തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രൈസ്തവ വിശ്വാസിയായിരുന്നെങ്കില്‍ ഒരു മെത്രാനെങ്കിലും ആകുമായിരുന്നു എന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന് പിന്നാലെയായിരുന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജിന്റെ പ്രതികരണം.
ആത്മീതയും ഭൗതികതയും ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിഞ്ഞ മഹത് വ്യക്തിയാണ് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞറളക്കാട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
സമൂഹത്തില്‍ സാഹോദര്യം നിലനിര്‍ത്തുന്നതില്‍ ഏറെ പങ്കുവഹിച്ച ആളാണ് ഞറളക്കാട്ടെന്നും നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പൗരോഹിത്യ ജൂബിലി ആഘോഷത്തിന് ഏറെ പ്രസക്തിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അതേസമയം, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞറളക്കാട്ട് മെത്രാനായിരുന്നില്ലെങ്കില്‍ ഒരു കര്‍ഷക നേതാവ് ആകുമായിരുന്നെന്നാണ് ചടങ്ങില്‍ പങ്കെടുത്ത കെ. മുരളീധരന്‍ എം.പി പറഞ്ഞത്. ദല്‍ഹി കര്‍ഷക സമര വേദിയില്‍ അദ്ദേഹത്തെ കാണുമായിരുന്നെന്നും മുരളീധരന്‍ പറഞ്ഞു.