| Monday, 26th March 2012, 5:00 am

കമ്യൂണിസം കാലഹരണപ്പെട്ടുവെന്ന പ്രസ്താവനക്കു പിന്നാലെ മാര്‍പാപ്പ ഇന്ന് ക്യൂബയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹവാന: കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കാലഹരണപ്പെട്ടുവെന്ന പ്രസ്താവനക്കു പിന്നാലെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഇന്ന് ക്യൂബയിലെത്തുന്നു. പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുമായും മുന്‍പ്രസിഡന്റ് ഫിദല്‍ കാസ്‌ട്രോയുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും. 1998ല്‍ ജോണ്‍പോള്‍ മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന് ശേഷം ആദ്യാമായാണ് ആഗോള കത്തോലിക്ക സഭയുടെ അധ്യക്ഷന്‍ ക്യൂബയില്‍ എത്തുന്നത്.

ക്യൂബയിലേക്കുള്ള യാത്രയ്ക്കിടെ മെക്‌സിക്കോയില്‍വെച്ചാണ് കമ്യൂണിസത്തിന് ഇനി നിലനില്പില്ലെന്ന വിമര്‍ശനം മാര്‍പാപ്പ നടത്തിയത്. പരമ്പരാഗത മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തിന് വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളോടു പ്രതികരിക്കാനാവുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു. മാര്‍പാപ്പയുടെ കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്ര വിവാദമായെങ്കിലും, കരുതലോടെയാണ് ക്യൂബ പ്രതികരിച്ചത്. വിമര്‍ശനം കണക്കിലെടുക്കാതെ മാര്‍പാപ്പയുടെ പദവിക്ക് പൂര്‍ണ്ണ ആദരവ് നല്‍കി ഊഷ്മളമായ സ്വീകരണം നല്‍കുമെന്ന് ക്യൂബന്‍ വിദേശകാര്യമന്ത്രി റോഡ്രിഗ്വിസ് വ്യക്തമാക്കിക്കഴിഞ്ഞു.

സ്വയം നവീകരിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യ സാമൂഹികസംവിധാനമാണ് തങ്ങളുടേത്. ഉപകാരപ്രദമായ ആശയ കൈമാറ്റമാണ് പോപ്പിന്റെ സന്ദര്‍ശനം വഴി തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും റോഡ്രിഗ്വിസ് പറഞ്ഞു.

ക്യൂബയിലെ 1.1 കോടി ജനസംഖ്യയുടെ പത്ത് ശതമാനം മാത്രമാണ് കത്തോലിക്ക വിശ്വാസികള്‍ ഉള്ളത്. വിശ്വാസികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സംസ്‌കാര ചടങ്ങിനുപോലും പള്ളിയില്‍ കയറാന്‍ അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ വളരെ ഉദാരമായ നിലപാടാണ് ക്യൂബ സ്വീകരിക്കുന്നത്. പാതകളും വീടുകളും അലങ്കരിച്ച് മാര്‍പാപ്പയെ സ്വീകരിക്കാനുളള ഒരുക്കത്തിലാണ് വിശ്വാസികളായ ക്യൂബക്കാര്‍.

Malayalam News

Kerala News in English

We use cookies to give you the best possible experience. Learn more