സിനിമയില്ലാതിരിക്കുന്ന സമയത്ത് മറ്റെന്തിനെങ്കിലും ശ്രമിച്ചുകൂടേ എന്ന ചോദ്യം അഭിമുഖീകരിച്ചിട്ടുണ്ടെന്ന് പറയുകയാണ് നടന്‍ മഖ്ബൂല്‍ സല്‍മാന്‍. എന്നാല്‍ പിതാവ് വളരെ സപ്പോര്‍ട്ടീവായിരുന്നുവെന്നും ശുഭാപ്തി വിശ്വാസത്തോടെയാണ് സമീപിച്ചിരുന്നത് എന്നും മഖ്ബൂല്‍ പറഞ്ഞു.
കരിയറിന്റെ തുടക്കകാലങ്ങളില്‍ സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കുമ്പോള്‍ ഇപ്പോള്‍ സിനിമയൊന്നുമില്ലേ എന്ന് വാപ്പച്ചി ചോദിക്കാറുണ്ടായിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയവെയാണ് മഖ്ബൂല്‍ ഇക്കാര്യം പറഞ്ഞത്.
‘ഇത് ഉമ്മച്ചി എന്നോട് ചോദിക്കാറുണ്ട്. ഇതിപ്പോള്‍ ദുല്‍ഖറിനോട് വരെ ചോദിച്ചിട്ടുണ്ട്. അപ്പോള്‍ എന്റെയടുത്ത് എന്തായാലും ചോദിക്കില്ലേ. ഒരു മാസമൊക്കെ ഞാന്‍ വര്‍ക്കൊന്നുമില്ലാതെ വീട്ടില്‍ ഇരുന്നുകഴിഞ്ഞാല്‍ നിനക്ക് വേറെ എന്തെങ്കിലും നോക്കിക്കൂടേ, അടുത്ത സിനിമ വരുമ്പോള്‍ ചെയ്താല്‍ പോരേ അതുവരെ ഇങ്ങനെ ഇരിക്കണോ എന്നൊക്കെ ചോദിക്കാറുണ്ട്.
ഇല്ല, ഷൂട്ടുണ്ട്. ഒരുമാസം എടുക്കും, എല്ലാം കൂടി ചെയ്യേണ്ടല്ലോ എന്ന് കരുതിയാണ് ഇരിക്കുന്നത് എന്നൊക്കെ പറഞ്ഞ് ഞാന്‍ സമാധാനിപ്പിക്കും,’ മഖ്ബൂല്‍ പറഞ്ഞു.
പിതാവ് വളരെയധികം പിന്തുണക്കാറുണ്ടെന്നും മഖ്ബൂല്‍ അഭിമുഖത്തില്‍ പറഞ്ഞു.
‘എന്നെ എപ്പോഴും സപ്പോര്‍ട്ട് ചെയ്യാുള്ള ആളാണ്. നിനക്ക് വേറെ പരിപാടി നോക്കണ്ട എന്നാണെങ്കില്‍ വേണ്ട. ഇത്രയും ട്രൈ ചെയ്തില്ലേ, സിനിമയില്‍ എത്തിയില്ലേ, ഒരു ബ്രേക്ക് കിട്ടാന്‍ വലിയ താമസമൊന്നുമില്ല. നല്ലത് നോക്കി ചെയ്താല്‍ മതി, ടൈം ആവുന്നേ ഉള്ളൂ എന്നൊക്കെ പറയും,’ മഖ്ബൂല്‍ കൂട്ടിച്ചേര്‍ത്തു.
കിര്‍ക്കനാണ് മഖ്ബൂലിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമ. നവാഗതനായ ജോഷ് ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
മഖ്ബൂലിന് പുറമെ സലിംകുമാര്‍, ജോണി അന്റണി, അപ്പാനി ശരത്ത്, വിജയരാഘവന്‍, കനി കുസൃതി, അനാര്‍ക്കലി മരിക്കാര്‍, മീരാ വാസുദേവ്, ജാനകി മേനോന്‍, ശീതള്‍ ശ്യാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഗൗതം ലെനിന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് രോഹിത് വി എസ് വാര്യത്താണ്. ജ്യോതിഷ് കാശി, ആര്‍.ജെ അജീഷ് സാരംഗി, സാഗര്‍ ഭാരതീയം എന്നിവരുടെ വരികള്‍ക്ക് മണികണ്ഠന്‍ അയ്യപ്പയാണ് സംഗീതവും പശ്ചാത്തലസംഗീതവും പകര്‍ന്നിരിക്കുന്നത്.