തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ച് മരടില്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ച കേസില്‍ കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങിയേക്കുമെന്ന് സൂചന നല്‍കി ക്രൈംബ്രാഞ്ച്. തെളിവുകള്‍ കിട്ടുന്ന മുറയ്ക്ക് രാഷ്ട്രീയക്കാരടക്കമുള്ളവര്‍ പിടിയിലാകുമെന്നും ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.
കേസന്വേഷണത്തില്‍ പുരോഗതിയുണ്ടെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച്. മൂന്നുപേര്‍ അറസ്റ്റിലായതിന് പിന്നാലെ ബാക്കിയുള്ള ഫ്‌ലാറ്റ് ഉടമകളും, കേസിലെ നാലാംപ്രതി മരട് പഞ്ചായത്ത് മുന്‍ ക്ലര്‍ക്ക് ജയറാം നായിക്കും ഒളിവില്‍ പോയിരിക്കുകയാണ്.
ജെയിന്‍ഹൗസ് കമ്പനി ഉടമയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതായി അറിയില്ലെന്ന് തച്ചങ്കരി പറഞ്ഞു. ‘മറ്റ് ഫ്‌ളാറ്റുടമകളെയും കസ്റ്റഡിയില്‍ എടുക്കേണ്ടത് അനിവാര്യമാണ്. കസ്റ്റഡിയിലുള്ള പ്രതികളുടെ ചോദ്യംചെയ്യല്‍ പുരോഗമിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കെതിരെ വിവരം ലഭിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും’, തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.
ഫ്ളാറ്റുകളിലൊന്നിന്റെ നിര്‍മാതാക്കളായ ജെയിന്‍ഹൗസിന്റെ ഉടമ സന്ദീപ് മേത്തയെ കണ്ടെത്തുന്നതിനായി ചെന്നൈയില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. വിവരം അറിഞ്ഞ ജെയിന്‍ഹൗസ് എം.ഡി യായ സന്ദീപ് മേത്ത ചെന്നൈയില്‍ നിന്ന് കടന്നതായാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കായി കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