| Wednesday, 22nd October 2014, 8:24 am

സ്വവര്‍ഗാനുരാഗികളുടേത് വിവാഹമല്ല: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: സ്വവര്‍ഗാനുരാഗികളുടേത് വിവാഹത്തിന്റെ ഗണത്തില്‍പെടുത്താനാകില്ലെന്ന കാര്യത്തില്‍ കത്തോലിക്കാ സഭയില്‍ ഭിന്നാഭിപ്രായമില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇതടക്കമുള്ള കാര്യങ്ങളില്‍ മാര്‍പാപ്പയുടെ നിര്‍ദേശം സിനഡ് വോട്ടിനിട്ട് തള്ളിയിട്ടില്ലെന്നും കര്‍ദിനാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പതിവിന് വിപരീതമായി സിനഡിലെ അനുമതിയോടെ പ്രമേയം സൃഷ്ടിക്കപ്പെട്ടതും അവതരണവേളയില്‍ തന്നെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതുമാണ് ഇത്തരം പ്രചാരണത്തിന് ഇടയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രമേയം തയ്യാറാക്കാന്‍ നിയോഗിച്ച കമ്മിറ്റിയാണ് സ്വവര്‍ഗാനുരാഗികളുടെ വിഷയം കൊണ്ടുവന്നത്. അല്ലാതെ മാര്‍പ്പാപ്പയല്ല. എന്നാല്‍ ഈ വിഷയത്തില്‍ പുതിയ സമീപനം സഭയുടെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് മാര്‍പ്പാപ്പയ്ക്ക് അഭിപ്രായമുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വവര്‍ഗാനുരാഗികളോട് കാരുണ്യത്തിന്റെ സമീപനം വേണമെന്നതില്‍ സഭയ്ക്കും പിതാവിനും ഒരേ അഭിപ്രായമാണ്. പാപികളോടുപോലും കാരുണ്യപരമായ നിലപാടെടുക്കുന്ന യേശുക്രിസ്തുവിന്റെ പാത പിന്തുടരുന്ന ക്രൈസ്തവരുടെ നിലപാടുകളില്‍ എപ്പോഴും കാരുണ്യസ്പര്‍ശം ഉണ്ടാകുക സ്വാഭാവികമാണെന്നും കര്‍ദിനാള്‍ വിശദീകരിച്ചു.

62 പ്രമേയമാണ് അവതരിപ്പിച്ചത്. ഇതില്‍ 10 എണ്ണം അന്തിമചര്‍ച്ചയ്ക്ക് വന്നു. അതില്‍ മൂന്നെണ്ണം മാത്രമാണ് തള്ളിയത്. അല്ലാതെ നിര്‍ദേശങ്ങള്‍ മുഴുവന്‍ സിനഡ് വോട്ടിനിട്ട് തള്ളിയിട്ടില്ല. പ്രമേയങ്ങളെല്ലാം വിശദ ചര്‍ച്ചക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കുമായി മാറ്റിയ സാഹചര്യമാണ് നിര്‍ദേശങ്ങള്‍ തള്ളിയെന്ന നിലക്ക് വ്യാഖ്യാനിക്കപ്പെട്ടതെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.

സഭാ വിശ്വാസ പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി പുറത്ത് വിവാഹജീവിതം നയിക്കുന്നവരുടെ കാര്യത്തില്‍ അനുരഞ്ജന കൂദാശയും കുര്‍ബാന അര്‍പ്പണവും അനുവദിക്കണമോ എന്ന പ്രമേയം ചര്‍ച്ചക്ക് മാറ്റിയിട്ടുണ്ട്. സഭാ വിശ്വാസത്തിന് പുറത്തായശേഷം ആത്മീയ കുര്‍ബാന സ്വീകരണത്തിന് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച പ്രമേയവും വിശദ ചര്‍ച്ചക്ക് വേണ്ടി മാറ്റിവെച്ചവയില്‍പ്പെടുന്നു.

വത്തിക്കാനില്‍ സമാപിച്ച സിനഡില്‍ വന്ന നിര്‍ദേശങ്ങള്‍ 2015 ഒക്ടോബര്‍ നാലിന് നടക്കുന്ന അടുത്ത സിനഡില്‍ ചര്‍ച്ച ചെയ്യാന്‍ അന്തിമ തീരുമാനമെടുത്തു. 192 മെത്രാന്മാരും പ്രത്യേകം ക്ഷണിക്കപ്പെട്ട വൈദികരും കുടുംബങ്ങളുമാണ് പങ്കെടുക്കുന്നത്. 25 മെത്രാന്മാര്‍ക്ക് ഒന്നെന്ന നിലയില്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തി 450ഓളം പേര്‍ പങ്കെടുക്കുന്നതാകും അടുത്ത സിനഡ്. വിഷയങ്ങള്‍ സ്വീകാര്യമായ ഫോര്‍മുലയില്‍ അടുത്ത സിനഡില്‍ വരുമെന്നും ഒരു വര്‍ഷം നീളുന്ന ചര്‍ച്ചകള്‍ പ്രധാന വിഷയങ്ങളില്‍ വിവിധ തലങ്ങളില്‍ നടക്കുമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more