| Sunday, 29th September 2019, 3:28 pm

നഷ്ടപരിഹാരം രണ്ടാഴ്ചക്കുള്ളില്‍ നല്‍കുമെന്ന് കളക്ടറുടെ ഉറപ്പ്; മരട് ഫ്‌ളാറ്റ് ഉടമകള്‍ നിരാഹാരം അവസാനിപ്പിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം രണ്ടാഴ്ചക്കുള്ളില്‍ നല്‍കുമെന്ന് കളക്ടറുടെ ഉറപ്പ്. ഇതിനെ തുടര്‍ന്ന് ഫ്‌ളാറ്റ് ഉടമകള്‍ നടത്തുന്ന നിരാഹാരം അവസാനിപ്പിക്കും

മൂന്നാം തിയ്യതി തന്നെ ഫ്‌ളാറ്റ് ഒഴിയാനും ഒഴിഞ്ഞുപോകാനുള്ള നോട്ടീസ് കൈപറ്റുമെന്നും ഫ്‌ളാറ്റുടമകള്‍ പറഞ്ഞു. ഹോളി ഫെയ്ത്ത് ഫ്‌ലാറ്റിന് മുന്നിലാണ് ഇവിടെ ഫ്‌ലാറ്റുള്ള ജയകുമാര്‍ വെള്ളിക്കാവ് നിരാഹാരസമരം തുടങ്ങിയിരുന്നത്.

അതേസമയം സര്‍ക്കാര്‍ ഒരുക്കിയ സ്ഥലം കണ്ടു ബോധ്യപ്പെടാതെ അങ്ങോട്ടു മാറില്ലെന്നും വേറെയിടത്തേക്കാണു മാറുന്നതെന്നും തങ്ങള്‍ക്കു സ്വകാര്യത വേണമെന്നും ഉടമകള് പറഞ്ഞു.

ഇന്നലെത്തന്നെ ആല്‍ഫാ വെഞ്ച്വേഴ്സിലെ ഫ്ളാറ്റുടമകള്‍ ഒഴിയാന്‍ തുടങ്ങിയിരുന്നുവെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. സുരക്ഷിത മാര്‍ഗത്തിലൂടെ നിയന്ത്രിത സ്ഫോടനം വഴി മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കുമെന്ന് ആര്‍.ഡി.ഒ സ്നേഹില്‍ കുമാര്‍ സിങ് നേരത്തേ വ്യക്തമാക്കിയിരുന്നു.

ക്രെയിനുകള്‍ ഉപയോഗിച്ചാല്‍ കാലതാമസം വരുമെന്നതിനാലാണ് സാങ്കേതിക വിദ്യമാറ്റിയത്. ഒക്ടോബര്‍ 9ന് മുമ്പ് പൊളിക്കലിനുള്ള കമ്പനികളുമായി കരാറിലൊപ്പിടുമെന്നും ആര്‍.ഡി.ഒ വ്യക്തമാക്കി.

അതേസമയം ഫ്ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സുപ്രീംകോടതി സമിതിയെ നിയോഗിച്ചു. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി കെ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായാണ് സമിതി. ഫ്ളാറ്റ് നിര്‍മ്മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

DoolNews Video

We use cookies to give you the best possible experience. Learn more