| Tuesday, 10th September 2019, 5:30 pm

അഞ്ചുദിവസത്തിനുള്ളില്‍ ഒഴിയണം; മരടിലെ പൊളിക്കാനുള്ള ഫ്‌ളാറ്റുകളുടെ ഉടമകള്‍ക്ക് നോട്ടീസ് നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എറണാകുളം മരടിലെ പൊളിക്കാനുള്ള ഫ്‌ളാറ്റുകള്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിത്തുടങ്ങി. അഞ്ചുദിവസത്തിനുള്ളില്‍ ഫ്‌ളാറ്റുകള്‍ ഒഴിയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്

നഗരസഭയുടെ നോട്ടീസ് കൈപ്പറ്റാന്‍ ഉടമകള്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നോട്ടീസ് ഭിത്തിയില്‍ പതിച്ചു. ജെയിന്‍ കോറല്‍ ഫ്ളാറ്റിന്റെ ഗേറ്റുകള്‍ ഉടമകള്‍ താഴിട്ടു പൂട്ടി. നോട്ടീസുമായി എത്തിയ ഉദ്യോഗസ്ഥരെ ഹോളി ഫെയ്ത് ഫ്‌ളാറ്റ് ഉടമകള്‍ തടഞ്ഞു.

ഉദ്യോഗസ്ഥര്‍ അകത്ത് കയറാതിരിക്കാന്‍ ഫ്‌ളാറ്റുടമകള്‍ ഗേറ്റ് അകത്തുനിന്ന് പൂട്ടി. അവധി ആയതിനാല്‍ ഫ്‌ളാറ്റ് ഉടമകളില്‍ പലരും സ്ഥലത്തില്ലെന്നും അതിനാല്‍ അവധി കഴിഞ്ഞ് നോട്ടീസ് കൈപ്പറ്റാം എന്ന് ഉടമകള്‍ പറഞ്ഞു. അകത്ത് പ്രവേശിക്കാന്‍ സമ്മതിക്കാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ ഗേറ്റിന് പുറത്ത് നോട്ടീസ് പതിപ്പിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍, കായലോരം ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നവര്‍ നോട്ടീസ് കൈപ്പറ്റി എന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. ഫളാറ്റുകളില്‍ നോട്ടീസ് പതിച്ചതായി മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍ പറഞ്ഞു.

അതിനിടെ നാളെ നഗരസഭയ്ക്കു മുന്നില്‍ തങ്ങള്‍ നിരാഹാരമിരിക്കുമെന്ന് ഫ്ളാറ്റുടമകള്‍ അറിയിച്ചിരുന്നു. തിരുവോണദിവസമായതിനാല്‍ പ്രതീകാത്മകമായി തൂശനില വിരിച്ചായിരിക്കും സമരമെന്ന് അവര്‍ പറഞ്ഞിരുന്നു.

മെയ് എട്ടിനാണ് ഫ്ളാറ്റുകള്‍ ഒരു മാസത്തിനകം പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി വിധി പാലിച്ചില്ല. ഇത് ചൂണ്ടിക്കാണിച്ചുള്ള റിപ്പോര്‍ട്ടും കോടതിയില്‍ എത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിന്‍ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ട്മെന്റ്, ആല്‍ഫാ വെഞ്ച്വേഴ്സ് എന്നിവ പൊളിച്ചുനീക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.

We use cookies to give you the best possible experience. Learn more