| Thursday, 19th January 2017, 6:20 pm

രണ്ടാം മാറാട് കേസില്‍ സി.ബി.ഐ എഫ്.ഐ.ആര്‍: ലീഗ് നേതാക്കളായ മായിന്‍ ഹാജിയും പി.പി മൊയ്തീനും പ്രതികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: രണ്ടാം മാറാട് കലാപ ഗൂഢാലോചനകേസില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. മുസ്‌ലീം ലീഗ് നേതാക്കളായ മായീന്‍ ഹാജിയെയും പി.പി മൊയ്തീനെയും പ്രതികളാക്കിയാണ് എറണാകുളം സി.ജെ.എം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.


Also read ശബരിമല സന്ദര്‍ശനത്തിനു തൃപ്തി ദേശായി കേരളത്തിലെത്തിയെന്നു വിവരം: പൊലീസ് ജാഗ്രതയില്‍


രണ്ടാം മാറാട് കലാപത്തിന്റെ ഗൂഢാലോചന കേസാണ് സി.ബി.ഐ അന്വേഷിക്കുന്നത്. മുസ്‌ലീം ലീഗ് നേതാക്കള്‍ക്ക് പുറമെ എന്‍.ഡി.എഫ് നേതാക്കളും, മഹല്ല് കമ്മിറ്റി ഭാരവാഹികളും മറ്റു നിരോധിത സംഘടനാ നേതാക്കളയും പ്രതിചേര്‍ത്താണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

മുസ്‌ലീം ലീഗിന്റെ സംസ്ഥാന സെക്രട്ടറിയാണ് പ്രതിചേര്‍ക്കപ്പെട്ട മായിന്‍ ഹാജി. രണ്ടാം മാറാട് കലാപ സമയത്ത് വാര്‍ഡ് മെമ്പറായിരുന്നു പി. പി മൊയ്തീന്‍. 2003 മെയ് രണ്ടിനായിരുന്നു ഒമ്പത് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത രണ്ടാം മാറാട് കലാപം നടന്നത്.

2002 ജനുവരിയിലുണ്ടായ ഒന്നാം മാറാട് കലാപത്തിന്റെ തുടര്‍ച്ചയായാണ് രണ്ടാം മറാട് കലാപവവും നടന്നത്. ഒന്നാം മാറാട് കലാപത്തില്‍ അഞ്ചു പേരായിരുന്നു മരിച്ചിട്ടുണ്ടായിരുന്നത്. കലാപത്തെ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണി ജുഡീഷ്യണല്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് 2009ല്‍ ഹൈക്കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി തള്ളിയിരുന്നു. കേസില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ആറു തവണ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു.

സി.ബി.ഐയ്ക്ക് അന്വേഷണം വിട്ടുകൊണ്ട് 2016 നവംബര്‍ പത്തിനായിരുന്നു ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കൊളക്കാടന്‍ മൂസ ഹാജി സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയിലായിരുന്നു ഉത്തരവ്. അന്വേഷണ കമ്മീഷനായ ജസ്റ്റിസ് തോമസ് പി. ജോസഫ് സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശനയനുസരിച്ച് കലാപത്തിനു പിന്നിലെ തീവ്രവാദബന്ധം പ്രത്യേക ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നായിരുന്നു  പൊതുപ്രവര്‍ത്തകനായ മൂസാഹാജി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

ആദ്യം കേസന്വേഷണത്തിനു വിമുഖത കാട്ടിയ സി.ബി.ഐ കഴിഞ്ഞ ആഗസ്ത് ഒന്നിനായിരുന്നു സ്റ്റാന്റിംങ് കൗണ്‍സില്‍ മുഖേന അന്വേഷണത്തിനു തയ്യാറാണെന്നു അറിയിച്ചിരുന്നത്. ക്രൈംബ്രാഞ്ച് റിട്ട സൂപ്രണ്ടും മുന്‍ അന്വേഷണ ഉദ്യോഗസ്ഥനുമായ സി.എം.പ്രദീപ്കുമാര്‍ കേസില്‍ കക്ഷി ചേര്‍ന്നതിനെ തുടര്‍ന്നാണ് സി.ബി.ഐ നിലപാട് മാറ്റിയത്. ഹൈക്കോടതി അനുമതി ലഭിച്ചാലുടന്‍ അന്വേഷണം ഏറ്റെടുക്കാമെന്നായിരുന്നു സി.ബി.ഐ അറിയിച്ചിരുന്നത്. ഇതേ തുടര്‍ന്നായിരുന്നു കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മാറാട് കലാപത്തിനു പിന്നിലെ ഗൂഡാലോചന അന്വേഷിക്കാനായിരുന്നു  ഹൈക്കോടതിയുടെ ഉത്തരവ്.

We use cookies to give you the best possible experience. Learn more