| Tuesday, 18th July 2023, 3:21 pm

ഷോട്ടിലേക്ക് കയറിയപ്പോള്‍ ആക്ഷന്‍ പറയുന്ന സൗണ്ട് മാറി, നോക്കുമ്പോള്‍ മോണിറ്ററിന്റെ പിറകില്‍ മൂത്താപ്പ: മഖ്ബൂല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കസബയില്‍ തന്റെ സീന്‍ സംവിധാനം ചെയ്തത് മമ്മൂട്ടിയാണെന്ന് പറയുകയാണ് നടനും അദ്ദേഹത്തിന്റെ സഹോദരപുത്രനുമായ മഖ്ബൂല്‍. കസബ എന്ന സിനിമയിലെ കോളേജ് സീനാണ് മമ്മൂക്ക ഡയറക്ട് ചെയ്തതെന്നും തന്നെ കംഫേര്‍ട്ടാക്കാന്‍ രണ്ട് ദിവസം മുമ്പ് തന്നെ സെറ്റില്‍ കൊണ്ടുപോയിരുന്നു എന്നും മഖ്ബൂല്‍ പറഞ്ഞു.

‘കസബയിലാണ് ഞങ്ങള്‍ ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ആ ചിത്രം ചെയ്യുമ്പോള്‍ തന്നെ എനിക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നു. സാധാരണ മറ്റ് സിനിമകളെ പോലെയല്ല, ആദ്യമായി ഞാന്‍ ഒരു സൂപ്പര്‍ സ്റ്റാറുമായി സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്നത് കസബയിലാണ്.

എന്നെ ഒന്ന് കംഫേര്‍ട്ടാക്കാന്‍ വേണ്ടി രണ്ട് മൂന്ന് ദിവസം മുമ്പേ ലൊക്കേഷനില്‍ കൊണ്ടുപോയി. മൂത്താപ്പ എത്തുന്നതിന് മുമ്പേ എന്റെ ഒന്നുരണ്ട് സീനുകള്‍ എടുത്തിരുന്നു. അപ്പോഴെല്ലാം ഞാന്‍ ഓക്കെയായിരുന്നു. ഇനി മൂത്താപ്പ വന്നാല്‍ പേടിയൊന്നുമില്ല എന്ന രീതിയിലായിരുന്നു ഞാന്‍.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

എന്നെ കോളേജില്‍ നിന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതാണ് ഫസ്റ്റ് ഷോട്ട്. ജദഗീഷേട്ടനായുള്ള സ്ട്രഗിളിന് ശേഷം എന്നെ വന്ന് അടിച്ചിട്ട് കൊണ്ടുപോകുന്ന സീന്‍ ആണത്. അതുവരെ നിധിനാണ് ഡയറക്ട് ചെയ്തുകൊണ്ടിരുന്നത്. ഞാന്‍ ഷോട്ടിലേക്ക് കയറിയപ്പോള്‍ ആക്ഷന്‍ പറയുന്ന സൗണ്ട് ഒന്ന് മാറി. ഞാന്‍ നോക്കുമ്പോള്‍ മോണിറ്ററിന്റെ പിറകില്‍ ഇരിക്കുന്നത് മൂത്താപ്പയാണ്. അപ്പോള്‍ തന്നെ എന്റെ കംപ്ലീറ്റ് കയ്യീന്ന് പോയി.

ഷോട്ടില്‍ തല്ലുന്നത് ശരിയാകുന്നില്ല. എന്റെ മുമ്പില്‍ ജഗദീഷേട്ടനാണ് ഉള്ളത്. ജഗദീഷേട്ടനെ പോലെ ലെജന്‍ഡറി ആക്ടറിന്റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ തല്ലുമ്പോള്‍ കൊള്ളുമോ, എന്തെങ്കിലും പറ്റുമോ, എന്റെ ടൈമിങ് തെറ്റുമോ എന്ന ടെന്‍ഷനായിരുന്നു. ഇങ്ങനെ സൈഡ് മാറി അടിക്ക് എന്നെല്ലാം പറഞ്ഞുതന്നത് മൂത്താപ്പയാണ്.

പിന്നെ ഒരു ഷോട്ടില്‍ എന്റെ ഡയലോഗ് രണ്ട് മൂന്ന് തവണ തെറ്റിപ്പോയി. ഇനി അടുത്ത തവണ തെറ്റിയാല്‍ ഞാന്‍ എഴുന്നേറ്റ് പോകും എന്നാണ് എന്നോട് പറഞ്ഞത്,’ മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ മഖ്ബൂല്‍ പറഞ്ഞു.

ഇതിന് ശേഷം മാസ്റ്റര്‍പീസിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

‘പിന്നെ രണ്ടാമത് മാസ്റ്റര്‍പീസ് വന്നു. മാസ്റ്റര്‍പീസില്‍ മൂത്താപ്പ കുറച്ചുകൂടി കൂള്‍ ആയിരുന്നു. കോളേജിന്റെ അന്തരീക്ഷവും നമ്മള്‍ എട്ട് പേരും എല്ലാംകൂടി രസമായിരുന്നു. കസബയേക്കാള്‍ കുറച്ചുകൂടി ചെറുപ്പമായിട്ടാണ് മാസ്റ്റര്‍പീസില്‍ അഭിനയിച്ചത്,’ മഖ്ബൂല്‍ കൂട്ടിച്ചേര്‍ത്തു.

Content highlight: Maqbool Salman about Mammootty

We use cookies to give you the best possible experience. Learn more