെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കുന്നത്. 2003-2006 സമയത്തായിരുന്നു മുമ്പ് ശ്രീധരന്‍ പിള്ള ബി.ജെ.പി.യുടെ പ്രസിഡന്റായത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more