| Saturday, 22nd July 2023, 8:40 am

ദുൽഖറിന്റെ ഉള്ളിൽ എവിടെയോ ഒരു സംവിധായകനുണ്ട്; പുള്ളി സിനിമയിലേക്ക് വരുമെന്നാരും വിചാരിച്ചില്ല: മഖ്‌ബൂൽ സൽമാൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുൽഖറിന്റെ ഉള്ളിൽ ഒരു സംവിധായകൻ ഉണ്ടാകുമെന്ന് നടൻ മഖ്‌ബൂൽ സൽമാൻ. ചെറുപ്പത്തിൽ താനും ദുൽഖറും വീഡിയോകൾ എടുക്കാറുണ്ടായിരുന്നെന്നും പക്ഷെ ദുൽഖർ സിനിമയിലേക്ക് വരുമെന്നാരും പ്രതീക്ഷിച്ചിരുന്നില്ലെന്നും മഖ്‌ബൂൽ പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഖ്‌ബൂൽ.

‘പണ്ട് ഞങ്ങൾക്ക് ഹാൻഡി കാം ആദ്യമായി കയ്യിൽ കിട്ടിയപ്പോൾ ഒരു വീഡിയോ എടുത്തിരുന്നു. കുളത്തിലേക്ക് ചാടുകയും പിന്നീട് കുളത്തിലേക്ക് കല്ലെടുത്തിട്ടിട്ട് അതിന്റെ എഫക്ട് ഉണ്ടാക്കുക അങ്ങനെയുള്ള കുരുത്തക്കേടുകൾ ചെയ്തിട്ടുണ്ട്. അത് അവനു മാത്രം തോന്നിയ ഐഡിയയാണ്, ഞങ്ങൾ ഒന്നും അങ്ങനെ ചിന്തിക്കില്ല. കാരണം വെള്ളത്തിലേക്ക് കല്ലെടുത്തിട്ടാൽ ചാടിയ എഫക്ട് കിട്ടുമെന്ന് നമ്മളാരും ചിന്തിക്കുന്നില്ല. എനിക്ക് തോന്നുന്നു എവിടെയെങ്കിലും ഒരു ഡയറക്ടർ കാണും അവന്റെയുള്ളിൽ.

ഞാനോ അല്ലെങ്കിൽ ഞങ്ങളുടെ കുടുംബത്തിലുള്ളവരോ വിചാരിച്ചില്ല ദുൽഖർ സിനിമയിലേക്ക് വരുമെന്ന്. ദുൽഖറിന് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നൊന്നും ഞങ്ങൾ ആരും കേട്ടിട്ടില്ല. ഒന്നില്ലെങ്കിൽ ബിസിനസ് അല്ലെങ്കിൽ കാമറയുടെ പിന്നണിയിൽ പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഇടക്കൊക്കെ ഞങ്ങൾ സംസാരിക്കുമ്പോൾ പറയുന്നത് കേട്ടിട്ടുണ്ട് പിന്നണിയിൽ പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്ന്,’ മഖ്‌ബൂൽ പറഞ്ഞു.

അഭിമുഖത്തിൽ തന്റെ അഭിനയ ജീവിതത്തെ പറ്റിയും മഖ്‌ബൂൽ സംസാരിച്ചു. കസബ എന്ന ചിത്രത്തിന് ശേഷമാണ് താൻ കൂടുതൽ നന്നായി സിനിമകൾ തെരഞ്ഞെടുക്കാൻ തുടങ്ങിയതെന്നും സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ വലിപ്പ ചെറുപ്പം നോക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ആഗ്രഹം കൊണ്ട് മാത്രം സിനിമയിൽ വന്നയാളാണ് ഞാൻ. ഞാൻ തീരെ സെലക്ടീവ് അല്ലായിരുന്നു. എന്റെ വഴിയിൽ വന്ന സിനിമകൾ എല്ലാം ഞാൻ ചെയ്യുമായിരുന്നു. കുറച്ചുകൂടി സീരിയസ് ആയത് കസബക്ക് ശേഷമാണ്. അതിൽ എനിക്ക് കൃത്യമായ ബ്രീഫ് കിട്ടിയിരുന്നു. സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ ഞാൻ വലിപ്പ ചെറുപ്പം നോക്കാറില്ല. എനിക്ക് മെയിൻ ലീഡ് ചെയ്യണമെന്നുള്ള നിർബന്ധമൊന്നുമില്ല,’ മഖ്‌ബൂൽ സൽമാൻ പറഞ്ഞു.

Content Highlights: Maqbul Salmaan on Dulquer Salmaan

We use cookies to give you the best possible experience. Learn more