| Thursday, 23rd March 2017, 12:10 pm

'സ്ത്രീകളുടെ കുമ്പസാരവുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ അങ്ങനെ പറഞ്ഞിട്ടില്ല': മാര്‍ജോര്‍ജ് ആലഞ്ചേരിയെ തേജോവധം ചെയ്യാനുള്ള ശ്രമമാണിതെന്ന് സീറോ മലബാര്‍ സഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പെണ്‍കുട്ടികളെയും സ്ത്രീകളെയും കന്യാസ്ത്രീകള്‍ കുമ്പസരിപ്പിക്കണമെന്ന ആവശ്യവുമായി സമീപിച്ച കെ.സി.ആര്‍.എം പ്രവര്‍ത്തകരോട് സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സംസാരിച്ചു എന്ന ആരോപണത്തിനെതിരെ സീറോ മലബാര്‍ സഭ. ആലഞ്ചേരിക്കെതിരായ അഡ്വ. ഇന്ദുലേഖയുടെ ആരോപണം അദ്ദേഹത്തെ തേജോവധം ചെയ്യാനുള്ള ശ്രമമാണെന്നും സഭ ആരോപിച്ചു.

ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഒരു പരാമര്‍ശവും കര്‍ദ്ദിനാളിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് സീറോ മലബാര്‍ സഭ ഔദ്യോഗിക വക്താവ് ജിമ്മി പൂച്ചക്കാട്ട് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

കുമ്പസാരക്കൂടിനു മുമ്പില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞ് സ്ത്രീകള്‍ വൈദികരെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് മാര്‍ജോര്‍ജ് ആലഞ്ചേരി തങ്ങളോട് പറഞ്ഞതെന്നായിരുന്നു കെ.സി.ആര്‍.എം പ്രവര്‍ത്തകയായ അഡ്വ. ഇന്ദുലേഖ ആരോപിച്ചത്. ഇത് വലിയ വിവാദമായ സാഹചര്യത്തിലാണ് വിശദീകരണവുമായി സീറോ മലബാര്‍ സഭ രംഗത്തെത്തിയിരിക്കുന്നത്.

ആലഞ്ചേരിയുമായി ഇന്ദുലേഖ കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന കാര്യം സ്ഥിരീകരിച്ച ജിമ്മി പൂച്ചക്കാട്ട് ഈ കൂടിക്കാഴ്ചയ്ക്കിടെ കര്‍ദിനാളിന്റെ ഭാഗത്തുനിന്നും മോശമായ യാതൊരു പരാമര്‍ശവുമുണ്ടായില്ലെന്നും അവകാശപ്പെട്ടു.


Also Read: ക്രൈസ്തവ സഭാ നേതൃത്വം ആത്മപരിശോധനയ്ക്ക് തയ്യാറാവണം: നാലിന പരിപാടി നിര്‍ദേശിച്ച് എം.എ ബേബി 


സ്ത്രീകളെ കുമ്പസരിപ്പിക്കാന്‍ കന്യാസ്ത്രീകള്‍ക്ക് അനുവാദം നല്‍കണമെന്നാവശ്യപ്പെടുന്ന കത്ത് അഡ്വ. ഇന്ദുലേഖ കര്‍ദിനാളിനു അയച്ചിരുന്നു. കത്ത് തിരസ്‌കരിച്ചാല്‍ മേജര്‍ ആര്‍ച്ച് ബിഷപ്‌സ് ഹൗസിനു മുമ്പില്‍ സത്യാഗ്രഹമിരിക്കുമെന്നും കത്തില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കര്‍ദ്ദിനാള്‍ ഇന്ദുലേഖയെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചത്.

ഒരാളെയാണു വിലിച്ചതെങ്കിലും സംഘടനയിലെ നാലുപേരുമായാണ് ഇന്ദുലേഖ സംഭാഷണത്തിനെത്തിയത്. ചര്‍ച്ചയ്ക്കിടെ കന്യാസ്ത്രീകളെ അനുവദിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകണമെന്ന ആവശ്യത്തില്‍ ഇവര്‍ ഉറച്ചുനില്‍ക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇതേത്തുടര്‍ന്ന് കുമ്പസാരവുമായി ബന്ധപ്പെട്ട സഭഛയുടെ പാരമ്പര്യവും ദൈവശാസ്ത്രവും ആലഞ്ചേരി അവര്‍ക്കു വിശദീകരിച്ചു നല്‍കി. എന്നാല്‍ തങ്ങളുന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ മറുപടി നല്‍കണമെന്നായിരുന്നു കെ.സി.എം.ആറിന്റെ നിലപാട്. ഇതിനു കര്‍ദിനാള്‍ തയ്യാറാവാതിരുന്നതോടെ സംഭാഷണം അവസാനിപ്പിച്ച സംഘടനാ പ്രതിനിധികള്‍ തുടര്‍ നടപടികളുമായി മുന്നോട്ടുപോകും എന്നു പറഞ്ഞ് മടങ്ങുകയാണുണ്ടായതെന്നും ജിമ്മി പൂച്ചക്കാട്ട് പറഞ്ഞു.

തുടര്‍ന്നാണ് ആര്‍ച്ച് ബിഷപ്‌സ് ഹൗസിനു മുമ്പില്‍ ധര്‍ണ നടത്തിയെന്നു പറഞ്ഞ അദ്ദേഹം ഈ ധര്‍ണയ്‌ക്കെതിരെ ഒരു പരാതിപോലും പറയാത്ത കാരുണ്യവാനാണ് കര്‍ദിനാളെന്നും അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more