ലഖ്‌നൗ: കേന്ദ്ര ഭരണപ്രദേശങ്ങളായ ജമ്മു കശ്മീരിനേയും ലഡാക്കിനേയും ഒഴിവാക്കിയ ഇന്ത്യയുടെ വിവാദ ഭൂപടം പ്രസിദ്ധീകരിച്ച സംഭവത്തില്‍ ട്വിറ്റര്‍ ഇന്ത്യ എം.ഡിക്കെതിരെ കേസെടുത്ത് യു.പി. പൊലീസ്.
ബജ്രംഗ്ദള്‍ നേതാവ് നല്‍കിയ പരാതിയിലാണ് യു.പി. പൊലീസ് കേസെടുത്തത്. ശത്രുതയും വിദ്വേഷവും സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഐ.ടി. നിയമം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
നേരത്തെ സംഭവം വിവാദമായതോടെ ജമ്മു കശ്മീരിനേയും ലഡാക്കിനേയും ഒഴിവാക്കിയ ഇന്ത്യയുടെ വിവാദ ഭൂപടം ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു.. ട്വിറ്ററിനെതിരെ കേന്ദ്രം കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കുമെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് ഭൂപടം ട്വിറ്റര്‍ ഒഴിവാക്കിയത്.
എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ട്വിറ്റര്‍ നല്‍കിയിട്ടില്ല. കഴിഞ്ഞ കുറെ നാളുകളായി കേന്ദ്ര സര്‍ക്കാരുമായി സ്വകാര്യതാ നയം സംബന്ധിച്ച് വലിയ പോര് നടക്കുന്നതിനിടയിലുള്ള ട്വിറ്ററിന്റെ പുതിയ നടപടി വലിയ വാര്‍ത്തയായിരുന്നു.
ഇതാദ്യമായിട്ടല്ല ട്വിറ്റര്‍ ഇന്ത്യയുടെ ഭൂപടത്തില്‍ നിന്ന് കശ്മീരിനെ ഒഴിവാക്കുന്നത്. ജമ്മു കശ്മീരിലെ ലേ ജിയോ ലൊക്കേഷനില്‍ ട്വിറ്റര്‍ ചൈനയുടെ ഭാഗമായി കാണിച്ചതില്‍ കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ശക്തമായ എതിര്‍പ്പറിയിച്ച് ട്വിറ്റര്‍ സി.ഇ.ഒയ്ക്ക് കത്തയച്ചിരുന്നു.
സാമൂഹികമാധ്യങ്ങള്‍ ഇന്ത്യയില്‍ പരാതിപരിഹാര ഓഫീസര്‍, നോഡല്‍ ഓഫീസര്‍ എന്നിവരെ മേയ് 26-ഓടെ നിയമിക്കണമെന്ന് ഫെബ്രുവരിയില്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ഐ.ടി. മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. പുതിയ നിയമങ്ങള്‍ മേയ് 26-ന് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
എന്നാല്‍ ട്വിറ്റര്‍ ആദ്യം ഇതിന് വഴങ്ങിയിരുന്നില്ലെങ്കിലും പിന്നീട് ചീഫ് കംപ്ലെയന്‍സ് ഓഫീസറെ നിയമിച്ചിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Map excluding Kashmir and Ladakh; UP police files case against Twitter India MD