മാപ്പിളപ്പാട്ട് ഗായകന്‍ എം. കുഞ്ഞിമൂസ അന്തരിച്ചു; വിടവാങ്ങിയത് യാ ഇലാഹീയും ദറജപ്പൂവും പാടിയ പാട്ടുകാരന്‍
Kerala News
മാപ്പിളപ്പാട്ട് ഗായകന്‍ എം. കുഞ്ഞിമൂസ അന്തരിച്ചു; വിടവാങ്ങിയത് യാ ഇലാഹീയും ദറജപ്പൂവും പാടിയ പാട്ടുകാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th September 2019, 9:51 am

കോഴിക്കോട്: പഴയകാല മുന്‍നിര മാപ്പിളപ്പാട്ട് ഗായകനും സംഗീത സംവിധായകനുമായ വടകര എം. കുഞ്ഞിമ്മൂസ അന്തരിച്ചു. 90വയസ്സായിരുന്നു പ്രായം. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. തലശ്ശേരി മൂലക്കാലില്‍ കുടുംബാംഗമാണ്. വടകര മൂരാടാണ് താമസം.

1970 മുതല്‍ മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു. ‘കതിര്‍ കത്തും റസൂലിന്റെ’, ‘യാ ഇലാഹീ’, ‘ഖോജരാജാവേ’, ‘ദറജപ്പൂ’ തുടങ്ങി പാട്ടുകളിലൂടെ ശ്രദ്ധേയനായി. ഹിറ്റായ നൂറുകണക്കിന് പാട്ടുകള്‍പാടിയിട്ടുണ്ട്. ആകാശവാണിയിലെ സ്ഥിരം ഗായകനായിരുന്നു.

സ്വന്തമായി പാട്ടുകള്‍ എഴുതുകയും സംഗീതം നല്‍കുകയും ചെയ്തിട്ടുണ്ട്. തലശേരിയില്‍ ചുമട്ടുതൊഴിലാളിയായിരിക്കേ കെ. രാഘവന്‍ മാസ്റ്ററുടെ പിന്തുണയിലാണ് ഗാനരംഗത്ത് സജീവമായത്.

പ്രശസ്തനായി നില്‍ക്കവേ അദ്ദേഹം ബഹ്‌റിനിലേക്ക് പോയി. ദീര്‍ഘകാലം പ്രവാസിയായിരുന്നു. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. യുവഗായകന്‍ താജുദ്ദീന്‍ വടകര മകനാണ്. താജുദ്ദീന്‍ അടക്കം എട്ട് മക്കളാണുള്ളത്. പരേതനായ ഗസല്‍ ഗായകന്‍ എം.എ ഖാദര്‍ സഹോദരനാണ്. ഖബറടക്കം ഇന്ന് വൈകീട്ട് വടകരയില്‍ നടക്കും.