| Thursday, 25th July 2019, 4:31 pm

വ്രണപ്പെടാന്‍ ഒന്നുമില്ല, കേസുകൊടുത്താലും ഞങ്ങളെ ശിക്ഷിക്കാനാവില്ല; സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് മാഗസിന്‍ പിന്‍വലിച്ചതില്‍ പ്രതികരണവുമായി മാഗസിന്‍ എഡിറ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോതമംഗലം: കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ കോളേജ് മാഗസിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയതിന് പിന്നാലെ മാഗസിന്‍ പിന്‍വലിച്ച് കോളേജ് മാനേജ്‌മെന്റ്.

‘ആന കേറാമല, ആട് കേറാ മല ആയിരം കാന്താരി പൂത്തിറങ്ങി’ എന്ന പേരില്‍ നാല് മാസം മുന്‍പ് പുറത്തിറക്കിയ മാഗസിനെതിരെയാണ് ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയത്.

മാഗസിനിലെ ഒരു ലേഖനം ശബരിമലയേയും അയ്യപ്പനേയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും മാഗസിന്‍ പിന്‍വലിക്കണമെന്നുമായിരുന്നു സംഘപരിവാറിന്റെ ആവശ്യം. ഇതിന് പിന്നാലെ മാഗസിന്‍ പിന്‍വലിക്കുന്നതായി പ്രിന്‍സിപ്പല്‍ പ്രസ്താവന ഇറക്കുകയായിരുന്നു.

‘മാഗസിനില്‍ വന്നിരിക്കുന്ന ചില പരാമര്‍ശങ്ങള്‍ കോളേജിന്റെ ആശയങ്ങള്‍ക്കും കാഴ്ച്ചപ്പാടുകള്‍ക്കും നിരക്കാത്തതായതിനാല്‍ മാഗസിന്‍ പിന്‍വലിക്കുകയാണെന്നായിരുന്നു’ പ്രസ്താവനയില്‍ പ്രിന്‍സിപ്പല്‍ പറഞ്ഞത്.

എന്നാല്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രചരിപ്പിക്കുന്നതുപോലെ മതവികാരം വ്രണപ്പെടുത്തുന്ന ഒന്നും മാഗസിനില്‍ ഇല്ലെന്ന് മാഗസിന്‍ എഡിറ്റര്‍ ഋത്വിക് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

”നവോത്ഥാനം, ഭരണഘടന, ലിംഗസമത്വം, ആര്‍ത്തവ അയിത്തം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും മാഗസിനില്‍ പ്രതിപാദിച്ചിരിക്കുന്നത്. ശബരിമല വിധിയുമായുള്ള ബന്ധപ്പെട്ടുള്ള ഒരു ലേഖനവും ഉണ്ടായിരുന്നു. സുപ്രീം കോടതി വിധിയെ കുറിച്ചും തുടര്‍ന്ന് നടന്ന ചര്‍ച്ചകളെ കുറിച്ചും സമരങ്ങളെ കുറിച്ചുമെല്ലാം ലേഖനത്തില്‍ പറയുന്നുണ്ട്. തുറന്ന ചര്‍ച്ചകള്‍ക്കുള്ള ഇടമാവട്ടെ ഈ വിധി എന്ന് പറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത്.

ഈയൊരു ലേഖനത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ സംഘപരിവാറുകാര്‍ പ്രശ്‌നം ഉയര്‍ത്തിയത്. ലേഖനത്തില്‍ അയ്യപ്പനെ മോശമായി ചിത്രീകരിച്ചുവെന്നാണ് അവര്‍ പറയുന്നത്. അങ്ങനെയൊരു സംഭവമേയില്ല. ബിന്ദുവിനേയും കനകദുര്‍ഗയേയും നവോത്ഥാന നായികമാരായി കാണിച്ചുവെന്നും പറയുന്നുണ്ട്. എന്നാല്‍ അങ്ങനെയല്ല. അവരുടെ ചിത്രം ലേഖനത്തിലുണ്ട്. അവരുടെ പേര് ഒരു തവണ മാത്രമാണ് ആ ലേഖനത്തില്‍ പറയുന്നത്. ഋത്വിക് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

മറ്റ് നവോത്ഥാന നായകന്‍മാരെ ലേഖനത്തില്‍ കളിയാക്കിയെന്നാണ് സംഘപരിവാറിന്റെ മറ്റൊരു വാദം. നവോത്ഥാന നായകരുടെ പോരാട്ടത്തെ കുറിച്ചാണ് ആ ലേഖനത്തില്‍ പറയുന്നത്. ലേഖനം വായിച്ചുപോലും നോക്കാതെയാണ് അവര്‍ ഇത് പറയുന്നത്. ശാരദക്കുട്ടി ടീച്ചര്‍, സണ്ണി എം. കപിക്കാട്, ശ്രീജിത് ദിവാകരന്‍ തുടങ്ങിയവരുടെ അഭിമുഖങ്ങളും ആര്‍പ്പോ ആര്‍ത്തവവുമായി ബന്ധപ്പെട്ട കുറിപ്പുമെല്ലാം മാഗസിനിലുണ്ട്. ഇതൊക്കെയാണ് അവര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍.

മതവികാരം വ്രണപ്പെട്ടുവെന്നാണ് ഇവര്‍ പറയുന്നത്. വ്രണപ്പെടാന്‍ എന്താണ് മാഗസിനില്‍ ഉള്ളതെന്ന് മാത്രം മനസിലാകുന്നില്ല. കേസുകൊടുക്കുമെന്ന് അവര്‍ പറയുന്നു. കേസ് കൊടുക്കട്ടെ. കാരണം ഭരണഘടന പ്രകാരം ഞങ്ങളെ ശിക്ഷിക്കാന്‍ കഴിയില്ല. കാരണം ആ മാഗസിന്‍ വായിക്കുന്ന ഒരാളുടെ മതവികാരം വ്രണപ്പെടില്ല. – ഋത്വിക് പറഞ്ഞു.

