കൊച്ചി: അങ്കമാലി അതിരൂപതയിലെ വിഷയത്തില്‍ പ്രതികരിച്ച് മാര്‍ ജോസഫ് പ്ലാംബാനി. ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ തള്ളിക്കളയുക എന്നത് അസാധ്യമായ കാര്യമാണെന്ന് മാര്‍ ജോസഫ് പ്ലാംബാനി പറഞ്ഞു.
മാര്‍പാപ്പയുടെ തീരുമാനം അന്തിമമെന്നും മാര്‍ ജോസഫ് വ്യക്തമാക്കി. അതിരൂപതയുടെ ചുമതല ഏറ്റെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരോടും തുറന്ന് സംസാരിച്ചതിന് ശേഷം വിഷയത്തില്‍ പരിഹാരം കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മാര്‍ ജോസഫ് പ്ലാംബാനി പറഞ്ഞു. കൂട്ടായ തീരുമാനം എടുക്കേണ്ടതുണ്ടെന്നും പ്രതിഷേധിക്കുന്നവരെ ഉള്‍പ്പെടുത്തിയായിരിക്കും ചര്‍ച്ചകള്‍ നടത്തുകയെന്നും അദ്ദേഹം പ്രതികരിച്ചു.
സമരത്തില്‍ നിന്ന് പ്രതിഷേധക്കാര്‍ പിന്മാറണമെന്നും ജോസഫ് പ്ലാംബാനി ആവശ്യപ്പെട്ടു. അതിരൂപതയിലെ വിഷയം ഒരു അടഞ്ഞ അധ്യായമല്ലെന്നും ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്നും മാര്‍ ജോസഫ് പ്ലാംബാനി പറഞ്ഞു.
എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ആത്യന്തികമായ ലക്ഷ്യമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലും പ്രതികരിച്ചു.
തലശ്ശേരി രൂപതയുടെ മെത്രാപോലിത്ത ആയിട്ടുള്ള മാര്‍ ജോസഫ് പ്ലാംബാനിയ്ക്ക് അങ്കലാമി അതിരൂപതയുടെ ചാര്‍ജ് നല്‍കിയിട്ടുണ്ടെന്നും റാഫേല്‍ തട്ടില്‍ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് റാഫേല്‍ തട്ടിലിന്റെ പ്രതികരണം.
ശനിയാഴ്ച പുലര്‍ച്ചയോടെ ദിവസങ്ങളായി അങ്കമാലി അതിരൂപത ആസ്ഥാനമായ സെന്റ് മേരീസ് ബസലിക്കയില്‍ സമരം ചെയ്യുന്ന 21 വൈദികരെ പൊലീസ് സ്ഥലത്ത് നിന്ന് മാറ്റാന്‍ ശ്രമിച്ചിരുന്നു.
പിന്നാലെ വൈദികരെ പിന്തുണക്കുന്ന ഒരു വിഭാഗം അല്‍മായ മുന്നേറ്റം പ്രവര്‍ത്തകര്‍ സഭാ ആസ്ഥാനത്തെത്തി പൊലീസിനെതിരെയും സര്‍ക്കാറിനെതിരെയും പ്രതിഷേധിക്കുകയായിരുന്നു.
ഏകീകൃത കുര്‍ബാനയെ അംഗീകരിക്കാത്ത നാല് വൈദികര്‍ക്കെതിരെയുണ്ടായ നടപടിയില്‍ പ്രതിഷേധിച്ചാണ് വിമത വിഭാഗം വൈദികര്‍ സഭാ ആസ്ഥാനത്ത് പ്രാര്‍ത്ഥന സമരം നടത്തുന്നത്. കൂടാതെ ബിഷപ്പിനൊപ്പം പ്രവര്‍ത്തിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് വിഭാഗമായ കൂരിയയെ മാറ്റിയതിലും വിമത വിഭാഗം പ്രതിഷേധിച്ചിരുന്നു.
ബിഷപ്പും, വികാരി ജനറലും, ചാന്‍സിലറും ഉള്‍പ്പടെയുള്ളവരാണ് കൂരിയയില്‍ ഉണ്ടായിരുന്നത്.
Content Highlight: Mar Joseph Plambani responded to the issue of Angamaly Archdiocese