മറാട് കലാപത്തെക്കുറിച്ച് മായിന്‍ ഹാജിക്ക് മുന്‍കൂര്‍ അറിവ്; കമ്മീഷനെതിരായ ഹരജികള്‍ പിന്‍വലിച്ചു
Kerala
മറാട് കലാപത്തെക്കുറിച്ച് മായിന്‍ ഹാജിക്ക് മുന്‍കൂര്‍ അറിവ്; കമ്മീഷനെതിരായ ഹരജികള്‍ പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th June 2012, 6:30 pm

കോഴിക്കോട്: മാറാട് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് മുസ് ലീം ലീഗ് നേതാവ് എം.സി മായിന്‍ഹാജിയും കോഴിക്കോട് ജില്ലാ കലക്ടറായിരുന്ന സൂരജും വര്‍ഷങ്ങള്‍ക്ക് മുമ്പ് സമര്‍പ്പിച്ച ഹരജികള്‍ പിന്‍വലിച്ചു. ഹരജി പിന്‍വലിക്കുന്നതായും കേസുമായി മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമുള്ള രണ്ട് ഹരജിക്കാരുടെയും അപേക്ഷ പരിഗണിച്ച് ജസ്റ്റിസ് ബി.പി റേ ഹരജികള്‍ തള്ളി. സൂരജ് 2006ലും മായിന്‍ഹാജി 2007ലുമാണ് ഹരജി നല്‍കിയത്.

കലാപത്തിന് പിന്നിലുള്ള ഗൂഢാലോചനയെപ്പറ്റി മായിന്‍ ഹാജിക്ക് മുന്‍കൂര്‍ അറിവുണ്ടായിരുന്നുവെന്ന് വിശ്വസിക്കാന്‍ വ്യക്തമായ കാരണങ്ങളുണ്ടെന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ജോസഫ് തോമസ് കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത്. സമുദായ താല്‍പര്യം സംരക്ഷിക്കാന്‍ കൂട്ടുനിന്ന എന്ന രീതിയില്‍ കലക്ടര്‍ ടി.ഒ സൂരജിനെതിരെയുണ്ടായ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ലെന്നും ഇത് സംബന്ധിച്ച അന്വേഷണത്തിന് സര്‍ക്കാര്‍ നടപടിയെടുക്കണമെന്നുമായിരുന്നു റിപ്പോര്‍ട്ടിലെ മറ്റൊരു പരാമര്‍ശം.

തനിക്ക് കലാപത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് കമ്മീഷനോട് നേരിട്ട് പറയുകയും എഴുതി നല്‍കുകയും ചെയ്തിരുന്നുവെന്നും മായിന്‍ ഹാജി ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. തനിക്ക് സംഭവം സംബന്ധിച്ച് അറിയാമായിരുന്നുവെന്ന് തെളിവ് നല്‍കിയ മറ്റാരും പറഞ്ഞിട്ടുമില്ല. എന്നിട്ടും തനിക്കെതിരെ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അനാവശ്യമായി പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിക്കുകയായിരുന്നു. ഈ പരാമര്‍ശം തന്റെ ഭാവിയെ ബാധിക്കുമെന്നും അതിനാല്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.

കലക്ടറെന്ന നിലയിലും അല്ലാതെയും ഒന്നിലേറെ തവണ കമ്മീഷന് മുന്നിലെത്തി സത്യസന്ധമായി എല്ലാ വിവരങ്ങളും നല്‍കിയിട്ടും തെളിവോ അടിസ്ഥാനമോ ഇല്ലാതെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നായിരുന്നു സൂരജ് ഹരജിയില്‍ ആവശ്യപ്പെട്ടത്.

ഹരജിക്കാരുടെ ആവശ്യം അനാവശ്യമാണെന്നും ഇരുവരില്‍ നിന്നും മറ്റ് സാക്ഷികളില്‍ നിന്നും തെളിവെടുത്ത ശേഷമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു.

2002 ജനുവരിയിലാണ് മാറാട് ഒന്നാം കലാപമുണ്ടായത്. കേസിലെ പ്രതികളെ യഥാസമയം നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ പോലീസിനും ഭരണ സംവിധാനത്തിനും പറ്റിയ വീഴ്ചയാണ് രണ്ടാം കലാപത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടാത്തതില്‍ ഒന്നാം കലാപത്തിലെ ഇരകള്‍ക്ക് ഏറെ അമര്‍ഷമുണ്ടായിരുന്നു. ഇക്കാര്യം ഇവര്‍ അന്നത്തെ ബേപ്പൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റും ജില്ലാ നേതാവുമായ മായിന്‍ ഹാജിയെ പലപ്പോഴായി അറിയിച്ചിരുന്നുവെന്നാണ് കമ്മീഷന് ലഭിച്ച വിവരം. പ്രതികാരത്തിന് ആസൂത്രണം നടക്കുന്നത് അറിയാമായിരുന്നിട്ടും അത് മറച്ചുവെച്ചുവെന്നാണ് മായിന്‍ ഹാജിക്കെതിരെയുള്ള ആരോപണം.

ഒന്നാം മറാട് കലാപത്തിന്റെ ഇരകള്‍ തിരിച്ചടിക്കൊരുങ്ങുന്നതായി മായിന്‍ ഹാജി ജില്ലാ, സംസ്ഥാന ലീഗ് യോഗങ്ങളില്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസിനെയോ മറ്റ് നിയമ സംവിധാനത്തെയോ അറിയിച്ച് കലാപം തടയാന്‍ ശ്രമിച്ചില്ല. ഇത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജോസഫ് തോമസ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മായിന്‍ ഹാജിക്കെതിരെ പരാമര്‍ശമുണ്ടായത്.

മാറാട് കലാപക്കേസിലെ ഗൂഢാലോചന ഉന്നത ഏജന്‍സി അന്വേഷിക്കണമെന്ന് ജുഡീഷ്വല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സി.ബി.ഐ അന്വേഷണത്തെ മുസ്‌ലിം ലീഗ് ശക്തമായി എതിര്‍ക്കുകയായിരുന്നു. നേരത്തെ സി.ബി.ഐ അന്വേഷണത്തിന് വേണ്ടി ഉറച്ചു നിന്ന ബി.ജെ.പിയും അരയസമാജവും പിന്നീട് ഈ ആവശ്യത്തില്‍ നിന്ന് പിന്‍മാറുകയുണ്ടായി. ലീഗ് നേതാക്കളുടെ സ്വാധീനത്തിന് വഴങ്ങിയാണ് ബി.ജെ.പി നേതൃത്വം സി.ബി.ഐ അന്വേഷണ ആവശ്യത്തില്‍ നിന്ന് പിന്‍വാങ്ങിയതെന്ന് ബി.ജെ.പിയിലെ തന്നെ ഒരു വിഭാഗം ആരോപിക്കുന്നുണ്ട്.

മാറാട് സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കാന്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ അവസാന കാലത്ത് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നുവെങ്കിലും പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അന്വേഷണ ഉദ്യോഗസ്ഥരായ പോലീസുകാരെ മാറ്റുകയായിരുന്നു. കേസ് അട്ടിമറിക്കാന്‍ വേണ്ടിയാണ് ഉദ്യോഗസ്ഥരെ മാറ്റിയതെന്നാണ് ആരോപണം. 2003 മെയ് രണ്ടിനാണ് രണ്ടാം മാറാട് കലാപമുണ്ടായത്. ഒമ്പത് പേരാണ് ഈ സംഭവത്തില്‍ കൊല്ലപ്പെട്ടത്.