കൊച്ചി: കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ അഭിനന്ദിച്ച് കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മുന്നണിയേതായാലും അടുത്ത ആരോഗ്യമന്ത്രിയായി കെ.കെ ശൈലജ തന്നെ മതിയെന്നായിരുന്നു ജോര്‍ജ് ആലഞ്ചേരി പറഞ്ഞത്.
‘ആരോഗ്യരംഗത്ത് ശ്രദ്ധിക്കപ്പെടുന്ന നക്ഷത്രമാണ് മന്ത്രി ശൈലജ. ലോകം ശ്രദ്ധിക്കുന്ന നക്ഷത്രം. വികസനത്തിന്റെ സുപ്രധാന മേഖലയാണ് ആരോഗ്യരംഗം. ഈ മേഖലയില്‍ ക്രൈസിസ് മാനേജ്മെന്റ് നയങ്ങളാണ് മന്ത്രി ശൈലജ നടപ്പാക്കിയത്. കൊവിഡ് കാലത്ത് ഒരു രോഗിപോലും ചികിത്സ കിട്ടാതെ മരിച്ചിട്ടില്ല. അടുത്തതവണ കേരളം ഭരിക്കുന്നത് എല്‍.ഡി.എഫ് ആയാലും യു.ഡി.എഫ് ആയാലും ആരോഗ്യമന്ത്രിയായി ശൈലജ ടീച്ചര്‍ മതി,’ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
ആതുരശുശ്രൂഷാരംഗത്ത് ക്രിസ്തീയമായ കരുതലും സാന്ത്വനവും നടപ്പാക്കിയ ഭരണാധികാരിയാണ് ശൈലജ ടീച്ചറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.സി.ബി.സി സംഘടിപ്പിച്ച പഠനശിബിരത്തിന്റെ സമാപനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ആരോഗ്യരംഗത്തെ മികച്ച സേവനങ്ങള്‍ക്ക് കെ.കെ ശൈലജയെ ആദരിക്കുകയും ചെയ്തിരുന്നു.
പ്രതിസന്ധികളെ വെല്ലുവിളികളായി സ്വീകരിച്ച് വിജയമാക്കി മാറ്റിയവരാണ് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ ശൈലജയുമെന്നും ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.