ഹിന്ദു ഐക്യവേദി പ്രതിഷേധവും മറ്റും സംഘടിപ്പിച്ചതോടെ കോളേജ് അധികൃതര്‍ പ്രതിസന്ധിയിലായെന്നും അതുകൊണ്ടാണ് മാഗസിന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

” ക്രിസ്ത്യന്‍ പേരുള്ള കോളേജാണ്. എന്നാല്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റല്ല. അതുമായി ബന്ധപ്പെടുത്തി ഇതിനെ ചിത്രീകരിക്കാനും സംഘപരിവാറിന് സാധിച്ചിട്ടുണ്ട്. പള്ളി പ്രശ്‌നവും മുത്തലാഖും ഞങ്ങള്‍ പറയുന്നില്ലെന്നാണ് അവര്‍ പറയുന്നത്. ആ ഒരു ഭയത്തില്‍ നിന്നാണ് കോളേജ് ഇത് ഞങ്ങളുടെ നിലപാടല്ല എന്ന് പറഞ്ഞ് പിന്‍മാറിയത്. മാഗസിന്‍ ഇപ്പോഴും ഓണ്‍ലൈനില്‍ ലഭ്യമാണ്. ഓണ്‍ലൈനില്‍ നിന്നും നീക്കിയിട്ടില്ല. നീക്കം ചെയ്യാനും ഉദ്ദേശിച്ചിട്ടില്ല. വേണമെങ്കില്‍ കോളേജിന്റെ പേര് മാത്രം മാറ്റുമെന്നും” ഋത്വിക് പറഞ്ഞു.

മാഗസിന്‍ പിന്‍വലിച്ച സാഹചര്യത്തില്‍ മാഗസിന്‍ എഡിറ്ററെ അറസ്റ്റ് ചെയ്യണമെന്നതാണ് ഹിന്ദു ഐക്യവേദിയുടെ ഇപ്പോഴത്തെ ആവശ്യം.
ഈ ആവശ്യവുമായി ബന്ധപ്പെട്ട് കോതമംഗലം സ്റ്റേഷനില്‍ ഹിന്ദു ഐക്യവേദി പരാതി നല്‍കിയിട്ടുമുണ്ട്.

കനകദുര്‍ഗയേയും ബിന്ദു അമ്മിണിയേയും നവോത്ഥാന നായികമാര്‍ എന്നു ചിത്രീകരിക്കുന്ന മാഗസിന്‍ ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരേ വിഷം തുപ്പുകയാണെന്നാണ് ഹിന്ദു ഐക്യവേദിയുടെ ആരോപണം.

വിദ്യാര്‍ത്ഥികളെ കൊണ്ട് മനഃപൂര്‍വം ഇത്തരം ലേഖനങ്ങള്‍ എഴുതിപ്പിച്ച് മാഗസിന്‍ പ്രസിദ്ധപ്പെടുത്തുകയാണ് എംഎ കോളേജ് മാനേജ്മെന്റ് ചെയ്തിരിക്കുന്നതെന്നാണ് കെ.പി ശശികലയുടെ ആരോപണം.

”കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജില്‍ പൂത്തിറങ്ങിയ ആയിരം കാന്താരി ഞങ്ങള്‍ ഹൈന്ദവ ഭക്തര്‍ നിങ്ങളില്‍ ആരുടെ -ലാണ് അരച്ചു തേക്കേണ്ടത്? മാനേജ്മെന്റ് നിയന്ത്രിക്കുന്ന പള്ളിപ്പാതിരിമാരുടെ? പ്രിന്‍സിപ്പലിന്റെ? സ്റ്റാഫ് എഡിറ്ററുടെ? സ്റ്റുഡന്റ്സ് എഡിറ്ററുടെ? പത്രാധിപ സമിതിയുടെ?

കുട്ടികളേ, നിങ്ങള്‍ ചൂടു ചോറു മാന്തുമ്പോള്‍ ചിരിക്കുന്നവരെ നിങ്ങള്‍ കാണുന്നില്ലേ? എന്തേ ഒരു മതത്തിനു നേരെ മാത്രം എന്നു വിളിച്ചു ചോദിക്കാന്‍ നിങ്ങളുടെ നാവുകള്‍ക്കാവത്തതെന്തേ? ന്യൂനപക്ഷ പദവിയുണ്ടെങ്കില്‍ ഭൂരിപക്ഷത്തെ ചവിട്ടിമെതിക്കാം എന്നാണോ? ചോദ്യങ്ങള്‍ നിര്‍ത്തുന്നു. ഈ തെമ്മാടിത്തരം അവസാനിക്കണം. ഞങ്ങളുടെ വേദന നിങ്ങളറിയില്ലെങ്കില്‍ ഞങ്ങളുടെ ശക്തിയെങ്കിലും നിങ്ങള്‍ അറിയണം. അറിഞ്ഞേ പറ്റൂ. ആ മാഗസിന്‍, ഉടനടി പിന്‍വലിക്കണം, മതവികാരം വ്രണപ്പെടുത്തിയതിന് മാഗസിന്‍ എഡിറ്ററുടെ പേരില്‍ കേസെടുക്കണം. ഹൈന്ദവ ഭക്തരുടെ നെഞ്ചത്ത് വേണ്ട നിങ്ങളുടെ എഞ്ചിനീയറിംഗ്.’- എന്നായിരുന്നു ശശികല ഫേസ്ബുക്കില്‍ കുറിച്ചത്.

മാഗസിന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

We use cookies to give you the best possible experience. Learn more