| Wednesday, 17th June 2015, 1:20 pm

വിവാഹം സഭാ വിശ്വാസികളുമായി മാത്രമേ ആകാവൂ എന്ന നിലപാടിനോട് യോജിപ്പില്ല: മാര്‍ ക്രിസ്റ്റോസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: സഭാ വിശ്വാസികളെ മാത്രമേ വിവാഹം കഴിക്കാന്‍ പാടുള്ളൂ എന്ന നിലപാടിനോട് യോജിപ്പില്ലെന്ന് മാര്‍ത്തോമ സഭ വലിയ മെത്രാപോലിത്ത മാര്‍ ക്രിസ്റ്റോസം. മിശ്ര വിവാഹം സംബന്ധിച്ച് മതമേലധ്യക്ഷന്‍മാര്‍ക്ക് സഭയ്ക്കകത്ത് വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയാന്‍ അവകാശമുണ്ട് എന്നാല്‍ ഇത് പരസ്യമായി മറ്റുള്ളവരെ മുറിവേല്‍പ്പിക്കുന്ന തരത്തില്‍ പറയരുതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍ മിശ്ര വിവാഹത്തിനെതിരെ രംഗത്ത് വന്നത് വിവാദമായിരുന്നു. കാഞ്ഞിരപ്പിള്ളി രൂപതയുടെ പാസ്റ്റര്‍ കൗണ്‍സില്‍ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരമാര്‍ശം. എന്നാല്‍ പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹം ഖേദപ്രകടനം നടത്തിയിരുന്നു.

അതേസമയം മിശ്രവിവാഹത്തെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയ ഇടുക്കി ബിഷപ്പിനെ ന്യായീകരിച്ച് ആര്‍ച്ച് ബിഷപ് ജോസഫ് പവ്വത്തില്‍ രംഗത്തെത്തി.

വിശ്വാസത്തിന്റെ പേരിലാണ് മിശ്രവിവാഹത്തെ എതിര്‍ക്കുന്നതെന്നും മറ്റ് സഭാ വിശ്വാസികളുമായുള്ള വിവാഹത്തെ കത്തോലിക്ക സഭ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം ദീപിക ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ പറഞ്ഞു.  ഇടുക്കി ബിഷപ്പിന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ലേഖനത്തിലൂടെ അദ്ദേഹ്യം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more