| Thursday, 25th July 2019, 10:28 pm

സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് പിന്‍വലിച്ച കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ മാഗസിന്‍ ഡിജിറ്റല്‍ പതിപ്പ് വായിക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോതമംഗലം: സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് പിന്‍വലിച്ച കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ മാഗസിന്‍ ഡിജിറ്റല്‍ പതിപ്പ് പുറത്തിറങ്ങി ‘ആന കേറാമല, ആട് കേറാ മല ആയിരം കാന്താരി പൂത്തിറങ്ങി’ എന്ന പേരില്‍ നാല് മാസം മുന്‍പ് പുറത്തിറക്കിയ മാഗസിനെതിരെയാണ് ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയത്.

മാഗസിൻ ഓൺലൈനിൽ ലഭ്യമാണെന്നും അത് പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മാഗസിൻ എഡിറ്റർ ഋത്വിക് നേരത്തെ ഡൂൾ ന്യൂസിനോട് പ്രതികരിച്ചിരുന്നു.

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ കോളേജ് മാഗസിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയതിന് പിന്നാലെ മാഗസിന്‍ കോളേജ് മാനേജ്മെന്റ് പിന്‍വലിച്ചിരുന്നു.

മാഗസിനിലെ ഒരു ലേഖനം ശബരിമലയേയും അയ്യപ്പനേയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും മാഗസിന്‍ പിന്‍വലിക്കണമെന്നുമായിരുന്നു സംഘപരിവാറിന്റെ ആവശ്യം. ഇതിന് പിന്നാലെ മാഗസിന്‍ പിന്‍വലിക്കുന്നതായി പ്രിന്‍സിപ്പല്‍ പ്രസ്താവന ഇറക്കുകയായിരുന്നു.

‘മാഗസിനില്‍ വന്നിരിക്കുന്ന ചില പരാമര്‍ശങ്ങള്‍ കോളേജിന്റെ ആശയങ്ങള്‍ക്കും കാഴ്ച്ചപ്പാടുകള്‍ക്കും നിരക്കാത്തതായതിനാല്‍ മാഗസിന്‍ പിന്‍വലിക്കുകയാണെന്നായിരുന്നു’ പ്രസ്താവനയില്‍ പ്രിന്‍സിപ്പല്‍ പറഞ്ഞത്.

എന്നാല്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രചരിപ്പിക്കുന്നതുപോലെ മതവികാരം വ്രണപ്പെടുത്തുന്ന ഒന്നും മാഗസിനില്‍ ഇല്ലെന്ന് മാഗസിന്‍ എഡിറ്റര്‍ ഋത്വിക് ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.

കനകദുര്‍ഗയേയും ബിന്ദു അമ്മിണിയേയും നവോത്ഥാന നായികമാര്‍ എന്നു ചിത്രീകരിക്കുന്ന മാഗസിന്‍ ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരേ വിഷം തുപ്പുകയാണെന്നാണ് ഹിന്ദു ഐക്യവേദിയുടെ ആരോപണം.

വിദ്യാര്‍ത്ഥികളെ കൊണ്ട് മനഃപൂര്‍വം ഇത്തരം ലേഖനങ്ങള്‍ എഴുതിപ്പിച്ച് മാഗസിന്‍ പ്രസിദ്ധപ്പെടുത്തുകയാണ് എംഎ കോളേജ് മാനേജ്‌മെന്റ് ചെയ്തിരിക്കുന്നതെന്നാണ് കെ.പി ശശികലയുടെ ആരോപണം.

മാഗസിന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

We use cookies to give you the best possible experience. Learn more