കണ്ണൂര്‍: രക്തസാക്ഷികളെ അപമാനിക്കുന്ന വിവാദ പരാമര്‍ശങ്ങളുമായി തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. രാഷ്ട്രീയ രക്തസാക്ഷികള്‍ കണ്ടവനോട് അനാവശ്യമായി കലഹിക്കാന്‍ പോയി മരിച്ചവരാണെന്നും ചിലര്‍ പ്രകടനത്തിനിടയില്‍ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് വീണ് മരിച്ചവരാണെന്നുമാണ് അദ്ദേഹം ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. കണ്ണൂര്‍ ചെറുപുഴയില്‍ ഇന്നലെ നടന്ന കെ.സി.വൈ.എം യുവജന ദിനാഘോഷ പരിപാടിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. അപ്പോസ്തലന്‍മാരുടെ രക്തസാക്ഷിത്വത്തെ പ്രകീര്‍ത്തിക്കുന്നതിനിടയിലാണ് അദ്ദേഹം രാഷ്ട്രീയ രക്തസാക്ഷികളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയിരിക്കുന്നത്.
യുവജനാഘോഷത്തിന്റെ വേദിയില്‍ വെച്ച് യുവാക്കളുടെ തൊഴിലില്ലായ്മയടക്കമുള്ള കാര്യങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. തൊഴില്‍ നല്‍കേണ്ടി ബാധ്യത സംസ്ഥാന സര്‍ക്കാറിനുണ്ടെന്നും രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് തൊഴില്‍ ലഭിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞതിന് ശേഷമാണ് അദ്ദേഹം വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ളത്. ദേശീയ, സംസ്ഥാന രാഷ്ട്രീയ വിഷയങ്ങളും കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങളെ കുറിച്ചുമെല്ലാം അദ്ദേഹം ചെറുപുഴയില്‍ നടന്നിട്ടുള്ള ഈ യോഗത്തില്‍ സംസാരിച്ചിട്ടുണ്ട്.
‘രാഷ്ട്രീയ രക്തസാക്ഷികള്‍ കണ്ടവനോട് അനാവശ്യമായി കലഹിക്കാന്‍ പോയി മരിച്ചവരാണ്. ചിലര്‍ പ്രകടനത്തിനിടയില്‍ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്നും വീണ് മരിച്ചവരാണ്. എന്നാല്‍ അതുപോലെയല്ല, ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന അപ്പോസ്തലന്‍മാര്‍, അവര്‍ രാജ്യത്തിന് വേണ്ടിയും, രാജ്യത്തിന്റെ സുസ്ഥിരമായ വളര്‍ച്ചക്ക് വേണ്ടിയും സ്‌നേഹത്തിനും ത്യാഗത്തിനും വേണ്ടി ബലിയര്‍പ്പിച്ചവരാണ്’ എന്നായിരുന്നു അദ്ദേഹം പ്രസംഗിച്ചത്
റബറിന് 300 രൂപയാക്കിയാല്‍ കേരളത്തില്‍ നിന്നും ബി.ജെ.പിക്ക് ഒരു എം.പിയില്ലെന്ന പ്രശ്‌നം പരിഹരിച്ചു തരാമെന്ന പാപ്ലാനിയുടെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ തന്റെ പരമാര്‍ശങ്ങളെ അനാവശ്യമായി വക്രീകരിച്ചതാണ് എന്ന് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും രക്തസാക്ഷികളെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അദ്ദേഹം നടത്തിയിരിക്കുന്നത്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിരവധി രക്തസാക്ഷികളുള്ള കണ്ണൂര്‍ ജില്ലയില്‍ വെച്ച് തന്നെയാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന എന്നുള്ളതും വലിയ വിവാദങ്ങള്‍ക്ക് ഇതിനോടകം തുടക്കമിട്ടിട്ടുണ്ട്. നേരത്തെ അദ്ദേഹത്തിന്റെ റബര്‍ വിലയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ക്കെതിരെ സി.പി.ഐ.എം ജില്ല സെക്രട്ടറി എം.വി.ജയരാജന്‍ അടക്കം വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
content highlight: Mar Joseph Pamplani insulting the martyrs